ചാത്തന്നൂർ: മലിനജലത്തിൽ മുങ്ങി കോയിപ്പാട് രണ്ടാലുംമുക്ക് ജങ്ഷനിലെ വീടുകൾ. കോയിപ്പാട് സ്കൂളിന് മുന്നിൽനിന്ന് കോയിപ്പാട് രണ്ടാലുംമുക്കിലേക്കുള്ള ഓടകൾ പൂർണമായും അടഞ്ഞുകിടക്കുകയാണ്. ഇതുമൂലം മലിനജലം റോഡിലൂടെ ഒഴുകി താഴ്ന്ന പ്രദേശമായ കോയിപ്പാട് രണ്ടാലും ജങ്ഷനിലെത്തി അടുത്തുള്ള വീടുകളിലും കടകളിലും കയറി ജനങ്ങൾക്ക് വീടിന്റെ പുറത്തിറങ്ങാൻ വയ്യാത്ത അവസ്ഥയാണ്.
ഇത്തിക്കരയാറ്റിലേക്ക് പോകേണ്ട ഓടയിൽ വീടുകളിൽനിന്നും മറ്റും കൊണ്ടിടുന്ന പ്ലാസ്റ്റിക് മാലിന്യം നിറഞ്ഞതും ഓടകൾ മണ്ണ് വീണ് മൂടിയിട്ട് വർഷങ്ങളായതും മലിനജലം വീടുകളിലേക്ക് കയറാൻ കാരണമായി.
ഓടയിലെ വെള്ളമൊഴുക്ക് സുഗമമാക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് അധികാരികൾക്ക് പലതവണ നാട്ടുകാർ പരാതികൾ നൽകിയിട്ടും നടപടിയില്ല. മഴപെയ്താൽ ഇവിടെയുള്ള വീടുകളിൽ മുട്ടിനൊപ്പം ചളി വെള്ളവും മാലിന്യവും അടിഞ്ഞുകൂടി ദുരിതമനുഭവിക്കുകയാണ് പ്രദേശവാസികൾ.
കഴിഞ്ഞ ദിവസം നാട്ടുകാർ സംഘടിച്ച് കൂലിക്ക് ആളിനെ നിർത്തി വൃത്തിയാക്കിയിരുന്നു. ഇന്നലെ രാത്രി പെയ്ത മഴയിൽ മാലിന്യം അടിഞ്ഞുകൂടി വീടിന്റെ വെളിയിൽ ആൾക്കാർ ഇറങ്ങാൻ പറ്റാത്ത അവസ്ഥയിലായി. ഇതോടെ കടുത്ത പ്രതിക്ഷേധത്തിലാണ് നാട്ടുകാർ. ഓടകൾ വൃത്തിയാക്കി വെള്ളമൊഴുക്ക് സുഗമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.