ദേശീയപാത സ്ഥലം ഏറ്റെടുക്കല്‍: 1384 കോടി നഷ്ടപരിഹാരം നല്‍കി

ചിത്രം - കൊല്ലം: ദേശീയപാത വികസനത്തിന്‍റെ ഭാഗമായി ഏറ്റെടുത്ത ഭൂമിക്കുള്ള നഷ്ടപരിഹാരമായി 1,384 കോടി രൂപ വിതരണം ചെയ്തു. വിതരണം തുടരും​. 60 ശതമാനത്തിലേറെ പുരോഗതിയാണ് കൈവരിക്കാനായത്. ആകെ 3768 കേസുകളാണുള്ളത്. തുക വിതരണം ത്വരിതപ്പെടുത്താന്‍ ദേശീയപാത വിഭാഗത്തില്‍ പ്രത്യേക വിഭാഗം രൂപവത്​കരിച്ചിട്ടുണ്ട്​. ഭൂമി നഷ്ടമായവര്‍ക്ക് അടിയന്തരമായി തുക നല്‍കുന്നതിനാണ് മുന്‍ഗണനയെന്ന്​ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ അറിയിച്ചു. തുടക്കത്തില്‍ 16 കോടി രൂപയായിരുന്നു നല്‍കിയിരുന്നത്. പ്രവര്‍ത്തനത്തില്‍ നാഷനല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ സംതൃപ്തി അറിയിച്ച് ഉപഹാരവും നല്‍കിയതായി കലക്ടര്‍ അറിയിച്ചു. ജില്ല വികസന കമീഷണര്‍ ആസിഫ് കെ. യൂസഫ്, എന്‍.എച്ച് ഡെപ്യൂട്ടി കലക്ടര്‍ ബി. രാധാകൃഷ്ണന്‍, പ്രോജക്ട് ഡയറക്ടര്‍ പ്രദീപ്, ലെയ്‌സണ്‍ ഓഫിസര്‍ റഹ്മാന്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അവലോകനയോഗത്തില്‍ പങ്കെടുത്തു. ശബ്ദമലിനീകരണത്തിനെതിരെ നടപടി കൊല്ലം: ഉച്ചഭാഷിണിയില്‍നിന്നുള്ള ശബ്ദമലിനീകരണം നിയന്ത്രിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തിയതായി കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. വിവിധ ആരാധനാലയങ്ങളും സാമൂഹിക-സാംസ്‌കാരിക പ്രസ്ഥാനങ്ങളും വ്യക്തികളും പൊതുജനങ്ങള്‍, രോഗികള്‍, വൃദ്ധജനങ്ങള്‍, വിദ്യാർഥികള്‍ എന്നിവരുടെ സൈരജീവിതത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതരത്തില്‍ ഉച്ചഭാഷിണി ഉപയോഗിച്ച് ശബ്ദമലിനീകരണം സൃഷ്ടിക്കുന്നതായി പരാതി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് പ്രത്യേക പരിശോധന സംവിധാനം ഏര്‍പ്പെടുത്തിയത്. റവന്യൂ താലൂക്ക്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ എന്നിവരെ ഉള്‍പ്പെടുത്തി താലൂക്കുതല സ്‌ക്വാഡാണ് രൂപവത്​കരിച്ചത്. ആദ്യം താക്കീതും തെറ്റ് ആവര്‍ത്തിച്ചാല്‍ പ്രോസിക്യൂഷന്‍ നടപടിയും സ്വീകരിക്കും. പൊലീസിന് നിലവിലുള്ളത് പോലെ നേരിട്ട് ലഭിക്കുന്ന പരാതികളില്‍ നടപടി സ്വീകരിക്കാം. പരാതിക്കാരുടെ പേരുവിവരം രഹസ്യമായി സൂക്ഷിക്കും. പരാതി പൊതുജനങ്ങള്‍ക്ക് ഫോണ്‍ മുഖേന 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാം. കൊല്ലം കലക്ടറേറ്റ്-1077, കരുനാഗപ്പള്ളി താലൂക്ക് - 04762620223, കൊട്ടാരക്കര - 04742454623, കൊല്ലം - 0474 2742116, കുന്നത്തൂര്‍ 04762830345, പുനലൂര്‍ - 04752222605, പത്തനാപുരം താലൂക്ക് - 0475-2350090.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.