ചാത്തന്നൂർ : ദേശീയപാത നിർമാണത്തിന്റെ ഭാഗമായുള്ള ഓടനിർമാണം ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം ഇല്ലാതാക്കിയാണെന്ന പരാതി വ്യാപകമാകുന്നു. ചെറിയ റോഡുകളും വീടുകളിലേക്കുള്ള വഴികളും ഓട നിർമാണത്തിനായി നിർമാണ ചുമതലയുള്ള കരാറുകാർ അടച്ചതോടെ ജനം വലയുകയാണ്.
ചിലയിടങ്ങളിൽ വീടുകൾ റോഡ് നിരപ്പിൽ നിന്ന് വലിയ താഴ്ചയിലായ സ്ഥിതിയാണെങ്കിൽ ചില സ്ഥലത്ത് റോഡും വീടുകളും ഉൾപ്പെടെ കുത്തനെയുള്ള ഇറക്കത്തിന് മുകളിലായി. കഴിഞ്ഞ ദിവസമാണ് ചാത്തന്നൂരിൽ പ്രസവവേദനയിൽ പുളഞ്ഞ ഇതരസംസ്ഥാന യുവതിയെ ഒരാൾപൊക്കത്തിലുള്ള ഓടയുടെ മുകളിലേക്ക് നാലു പേർ ചേർന്ന് എടുത്തു കയറ്റി റോഡിൽ എത്തിച്ച് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയ സംഭവമുണ്ടായത്.
ആശുപത്രിയിൽ എത്തിയപ്പോഴേക്കും ഓട്ടോറിയിൽ പ്രസവം നടക്കുകയും കുഞ്ഞ് മരിക്കുകയും ചെയ്തു. ഇവരെ ഓടക്ക് മുകളിലൂടെ റോഡിലെത്തിക്കാൻ അര മണിക്കൂറെടുത്തത് ആശുപത്രിയിൽ എത്തിക്കാൻ വൈകിയതിന് കാരണമായി. സമാനമായി പലയിടത്തും വീടിനുള്ളിൽ കുടുങ്ങുന്ന സ്ഥിതിയായതോടെ വയോധികർ ബന്ധുവീടുകളിൽ അഭയം തേടുകയാണ്.
വലിയ താഴ്ചയിലായ വീടുകളുടെ ബാക്കിയുള്ള നിർമാണപ്രവർത്തങ്ങളും പ്രതിസന്ധിയിലാണ്. നിർമാണ സാമഗ്രികൾ ഇറക്കണമെങ്കിൽ വാഹനങ്ങൾ വീട്ട് മുറ്റത്ത് എത്തുകയുമില്ല.
പഞ്ചായത്ത് അധികൃതർക്ക് ഇതിനെ കുറിച്ച് ധാരണയും ഇല്ലാത്തത് നാട്ടുകാരെ കുഴക്കുകയാണ്. നിർമാണ കമ്പനി അവരുടെ നിർമാണപ്രവർത്തനങ്ങൾ ഏകപക്ഷീയമായി നടത്തി മുന്നോട്ട് പോകുമ്പോൾ പ്രതിസന്ധിയിലാവുന്നത് ജനങ്ങളാണ്. കഴിഞ്ഞ ദിവസം ഹൈവേ അധികൃതരുടെ നടപടിക്കെതിരെ ചാത്തന്നൂരിൽ വ്യാപാരി വ്യവസായി സമിതി പ്രതിഷേധിച്ചിരുന്നു.
ചാത്തന്നൂർ ഗാന്ധിസ്മാരക നിധി ജങ്ഷനിൽ നിന്ന് സിവിൽസ്റ്റേക്ഷനിലേക്കും വയലിൽ ഭഗവതി ക്ഷേത്രത്തിലേക്കും സർക്കാർ ഐ.ടി.ഐയിലേക്കും മറ്റുസ്ഥലങ്ങളിലേക്കും പോകുന്ന പ്രധാന റോഡിലും ഉയരത്തിൽ ഓട നിർമിക്കുന്നു. ഒരു മാസം മുമ്പാണ് ഇവിടെ നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചത്.
തുടർന്ന് യാതൊരു മുന്നറിയിപ്പും ഇല്ലാതെ ഒരാൾ പൊക്കത്തിൽ ഓടനിർമാണം നടത്തുകയും വഴിയടക്കുകയും ചെയ്യുകയായിരുന്നു. ചെറിയ റോഡുകളുടെ നിർമാണം ദേശീയപാത അതോറിറ്റി ചുമതലയെല്ലന്ന് നിർമാണകമ്പനി അധികൃതർ അറിയിച്ചതോടെ അത്തരം റോഡുകൾ ആര് പണിയും എന്ന് നോക്കിയിരിക്കുകയാണ് നാട്ടുകാർ.
നിലവിൽ പഞ്ചായത്ത് അധികൃതർക്കാണ് ഈ റോഡുകളുടെ നിർമാണചുമതല. പഞ്ചായത്ത് കമ്മിറ്റിയിൽ പ്രതിപക്ഷ രാഷ്ട്രീയപാർട്ടി മെംബർമാരും വാർഡ് മെമ്പറും റോഡ് നിർമാണത്തിന്റെ ആവശ്യകത ചൂണ്ടികാണിച്ചിട്ടും പഞ്ചായത്തിലെ പൊതുമരാമത്ത് വിഭാഗം അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണെന്ന് ആക്ഷേപമുണ്ട്. അടിയന്തരമായി എസ്റ്റിമേറ്റ് എടുത്ത് റോഡ് നിർമാണം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.