ചാത്തന്നൂർ: ദേശീയപാതക്കായി സ്ഥലം ഏറ്റെടുക്കുന്നതിനായി ത്രീഡി വിജ്ഞാപനത്തിൽ ഉൾപ്പെട്ടിട്ടുള്ള ഭൂവുടമകൾ രേഖകൾ ഹാജരാക്കിയില്ലെങ്കിൽ നടപടി സ്വീകരിക്കുമെന്ന സ്ഥലമെടുപ്പ് വിഭാഗം ചാത്തന്നൂർ തഹസിൽദാരുടെ അറിയിപ്പിനെതിരെ സ്ഥലമുടമകൾ പ്രതിഷേധവുമായി രംഗത്ത്. തഹസിൽദാരുടെ അറിയിപ്പ് ഹൈകോടതി വിധിയുടെ ലംഘനമാണെന്നാണ് പ്രതിഷേധവുമായി രംഗത്തെത്തിയവർ ചൂണ്ടിക്കാട്ടുന്നു.
കോവിഡ്കാലത്ത് രേഖകളുമായി എത്താൻ കഴിയാത്തവർ വിവരം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചാൽ മതിയെന്നാണ് ഹൈകോടതി ഉത്തരവിൽ പറഞ്ഞിരുന്നത്. ഉത്തരവിെൻറ അടിസ്ഥാനത്തിലാണ് പലരും രേഖകൾ ഹാജരാക്കാതിരിക്കുന്നത്.
രേഖകൾ സമർപ്പിക്കാത്തവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന തഹസിൽദാരുടെ അറിയിപ്പ് ഹൈകോടതിയെ അറിയിക്കാനാണ് ഭൂവുടമകളും ഹൈവേ ആക്ഷൻ ഫോറവും തീരുമാനിച്ചിട്ടുള്ളത്. കോവിഡ്കാലത്ത് 65 വയസ്സ് കഴിഞ്ഞവർ വീടിന് പുറത്തിറങ്ങരുതെന്ന സർക്കാർ ഉത്തരവ് നിലവിലുള്ളതിനാൽ പല ഭൂവുടമകൾക്കും രേഖകളുമായി ഓഫിസിലേക്ക് പോകാൻ കഴിയാത്ത സ്ഥിതിയുമുണ്ട്. ത്രീഡി വിജ്ഞാപനം പുറപ്പെടുവിച്ചു കഴിഞ്ഞപ്പോൾ വസ്തുക്കൾ സർക്കാറിേൻറതായി മാറിക്കഴിഞ്ഞു.
ഏറ്റെടുക്കുന്ന വസ്തുവിന് എന്തു വില ലഭിക്കുമെന്നുപോലും ഭൂവുടമകളെ അറിയിച്ചിട്ടില്ല. പന്ത്രണ്ടോളം രേഖകളാണ് ഏറ്റെടുക്കുന്ന വസ്തുക്കളുടെ ഉടമകൾ നൽകേണ്ടത്. കോവിഡ് കാലത്ത് ഓഫിസുകളിൽ ഉദ്യോഗസ്ഥരുടെ കുറവും രേഖകൾ ലഭിക്കാൻ താമസം ഉണ്ടാകാൻ കാരണമാക്കിയിട്ടുണ്ടെന്നാണ് ഭൂവുടമകൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.