ചാത്തന്നൂർ: ദേശീയപാത സ്ഥലമെടുപ്പ് സംബന്ധിച്ച് പരാതികൾ നിറയുന്നു. ദേശീയപാതയുടെ വടക്കുഭാഗത്ത് ഊറാംവിള മുതൽ ജെ.എസ്.എം ജങ്ഷൻ വരെ വീണ്ടും സർവേ നടത്തണമെന്ന നിലയിലും ആവശ്യം ഉയരുന്നുണ്ട്. പാതയുടെ ഭാഗമായ ഡ്രെയിനേജ് നിർമാണശേഷം വൈദ്യുതി പോസ്റ്റുകൾ സ്ഥാപിക്കുന്നതിനും ജല അതോറിറ്റി പൈപ്പ് ഇടുന്നതിനും മറ്റ് കേബിളുകൾ സ്ഥാപിക്കുന്നതിനും സ്ഥലമില്ലാത്തത് ദേശീയപാതയുടെ നിർമാണ പ്രവൃത്തികളെ ബാധിക്കുമെന്നാണ് പറയുന്നത്.
ഊറാംവിള മുതൽ സ്പിന്നിങ് മിൽ ജങ്ഷൻ വരെ പല സ്ഥലവും പല രീതിയിലുള്ള അളവാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. വസ്തു ഉടമകൾ അവരവരുടെ സ്ഥലത്തെ നിർമാണപ്രവൃത്തികൾ പൂർത്തിയാക്കിക്കഴിഞ്ഞപ്പോൾ കെ.എസ്.ഇ.ബിയുടെ പോസ്റ്റുകൾ ഇടുന്നതിനും പൈപ്പ് ലൈൻ ഇടുന്നതിനും സ്ഥലമില്ലാതായതായാണ് കാണുന്നത്. പലയിടത്തും കല്ലുകൾ പിഴുത് റോഡിലേക്ക് ചേർന്ന് ഇട്ടതായി കരാർ കമ്പനി ഉദ്യോഗസ്ഥർ ആരോപിക്കുന്നു. അടിയന്തരമായി ഇവിടെ വീണ്ടും സർവേ നടത്തണമെന്നാണ് ആവശ്യം.
അതുപോലെ പനങ്കുറ്റിമലയിൽ നിന്ന് ജെ.എസ്.എം ടാങ്കിലേക്ക് വെള്ളമെത്തിക്കുന്ന പൈപ്പ് ലൈൻ ചാത്തന്നൂർ കെ.എസ്.ആർ.ടി.സി ഡിപ്പോ ജങ്ഷനിൽ നിന്ന് എൽ.ഐ.സി ഓഫിസിനു സമീപത്തുകൂടി സ്ഥാപിക്കണമെന്നായിരുന്നു ജല അതോറിറ്റിയുടെ നിർദേശം. ഇവിടെ സ്ഥലമില്ലാത്തതുമൂലം ട്രാൻസ്മിഷൻ മെയിൻ പൈപ്പാണ് പുതുതായി നിർമിക്കുന്ന ദേശീയപാതയുടെ സർവിസ് റോഡിലൂടെ ഇടുന്നത്.
ഇത് റോഡിന് സുരക്ഷാ വീഴ്ചയുണ്ടാകാൻ കാരണമാകുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ഭാരമേറിയ വാഹനങ്ങൾ കടന്നുപോകുന്ന റോഡിലൂടെ പൈപ്പ് ലൈനിട്ടാൽ അടിക്കടി പൈപ്പ് പൊട്ടാനും റോഡ് തകരാനും സാധ്യതയുണ്ട്. സർക്കാറിന്റെ സർവേ വിഭാഗത്തിന്റെ ഭാഗത്തുനിന്നുള്ള അപാകത മൂലമാണ് ഇവിടെ സ്ഥലമില്ലാതായതെന്ന ആരോപണംയർന്നിട്ടുണ്ട്. എൽ.ഐ.സി ഓഫിസിനുമുന്നിൽ കൂടി പണിത ഓടയുടെ നിർമാണത്തിലും പാകപ്പിഴയുണ്ടായതായി ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.