കൊല്ലം: ആലപ്പുഴ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ബൈപാസ് റോഡിൽ കിളികൊല്ലൂർ പൊലീസ് നടത്തിയ വാഹന പരിശോധനയിൽ ഒന്നരക്കോടിയോളം രൂപ വിലവരുന്ന രണ്ടേകാൽ ലക്ഷത്തോളം പായ്ക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. രണ്ട് ലോറികളിലായി കൊണ്ടുവരികയായിരുന്ന 90 ചാക്ക് നിരോധിത പുകയില ഉൽപന്നങ്ങളാണ് പിടികൂടിയത്.
ഒരു ലോറി പൊലീസ് പിടികൂടുന്നതു കണ്ട് പിന്നാലെ വരികയായിരുന്ന ലോറി ഉപേക്ഷിച്ച് ഡ്രൈവർ രക്ഷപ്പെട്ടു. ഒരു ഡ്രൈവർ അറസ്റ്റിലായി. തൃശൂർ വേലൂപ്പാടം വരന്തരപ്പള്ളി കണ്ണൂർ കാടൻ പ്രമോദ് (37) ആണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്.
ചാലക്കുടിയിൽനിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് കൊണ്ടുപോകുകയായിരുന്നു. ഡി.ജി.പിയുടെ കാവൽ, റേഞ്ച് ഡി.ഐ.ജിയുടെ ഓപറേഷൻ ട്രോജൻ എന്നീ പദ്ധതികളുടെ ഭാഗമായി സിറ്റി പൊലീസ് കമീഷണർ ടി. നാരായണെൻറ നിർദേശപ്രകാരം കൊല്ലം എ.സി.പി ജി.ഡി. വിജയകുമാറിെൻറ മേൽനോട്ടത്തിൽ കിളികൊല്ലൂർ ഐ.എസ്.എച്ച്.ഒ കെ. വിനോദിെൻറ നേതൃത്വത്തിൽ പൊലീസ് സംഘം രാത്രിയിലാണ് ബൈപാസ് റോഡിൽ കല്ലും താഴം ഭാഗത്ത് പരിശോധന നടത്തിയത്.
ജില്ലയിൽ അടുത്തിടെ പൊലീസ് പിടികൂടുന്ന ഏറ്റവും വലിയ പാൻമസാല വേട്ടയാണിത്. കിളികൊല്ലൂർ എസ്.ഐ അനീഷ് എ.പി, എസ്.ഐ താഹാ കോയ, പി.ആർ.ഒ ജയൻ സക്കറിയ, എ.എസ്.ഐമാരായ സി. സന്തോഷ് കുമാർ, എസ്. സന്തോഷ്, ജിജു, ദിലീപ്, അജോ ജോസഫ്, സി.പി.ഒ രതീഷ് എന്നിവരടങ്ങിയ സംഘമാണ് പാൻമസാല പിടികൂടിയത്.
ലൊക്കേഷനും പണവും മൊബൈലിലൂടെ
കൊല്ലം: ചാലക്കുടിയിൽ ഹൈവേയിൽ പാൻ മസാല നിറച്ച ലോറി നിർത്തിയിട്ടിരിക്കും. ലോറിയിൽ താക്കോലും ഉണ്ടാകും. ലോറിക്കടുത്ത് ആരും ഉണ്ടാകില്ല. ഡ്രൈവർമാർ അവിടെയെത്തി ലോറി എടുത്തുകൊണ്ടുപോയാൽ മാത്രം മതിയാകും -പാൻമസാലയുമായി പിടിയിലായ ലോറി ഡ്രൈവർ പൊലീസിന് നൽകിയ മൊഴി ഇങ്ങനെ. എവിടെ എത്തിക്കണമെന്ന് മൊബൈൽ ഫോണിലെ ഗൂഗ്ൾ ലൊക്കേഷൻ മാപ്പ് വഴിയാണ് നിർദേശം നൽകുന്നത്.
പണവും ഗൂഗ്ൾ വഴി ട്രാൻസ്ഫർ ചെയ്തുനൽകുകയാണ് പതിവെന്ന് ഡ്രൈവർ പൊലീസിനോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.