ഗവ. കരാറുകാർ ഏഴിന് പണിമുടക്കും

കൊല്ലം: കരാർ മേഖലയിലെ പ്രതിസന്ധിക്കെതിരെ കേരള ഗവ. കോൺട്രാക്ടേഴ്സ് ഏകോപനസമിതിയുടെ നേതൃത്വത്തിൽ ഗവ. കരാറുകാർ ഏഴിന് സംസ്ഥാനത്ത് പണിമുടക്കും. നിർമാണ ചെലവുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഏറ്റെടുത്ത പ്രവൃത്തികൾ പൂർത്തിയാക്കാനോ പുതിയ പ്രവൃത്തികൾ ഏറ്റെടുക്കാനോ കഴിയാത്ത സ്ഥിതിയാണുള്ളതെന്ന്​ ബിൽഡേഴ്​സ്​ അസോസിയേഷൻ ഓഫ്​ ഇന്ത്യ സംസ്ഥാന ചെയർമാൻ നജീബ്​ മണ്ണേൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഏകോപനസമിതി നേതാക്കൾ ധന, പൊതുമരാമത്ത്​ മന്ത്രിമാരുമായി നടത്തിയ ചർച്ചയിൽ അനുഭാവപൂർവമായ നിലപാടാണ്​ സ്വീകരിച്ചതെങ്കിലും ഉദ്യോഗസ്ഥതലത്തിൽ നടപടികളൊന്നും ഉണ്ടായില്ല. ടാറിന് അനുവദിച്ച നഷ്ടപരിഹാരം പോലും ലഭിക്കുന്നില്ല. സിമന്‍റ്​, സ്റ്റീൽ, പൈപ്പുകൾ തുടങ്ങിയവയുടെ നഷ്ടപരിഹാരത്തിനും ജി.എസ്.ടി നടപ്പാക്കിയപ്പോഴുള്ള നഷ്ടം നികത്താനുള്ള ഉത്തരവും നടപ്പാക്കിയിട്ടില്ല. അതോറിറ്റികൾ, ബോർഡു കൾ, കോർപറേഷനുകൾ തുടങ്ങിയവയുടെ പ്രവർത്തികളിന്മേലുള്ള ജി.എസ്.ടി 12ൽ നിന്നും 18 ശതമാനമാക്കിയപ്പോഴും കരാറുകാർക്ക് വലിയ നഷ്ടമുണ്ടായി. വിപണിവിലകളുടെ അടിസ്ഥാനത്തിൽ കരാർ തുകകളും മാറ്റുന്ന വിലവ്യതിയാന വ്യവസ്ഥ എല്ലാകരാറുകളിലും മുൻകാല പ്രാബ്യലത്തോടുകൂടി ഏർപ്പെടുത്തണം. 21 ഇന അവകാശരേഖയിൽ അനുകൂല നടപടികൾ ഉണ്ടാകുന്നില്ലെങ്കിൽ അനിശ്ചിതകാല സമരത്തിന് നിർബന്ധിതരാകുമെന്നും അദ്ദേഹം അറിയിച്ചു. സുരേഷ്​ പാലക്കോട്​, നൗഷാദ്​ മണ്ണേൽ, ഡി. ഹരി, മൻമഥൻപിള്ള എന്നിവരും വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.