ചാത്തന്നൂർ: ആളില്ലാത്ത വീട്ടിൽ വിരലുകൾ നഷ്ടപ്പെട്ട് പുഴുവരിച്ച് അവശനിലയിൽ കണ്ടെത്തിയ വയോധികനെ ആരോഗ്യവകുപ്പ്, പൊലീസ്, പഞ്ചായത്ത് അധികൃതർ ചേർന്ന് ആശുപത്രിയിലാക്കി.
ചാത്തന്നൂർ പഞ്ചായത്തിലെ താഴം വാർഡിൽ കാഞ്ഞിരത്തുംവിള ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ശങ്കരപ്പിള്ളയെ (65) ആണ് കാലിൽ പുഴുവരിച്ച് അവശനിലയിൽ കണ്ടെത്തിയത്. പരിസരവാസികളായ ബന്ധുക്കളുമായി അകന്ന് വളരെനാളായി ഒറ്റക്ക് താമസിക്കുന്ന ഇദ്ദേഹത്തിന് ഒരു ഓട്ടോറിക്ഷാ ഡ്രൈവറാണ് ആഹാരം വാങ്ങിനൽകിയിരുന്നത്.
കഴിഞ്ഞദിവസം രാവിലെ ആഹാരം കൊടുക്കാനെത്തിയപ്പോൾ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് പൊലീസിനെയും സന്നദ്ധപ്രവർത്തകരെയും അറിയിച്ചു. ഇവരെത്തി പ്രാഥമിക ചികിത്സ നൽകി നെടുങ്ങോലം രാമറാവു സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെനിന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
വിവരങ്ങൾ അന്വേഷിക്കാനെത്തുന്ന ആരോഗ്യ പ്രവർത്തകരോട് ഇയാൾ മോശമായാണ് പെരുമാറിയിരുന്നതെന്നും ഏതോ അപകടവുമായി ബന്ധപ്പെട്ട് ഇൻഷുറൻസ് ക്ലെയിം കിട്ടിയതിനെതുടർന്ന് ബന്ധുക്കളെ അകറ്റിനിർത്തുകയായിരുന്നെന്നും ചാത്തന്നൂർ പഞ്ചായത്ത് പ്രസിഡൻറ് ദിജു പറഞ്ഞു.
സംഭവമറിഞ്ഞയുടൻതന്നെ ഹെൽത്ത് ഇൻസ്പെക്ടർമാരും ഡോക്ടറും പഞ്ചായത്ത് ആരോഗ്യവിഭാഗം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ചാത്തന്നൂർ പൊലീസും സന്നദ്ധപ്രവർത്തകരും സ്ഥലത്തെത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നെന്നും പ്രസിഡൻറ് വിശദമാക്കി. അനാസ്ഥ ആരോപിച്ച് ബി.ജെ.പി യുവമോർച്ച പ്രവർത്തകർ ചാത്തന്നൂർ പഞ്ചായത്ത് ഓഫിസിന് മുന്നിൽ പ്രതിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.