ചാത്തന്നൂർ: അപകടാവസ്ഥയിലായ പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ പൊളിച്ചുനീക്കണമെന്ന ആവശ്യം ശക്തമാകുന്നു. ശ്രീഭൂതനാഥക്ഷേത്രത്തിന് സമീപം ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് ലക്ഷങ്ങൾ ചിലവഴിച്ചുനിർമിച്ച കമ്യൂണിറ്റി ഹാളാണ് കാലപ്പഴക്കത്താലും സംരക്ഷണം ഇല്ലാതെയും നശിക്കുന്നത്.
പൂർണമായും അപകടാവസ്ഥയിലായ കെട്ടിടം െപാളിച്ചുമാറ്റി പുതിയ കെട്ടിടം പണിയണമെന്ന ആവശ്യമാണ് ഉയരുന്നത്. ആർ. ഗോവിന്ദൻ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നപ്പോളാണ് കമ്യൂണിറ്റി ഹാൾ പണിഞ്ഞത്. തുടക്കസമയത്ത് പഞ്ചായത്തിന് നല്ലൊരു വരുമാനമാർഗമായിരുന്നു.
സ്വകാര്യ ഹാളുകളെക്കാൾ വാടക കുറവായതിനാൽ പൊതുജനങ്ങൾക്ക് ഏറെ പ്രയോജനകരവുമായിരുന്നു. മാറിമാറി വന്ന ഭരണസമിതികൾ കമ്യൂണിറ്റി ഹാൾ അറ്റകുറ്റപ്പണി നടത്താത്തത് മൂലം കെട്ടിടം നശിച്ചു. ഇപ്പോൾ പൂർണമായും അപകടാവസ്ഥയിലായി. പൊതുജനങ്ങൾക്ക് കമ്യൂണിറ്റി ഹാൾ വാടകക്ക് എടുക്കുന്നത് നിർത്തിയത് മൂലം പഞ്ചായത്ത് അധികൃതർ ആദ്യം അംഗൻവാടിയും പിന്നാലെ ആയുർവേദ ആശുപത്രിയും ഈ കെട്ടിടത്തിലേക്ക് മാറ്റി.
ഇപ്പോൾ കുടുംബശ്രീയുടെ വാർഡ് തല മീറ്റിങ്ങുകളും പഠനക്ലാസുകളും മറ്റുമാണ് ഇവിടെ നടക്കുന്നത്. ചുമരുകൾക്ക് വിള്ളൽ വീണും മുൻഭാഗം തകർന്നും സിമന്റ് പാളികൾ അടർന്ന് വീണുമുള്ള പഴഞ്ചൻ കെട്ടിടം നാടിനെയും നാട്ടുകാരെയും ആശങ്കയിലാഴ്ത്തുന്നു.
പിഞ്ചുകുഞ്ഞുങ്ങൾ പഠിക്കുന്ന അംഗൻവാടിമുറികളും ആയുർവേദ ആശുപത്രിയുടെ റൂമുകളും ഭിത്തികൾ വിള്ളൽ വീണ് അപകടാവസ്ഥയിലാണ്. ഷീറ്റിട്ട മേൽക്കൂര പലയിടത്തും വിള്ളൽ വീണ നിലയിലാണുള്ളത്. പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള അധികാരികൾ കെട്ടിടത്തിന്റെ ശോച്യാവസ്ഥ അറിഞ്ഞ മട്ടില്ല. അടിയന്തരമായി കെട്ടിടം പുനർനിർമാണം നടത്തി ജനങ്ങൾക്ക് ഉപയോഗപ്രദമാക്കണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.