ചാത്തന്നൂർ : ദേശീയപാതയുടെ നവീകരണം നടക്കുന്നുണ്ടെങ്കിലും റോഡുപണിയുണ്ടാക്കുന്ന ഗതാഗതക്കുരുക്കും അപകടങ്ങളും പരിഹരിക്കണമെന്ന ആവശ്യത്തിനോട് ജില്ല ഭരണകൂടവും തദേശ സ്വയം ഭരണസ്ഥാപനങ്ങളും മുഖം തിരിക്കുന്നതായി പരാതി. കാലവർഷം വന്നതോടെ ഉയരപ്പാത നിർമാണം നടക്കുന്ന പാതയുടെ ഇരുവശങ്ങളിലും കുഴികളും വെള്ളക്കെട്ടും ചെളിയും നിറഞ്ഞത് മൂലം ജനം കഷ്ടപ്പെടുകയാണ്.
ഇരുചക്ര വാഹനയാത്രികരാണു റോഡിൽ ഏറ്റവും കൂടുതൽ അപകടങ്ങളിൽപെടുന്നത്. പാത നവീകരണത്തിന്റെ ഭാഗമായി നിരത്തിയ മെറ്റിലും മണ്ണും റോഡിലേക്ക് ഒലിച്ചിറങ്ങി അപകടങ്ങളുണ്ടാക്കുന്നു.
അടിപ്പാത നിർമാണം നടക്കുന്ന സ്ഥലങ്ങളിൽ വാഹനങ്ങൾ വഴിതിരിച്ചുവിട്ടിരിക്കുന്നതയുള്ള സൂചന ബോർഡുകൾ രാത്രിയിൽ അടുത്തെത്തുമ്പോൾ മാത്രമേ കാണൂ.
വെള്ളം ഒഴുകി പോകാത്തത് മൂലം റോഡരികിൽ വെള്ളക്കെട്ടും രൂപപ്പെടുന്നുണ്ട്. ഓടയുടെ നിർമാണം വേഗത്തിൽ പൂർത്തിയാക്കി വെള്ളം ഒഴുകി പോകുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.
ദേശീയപാതയിലേക്കുള്ള സർവീസ് റോഡുകൾ കുഴികൾ നിറഞ്ഞു ചെളികുളമായി കിടക്കുന്നത് മൂലം വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരുടെ യാത്ര ദുരിതപൂർണമാണ്. മേവറം, കൊട്ടിയം, ചാത്തന്നൂർ, പാരിപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ ദേശീയപാതയോരത്തുള്ള സ്കൂളുകളിലേക്ക് പോകുന്ന വിദ്യാർഥികളെയാണു പ്രധാനമായും ഇത് ബാധിക്കുന്നത്.
ചാത്തന്നൂരിലെ രണ്ടു സ്കൂളുകളിലായി മുവായിരത്തിലധികം കുട്ടികൾ പഠിക്കുന്നു. വിദ്യാർഥികളെ സ്കൂളുകളിലെത്തിക്കാൻ രക്ഷാകർത്താക്കൾ പാടുപെടുകയാണ്. റോഡ് നിർമ്മാണം മഴകാലമായതോടെ നിർത്തിവച്ചതോടെ ഗതാഗതവും കുരുക്കിലാണ്. റോഡ് മുറിച്ചു കടക്കാൻപോലും വിദ്യാർഥികൾ ഏറെ പ്രയാസപ്പെടുന്നു.
സർവീസ് റോഡ് കുഴികൾ അടച്ചു ഗതാഗത യോഗ്യമാക്കി ഒരുക്കുകയാണെങ്കിൽ പ്രശ്നത്തിന് പരിഹാരമാകും. സർവീസ് റോഡിൽ പല ഭാഗത്തും കുഴിയും വെള്ളകെട്ടുമാണ്. ഇതുവഴി നടക്കാൻ സാധിക്കില്ല. ഇടറോഡുകളിലേക്ക് പോകുന്നവരും ദേശീയപാതയിലേക്ക് കയറുന്ന യാത്രക്കാരും ഏറെ കഷ്ടപ്പെടുകയാണ്.
ഇടറോഡുകളിൽ നിന്നു പാതയിലേക്ക് കയറുന്ന ഭാഗവും ചെളി നിറഞ്ഞ് കുഴമ്പ് രൂപത്തിലായതിനാൽ വാഹനങ്ങൾ തെന്നിമാറിയുള്ള അപകടങ്ങൾ സംഭവിക്കുന്നുണ്ട്. അടിയന്തരമായി സർവീസ് റോഡുകളും ഇടറോഡുകളിൽ നിന്നുള്ള യാത്രക്കാർക്ക് പാതയിലെത്താൻ സൗകര്യവും ഒരുക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.