ചാത്തന്നൂർ: ദേശീയപാതയുടെ പുനർനിർമാണ പ്രവർത്തനങ്ങൾ ഒരു വശത്ത് നടക്കുമ്പോൾ മറുവശത്ത് യാതൊരു സുരക്ഷയുമില്ലാതെ പിഞ്ചുകുഞ്ഞുങ്ങൾ അടക്കമുള്ള ജനങ്ങൾ ബസ് കയറി വീടുകളിലെത്താൻ പെടാപ്പാട് പെടുന്നു. ആയിരക്കണക്കിന് വിദ്യാർഥികൾ വന്നുപോകുന്ന ചാത്തന്നൂർ ജങ്ഷനിൽ ബസ് കാത്ത് നിൽക്കാൻ സുരക്ഷിത സ്ഥലം ഇല്ലാത്തതാണ് ഇപ്പോഴത്തെ പ്രധാന പ്രശ്നമായി മാറിയിരിക്കുന്നത്.
ദേശീയപാതയുടെ തെക്ക് ഭാഗത്ത് ഒരു വശത്ത് അര കിലോമീറ്ററോളം നീളത്തിൽ കുഴിയെടുത്ത് നിർമാണപ്രവൃത്തികൾ തുടങ്ങിയതോടെയാണ് കൊല്ലം ഭാഗത്തേക്ക് പോകാൻ ബസ് കയറാൻ നിൽക്കുന്നവരുടെ ദുരിതം തുടങ്ങിയത്. ജങ്ഷനും കഴിഞ്ഞ് കുഴി അവസാനിക്കുന്നിടത്ത് ദേശീയപാതയിൽതന്നെയാണ് കുട്ടികൾ ഉൾപ്പെടെ യാത്രക്കാർ ബസ് കാത്ത് നിൽക്കുന്നത്.
മുന്നിൽ കൂടി ചീറിപ്പാഞ്ഞു പോകുന്ന വാഹനങ്ങളും പിന്നിൽ പടുകുഴിയും നിർമാണപ്രവൃത്തികൾക്കുവേണ്ടി വെച്ചിരിക്കുന്ന കോൺക്രീറ്റ് സേഫ്റ്റി ഗാർഡുകളും ഇവർക്ക് അപകടഭീഷണി ഉയർത്തുന്നു. സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സി ബസുകളും സമയലാഭത്തിനായി ദേശീയപാതയിൽ തന്നെ യൂടേൺ തിരിച്ചു പോകുന്നതും അപകടഭീഷണിയാണ്.
ഇതിനിടയിൽ ചെറുതും വലുതുമായ അപകടങ്ങൾ ഉണ്ടാവുന്നതും പതിവ്. ദേശീയപാതയുടെ പകുതിയോളം ഭാഗത്ത് കുഴിയെടുത്ത് ബാക്കിയുള്ള ഭാഗം അപകടക്കെണിയായി മാറിയിട്ടും പഞ്ചായത്ത് അധികൃതർ ഇതൊന്നും അറിഞ്ഞമട്ടില്ല എന്നാണ് നാട്ടുകാരും കച്ചവടക്കാരും പറയുന്നത്.
റോഡ് വികസനത്തിന്റെ ഭാഗമായി നിലവിൽ ഉണ്ടായിരുന്ന ഹൈമാസ്റ്റ് ലൈറ്റുകളും മറ്റു തെരുവുവിളക്കുകളും മാറ്റിയിട്ട് ഇതുവരെയും പുനഃസ്ഥാപിച്ചിട്ടില്ല എന്ന ദുരിതവുമുണ്ട്.
ചാത്തന്നൂർ ശ്രീഭൂതനാഥക്ഷേത്രം റോഡിൽനിന്ന് ദേശീയപാതയിലേക്കുള്ള കുത്തനെയുള്ള ഇറക്കത്തിലെ അപകടക്കെണിയും വൻഭീഷണിയാണ്. വളരെ പ്രയാസപ്പെട്ടാണ് ചെറിയ വാഹനങ്ങൾ ഈ റോഡിൽനിന്ന് ദേശീയപാതയിലേക്ക് കടക്കുന്നത്. ദേശീയപാതയിലൂടെ ചീറിപ്പായുന്ന വലിയവാഹനങ്ങൾ ഇടിച്ചാണ് മിക്ക അപകടങ്ങളും ഉണ്ടാവുന്നത്.
ഇവിടെ ഇരു ഭാഗങ്ങളിൽനിന്നും സ്ഥലമെടുത്ത് റോഡ് വലുതാക്കിയും കുത്തനെയുള്ള ഇറക്കം കുറച്ചും അപകടങ്ങൾ കുറക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ദേശീയപാത നിർമാണം നടത്തുന്ന കമ്പനിയുടെ അധികൃതരുമായി അടിയന്തരമായി ചർച്ച നടത്തി ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന ആവശ്യമാണ് ഉയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.