ചാത്തന്നൂര്‍: കള്ളനോട്ട് മാറുന്നതിനിടെ ഒരാള്‍ പൊലീസ് പിടിയില്‍. പരവൂര്‍ കോട്ടപ്പുറം കോങ്ങല്‍ പ്രതീകയില്‍ സുനി (39) ആണ് ചാത്തന്നൂര്‍ പൊലീസിന്റെ പിടിയിലായത്.
താന്നി ബീച്ചിനു സമീപം പെട്ടിക്കട നടത്തി വരികയായിരുന്നു. ബുധനാഴ്ച മീനാട് ഭാഗത്ത് കള്ളനോട്ട് മാറി വരുന്നതിനിടെ നാട്ടുകാരുടെ സഹായത്തോടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്. സംഭവത്തെകുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:
കഴിഞ്ഞ ദിവസം മീനാട് ഭാഗത്തെ കടകളില്‍നിന്ന് അഞ്ഞൂറിന്റെ വ്യാജനോട്ടുകള്‍ സുനി മാറ്റിയെടുത്തിരുന്നു. പണം നല്കിയ ശേഷം സംശയം തോന്നിയ കടയുടമകള്‍ നാട്ടുകാരോട് വിവരം പറയുകയും തുടര്‍ന്ന്, നാട്ടുകാര്‍ ഇയാളെ തടഞ്ഞുവെക്കുകയും പൊലീസിന് കൈമാറുകയുമായിരുന്നു.
പൊലീസ് നടത്തിയ പരിശോധനയില്‍ ഇയാളുടെ ബാഗില്‍ നിന്ന് അഞ്ഞൂറിന്റെ കള്ളനോട്ട് പ്രിന്റ് ചെയ്ത ഷീറ്റുകള്‍ കണ്ടെത്തുകയും മയ്യനാടും പരവൂരുമുള്ള വീടുകളിൽ നിന്നും മയ്യനാട് താന്നിയിലെ ബീച്ചിലെ പെട്ടികടയില്‍ നിന്നും പ്രിന്ററും പൊലീസ് കണ്ടെത്തി. ചോദ്യം ചെയ്യലില്‍ നോട്ടടിക്കാനുള്ള സാധനസാ മഗ്രികള്‍ നല്‍കിയത് തിരുവനന്തപുരം പോത്തന്‍കോട് കീഴാവൂര്‍ സ്വദേശി ബിജുവാണെന്ന് സുനി പൊലീസിനോട് പറഞ്ഞു.
കല്ലുവാതുക്കലിലും തിരുവനന്തപുരത്തും നടത്തിയ അന്വേഷണത്തില്‍ ഇങ്ങനെയൊരു വിലാസമില്ലെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. ചാത്തന്നൂര്‍ എസ്.എച്ച്.ഒ ജസ്റ്റിന് ജോണിന്റെ നേതൃത്വത്തില്‍ എസ്.ഐ ആശ. വി. രേഖ ഗ്രേഡ് എസ്.ഐ ഷാജി, സി.പി.ഒ മാരായ ദിനേശ്, അനില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.