ചാത്തന്നൂർ : ഒരുകാലത്ത് പ്രൗഢിയോടെനിന്ന കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് ഹൈസ്കൂൾ വികസനത്തിനും നിലനിൽപ്പിനുമായി കേഴുന്നു. ഏതുനിമിഷവും താഴുവീഴാമെന്ന അവസ്ഥയിലേക്കാണ് സ്കൂളിന്റെ പോക്ക്. 1959ൽ കല്ലുവാതുക്കൽ പഞ്ചായത്തിന്റെ ഉടമസ്ഥതയിലാണ് സ്കൂൾ ആരംഭിച്ചത്. 2013ൽ സംസ്ഥാന സർക്കാർ ഏറ്റെടുത്തതോടെ ഇപ്പോൾ ജില്ല പഞ്ചായത്തിന്റെ അധീനതയിലാണ് സ്കൂൾ. കല്ലുവാതുക്കൽ പഞ്ചായത്ത് പരിധിയിലെ ഏകസർക്കാർ ഹൈസ്കൂൾ കൂടിയാണിത്. വിരലിലെണ്ണാവുന്നത്ര കുട്ടികളാണ് ഇത്തവണയും പ്രവേശനം തേടിയെത്തിയത്. വരും ദിനങ്ങളിൽ കൂടുതൽ വിദ്യാർഥികൾ എത്തുമെന്ന പ്രതീക്ഷയിലാണ്. 1959 ലെ കമ്യൂണിസ്റ്റ് സർക്കാരിന്റെ കാലത്ത് മന്ത്രിയായിരുന്ന പ്രഫ. ജോസഫ് മുണ്ടശ്ശേരിയാണ് സ്കൂൾ അനുവദിച്ചത്. ചാത്തന്നൂർ പഞ്ചായത്തിലെ
കാരംകോട് പ്രവർത്തിച്ചിരുന്ന സംസ്കൃതം ഹൈസ്കൂൾ മാനേജ്മെന്റ് പൂട്ടിയതോടെയാണ് കല്ലുവാതുക്കലിൽ ഹൈസ്കൂളിനുവേണ്ടിയുള്ള ശ്രമം ആരംഭിച്ചത്. അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് കുരുമ്പിലഴികം കെ. ബാലൻ പിള്ള, ഡോ. എൻ.ജി. കുറുപ്പ്, മുൻ മന്ത്രി പി. രവീന്ദ്രൻ എന്നിവരുടെ ശ്രമഫലമായാണ് പഞ്ചായത്തിന് സ്കൂൾ അനുവദിച്ചത്. 1980കളിൽ മൂവായിരത്തിലേറെ വിദ്യാർഥികളും എഴുപതിലേറെ അധ്യാപകരുമുണ്ടായിരുന്ന ഈ സ്കൂളിന്റെ ഇപ്പോഴത്തെ സ്ഥിതി പരിതാപകരമാണ്. അധ്യാപകരുടെ കുറവു പരിഹരിക്കാൻ താൽകാലിക അധ്യാപകരുടെ നിയമനം പോലും നടത്താനുള്ള കാലതാമസവും മറ്റും സ്കൂളിന്റെ നിലവാരത്തകർച്ചക്കു കാരണമായി. ഇതോടെ രക്ഷാകർത്താക്കൾ കുട്ടികളെ മറ്റ് സ്കൂളുകളിൽ ചേർക്കാൻ തുടങ്ങി. കളിസ്ഥലവും മറ്റ് സൗകര്യങ്ങളുമുണ്ടായിട്ടും അത് പ്രയോജനപ്പെടുത്താൻ അധികൃതർ ശ്രമിച്ചില്ല. സർക്കാർ തലത്തിൽ ഹയർ സെക്കൻഡറി ഇല്ലാത്ത ഗ്രാമപഞ്ചായത്താണ് കല്ലുവാതുക്കൽ.
നിരവധി കെട്ടിടങ്ങൾ വെറുതെ കിടക്കുന്ന ഏറെ സൗകര്യങ്ങളുള്ള സ്കൂളിൽ പ്ലസ്ടു വരികയാണെങ്കിൽ സ്കൂളിന്റെ വികസനത്തിന് ഏറെ പ്രയോജനമാകും. ജില്ല പഞ്ചായത്ത് മുൻകൈയെടുത്ത് ആരംഭിച്ച ജില്ല കബഡി ഇൻസ്റ്റിറ്റ്യൂട്ടും ഇവിടെയാണ്. സംസ്ഥാനത്ത് പുതുതായി ആരംഭിക്കുന്ന ഹയർസെക്കൻഡറി കോഴ്സുകളിൽ കല്ലുവാതുക്കൽ പഞ്ചായത്ത് ഹൈസ്കൂളിനെ കൂടി ഉൾപ്പെടുത്തിയാൽ വിദ്യാർഥികൾക്ക് പ്രയോജനകരമാകും. സ്കൂളിന്റെ ഉന്നമനത്തിനായി പൂർവവിദ്യാർഥികളും ജനപ്രതിനിധികളും മുന്നിട്ടിറങ്ങണമെന്ന് മുൻ കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സുദീപ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.