ചാത്തന്നൂർ: കെ.എസ്.ആർ.ടി.സി ഡിപ്പോയിലേക്കും മിനി സിവിൽസ്റ്റേഷനിലേക്കുമുള്ള റോഡുകൾ അടച്ച് ദേശീയപാത നിർമാണം. ദേശീയപാതയിലൂടെ തിരുവനന്തപുരം ഭാഗത്തേക്കുള്ള വാഹനങ്ങൾ സർവിസ് റോഡ് വഴി കടന്നുപോകാനാണ് നിർദേശം. വാഹനങ്ങൾ കെ.എസ്.ആർ.ടി.സി ഡിപ്പോയിലേക്ക് തിരിയുന്ന ഊറാംവിള ജങ്ഷനിൽ അടിപ്പാതയുടെ നിർമാണം നടക്കുന്നതിനാലാണ് റോഡ് അടച്ചത്. തിരുവനന്തപുരം ഭാഗത്തേക്കുള്ള ബസുകൾക്ക് ഡിപ്പോയിൽ കയറാൻ സൗകര്യമൊരുക്കാതെയാണിത്. കൊല്ലം ഭാഗത്തേക്കുള്ള വാഹനങ്ങൾ സർവിസ് റോഡിലൂടെ തിരിച്ചുവിട്ടപ്പോൾ ദേശീയപാതയിലൂടെ കിഴക്കോട്ട് പോകുന്ന ബസുകൾക്ക് ഈ സൗകര്യമില്ല.
തിരുവനന്തപുരം ഭാഗത്തേക്കുള്ള ബസുകൾ ഡിപ്പോയിൽ കയറ്റണമെങ്കിൽ ഒന്നര കിലോമീറ്ററോളം മുന്നോട്ടുപോയി ജെ.എസ്.എം ജങ്ഷനിൽ എത്തി തിരികെവരണം. ഡിപ്പോയിൽ കയറിയ ശേഷം വീണ്ടും ഒന്നര കിലോമീറ്റർ എതിർഭാഗത്തേക്ക് സഞ്ചരിച്ച് ചാത്തന്നൂർ ജങ്ഷനിലെത്തി തിരികെ പോകേണ്ട അവസ്ഥയാണ്.
മിനി സിവിൽ സ്റ്റേഷൻ ഉൾപ്പെടെ ഇരുപതോളം സർക്കാർ ഓഫിസുകളും സി.എച്ച്.സി തുടങ്ങിയ ആശുപത്രികളും ഗവ. ഐ.ടി.ഐ, എസ്.എൻ കോളജ് തുടങ്ങി നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങളും ഡിപ്പോയുടെ സമീപത്താണ്. ഈ സ്ഥാപനങ്ങളിലേക്ക് പോകേണ്ട ആയിരക്കണക്കിനാളുകളെ വഴി അടയ്ക്കൽ ബാധിക്കുന്നു. ലോക്സഭ െതരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചാത്തന്നൂർ നിയോജക മണ്ഡലത്തിലെ നിരീക്ഷകർ ഉൾപ്പെടെയുള്ള െതരഞ്ഞെടുപ്പുദ്യോഗസ്ഥരുടെ സംഘങ്ങളും മിനി സിവിൽ സ്റ്റേഷനിലാണ് പ്രവർത്തിക്കുന്നത്. ഇവർക്കും ദുരിതമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.