ചന്ദ്രശേഖരനെ മാറ്റി അഡ്ഹോക്​ കമ്മിറ്റി രൂപവത്​കരിക്കണം-അഫിലിയേറ്റഡ്​ ഐ.എൻ.ടി.യു.സി യൂനിയനുകൾ

കൊല്ലം: ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്‍റ്​ തെരഞ്ഞെടുപ്പിന്റെ തുടർ നടപടികൾ എറണാകുളം മുൻസിഫ് കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിൽ സംസ്ഥാന പ്രസിഡന്‍റ് ആർ. ചന്ദ്രശേഖരനെ മാറ്റിനിർത്തി അഡ്ഹോക്​ കമ്മിറ്റിക്ക് രൂപം നൽകണമെന്ന്​ അഫിലിയേറ്റഡ്​ ഐ.എൻ.ടി.യു.സി യൂനിയനുകൾ. ഈ ആവശ്യം ഉന്നയിച്ച്​ അഖിലേന്ത്യ പ്രസിഡന്റ് സഞ്​ജീവ റെഡ്​ഡിക്ക്​ നിവേദനം നൽകിയതായി സംയുക്ത ഐ.എ.ൻ.ടി.യു.സി അഫിലിയേറ്റ്​ യൂനിയൻ നേതാക്കൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. വൈദ്യുതി ബോർഡിലെ ഐ.എൻ.ടി.യു.സി യൂനിയനെ ഹിതപരിശോധനയിൽ പരാജയപ്പെടുത്തുന്നതിന്​ സി.പി.ഐ (എം.എൽ) യൂനിയനുമായി ചേർന്ന ചന്ദ്രശേഖരന്​ പ്രവർത്തകർ മാപ്പുതരില്ലെന്ന്​ അവർ പറഞ്ഞു. ജില്ല, സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ കൃത്രിമം നടത്തിയാണ്​ ചന്ദ്രശേഖരനും അദ്ദേഹത്തെ അനുകൂലിക്കുന്നവരും ജയിച്ചത്​. യഥാർഥത്തിൽ രണ്ടു ലക്ഷം പേർ പോലുമില്ലാത്ത ഐ.എൻ.ടി.യു.സിക്ക് 18 ലക്ഷം തൊഴിലാളികളുണ്ടെന്ന് അവകാശപ്പെടുന്നത്​ ഇത്തരത്തിലുള്ള കടലാസ്​ യൂനിയനുകളുടെ പേരിലാണ്​. കൊല്ലം ജില്ലയിലും ഇത്തരം അട്ടിമറി നടന്നതായി അവർ ചൂണ്ടിക്കാട്ടി. വാർത്ത സമ്മേളനത്തിൽ ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി അഡ്വ. ഇ. യൂസഫ്​ കുഞ്ഞ്​, വൈസ്​ പ്രസിഡന്‍റ്​ അഡ്വ. കല്ലട കുഞ്ഞുമോൻ, സംസ്ഥാന ജില്ല ഭാരവാഹികളായിരുന്ന സുഭാഷ് കലവറ, കുന്നത്തൂർ പ്രസാദ്, വലിയവിള വേണു, കുരീപുഴ വിജയൻ, പരവൂർ ഹക്കിം, കൊട്ടിയം ഗോപൻ, മനക്കര സാലി എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.