കൊല്ലം: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൻെറ പേരിൽ തമിഴ്നാട് തിരുനെൽവേലി സ്വദേശികളായ ദമ്പതികളുടെ നേതൃത്വത്തിൽ 25 കോടിയിലധികം രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയതായി പരാതി. ഹിന്ദുസ്ഥാൻ അഗ്രി ഇന്ത്യ ലിമിറ്റഡ് എന്ന പേരിൽ കൊല്ലത്ത് പ്രവർത്തിച്ചിരുന്ന പ്രധാന ബ്രാഞ്ച് വഴി തവണവ്യവസ്ഥയിൽ പിരിച്ച കോടികളാണ് സ്ഥാപന മേലധികാരികളും ഇടനിലക്കാരായി പ്രവർത്തിച്ചവരും തട്ടിച്ചതെന്ന് നിക്ഷേപക പ്രതിനിധികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട സ്വദേശികളായ അമ്പതോളം പേരാണ് തട്ടിപ്പിനിരയായത്. സ്ഥാപനത്തിൻെറ ചെയർമാനായ തിരുനെൽവേലി സ്വദേശി രാമസുദർശൻ ഉൾപ്പെടെ 11 പേർക്കെതിരെ മുഖ്യമന്ത്രി, കലക്ടർ, ഡി.ജി.പി, സിറ്റി പൊലീസ് കമീഷണർ എന്നിവർക്ക് പരാതി നൽകിയതായി നിക്ഷേപകർ പറഞ്ഞു. 2012ൽ ചിന്നക്കട വടയാറ്റുകോട്ട റോഡിൽ പ്രവർത്തനം ആരംഭിച്ച സ്ഥാപനത്തിൻെറ പ്രതിനിധികൾ ആഴ്ച, മാസ തവണകളായാണ് 500 രൂപ മുതൽ 100 ൻെറ ഗുണിതങ്ങളായ തുക പിരിച്ചെടുത്തത്. നിശ്ചിത തുക അടച്ച് കഴിഞ്ഞ് മെച്യൂരിറ്റി ആകുന്ന നിക്ഷേപങ്ങൾക്ക് 10000 രൂപക്ക് മുകളിലുള്ള തുക അധികമായി നൽകുന്ന തരം പ്ലാനുകളിലൂടെയാണ് നിക്ഷേപകരെ ആകർഷിച്ചത്. രേഖയായി നിക്ഷേപവിവരങ്ങൾ രേഖപ്പെടുത്തിയ ബോണ്ടും നൽകിയിരുന്നു. നിക്ഷേപിക്കുന്നതിനൊപ്പം പുതിയ നിക്ഷേപകരെ ചേർക്കുന്നതിനും പ്രതിഫലം നൽകി. ആദ്യ വർഷങ്ങളിൽ പലിശയും ആനുകൂല്യങ്ങളും നൽകിയിരുന്നു. തുടർന്ന് ഹെയിൽ നിധി ലിമിറ്റഡ് എന്ന് സ്ഥാപനത്തിൻെറ പേര് മാറ്റി. ഇതിനിടയിൽ സാമ്പത്തിക ക്രയവിക്രിയത്തിൽ തിരിമറി സംശയിച്ച് ചോദ്യം ചെയ്തവർക്കെതിരെ കൊല്ലത്തെ സ്ഥാപനം നിയന്ത്രിച്ചിരുന്ന പത്തനംതിട്ട സ്വദേശിനിയുടെ നേതൃത്വത്തിൽ കേസ് ഉൾപ്പെടെ നൽകിയതായും നിക്ഷേപകർ ആരോപിച്ചു. മെച്യൂരിറ്റി ആയി എത്തുന്ന അപേക്ഷകളിൽ തീർപ്പുണ്ടാകാത്ത അവസ്ഥ വരികയും മൂന്ന് മാസം മുമ്പ് കൊല്ലത്തെ സ്ഥാപനം പ്രവർത്തനം നിർത്തുകയും ചെയ്തതോടെയാണ് വഞ്ചിക്കപ്പെട്ടതായി തിരിച്ചറിഞ്ഞതെന്നും നിക്ഷേപകർ പറഞ്ഞു. തമിഴ്നാട്ടിൽ നടത്തിയ അന്വേഷണത്തിൽ സ്ഥാപനത്തിൻെറ ആസ്തികളെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നതെല്ലാം കളവാണെന്ന് വ്യക്തമായി. കോടികൾ നഷ്ടപ്പെട്ടവർ വരെ നിക്ഷേപകർക്കിടയിലുണ്ട്. പലരും പരിചയക്കാരിൽ നിന്ന് കടംവാങ്ങിയാണ് സ്ഥാപനത്തിൽ നിക്ഷേപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.