ചാത്തന്നൂർ: പോളച്ചിറ ഏലായും പരിസരവും മയക്കുമരുന്ന് സംഘങ്ങൾ താവളമാക്കുന്നു. പൊലീസ്, എക്സൈസ് പരിശോധന ശക്തമാക്കണമെന്ന ആവശ്യമുയരുന്നു.
ചിറക്കരത്താഴം, പോളിച്ചിറ, കുഴുപ്പിൽ എന്നിവിടങ്ങളിലെ ഏലാ ബണ്ട് റോഡുകളിൽ മദ്യപരുടെയും ലഹരിമരുന്ന് മാഫിയകളുടെയും ശല്യം രൂക്ഷമാണ്. ദിവസേന ചേരിതിരിഞ്ഞുള്ള അക്രമങ്ങളും സംഘർഷവും പ്രദേശവാസികളെ ഭീതിയിലാക്കുന്നു. മദ്യപാനികളുടെ അർധരാത്രിവരെ നീളുന്ന ആർപ്പ് വിളികളും സ്ഥലത്തെ ബൈക്ക് റേസിങ്ങും കാരണം നാട്ടുകാർ ബുദ്ധിമുട്ടുകയാണ്.
കുഴുപ്പിൽ ഏലായുടെ ഇരു ബണ്ടുകളിലും ലഹരി ഉപയോഗിക്കുന്നവരുടെ ശല്യത്തിന് രാപകൽ വ്യത്യാസമില്ലെന്ന് നാട്ടുകാർ പറയുന്നു. മദ്യക്കുപ്പികൾ പൊട്ടിച്ച് നെൽവയലുകളിലും തോട്ടിലും ഇടുന്നതും പതിവാണ്. പോളച്ചിറ ഉദയകല ജങ്ഷനിലെത്തുന്ന ലഹരിമരുന്നുസംഘങ്ങൾ ബൈക്കുകളും കാറുകളും ഒതുക്കിയിട്ട് ഇവിടെനിന്ന് കുഴിപ്പിൽ ഏലാ ബണ്ടിലെത്തി കാടുപിടിച്ച ഭാഗങ്ങളിൽ തമ്പടിക്കുന്നതായാണ് പരാതി.
ചിറക്കരത്താഴത്തെ സ്വകാര്യ ഡെയറിഫാമിനു താഴെ കുഴുപ്പിൽ ഏലാ ബണ്ടു റോഡിൽ ദൂരദേശത്തുനിന്നു പോലും കോളജ് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ മദ്യപിക്കാൻ എത്തുന്നതായും നാട്ടുകാർ പറയുന്നു. പൊലീസും എക്സൈസും സ്ഥിരമായി ഈ പ്രദേശത്ത് പട്രോളിങ് നടത്തുന്നുണ്ടെങ്കിലും വിശാലമായ പാട ശേഖരമായതിനാൽ ലഹരിസംഘങ്ങളെ പിടികൂടാൻ പറ്റാത്ത അവസ്ഥയാണ്.
പോളച്ചിറ ഏലാക്ക് കിഴക്കുഭാഗത്തിന് സമീപവും ലഹരിസംഘങ്ങളുടെ താവളമാണ്. രാത്രി എട്ടിനുശേഷം ഈ പ്രദേശങ്ങളിൽ ആളില്ലാതെ കാണുന്ന ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ളവ കസ്റ്റഡിയിലെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മൂന്ന് പൊലീസ് സ്റ്റേഷനുകൾ അതിർത്തി പങ്കിടുന്ന പോളച്ചിറയിൽ അടിയന്തരമായി പൊലീസ് എയ്ഡ്പോസ്റ്റ് സ്ഥാപിക്കണം.
പൊലീസ്, എക്സൈസ് പട്രോളിങ് ശക്തമാക്കി പ്രദേശങ്ങളിലെ സാമൂഹികവിരുദ്ധ ശല്യവും ലഹരിമരുന്നു കച്ചവടവും അമർച്ചചെയ്ത് ജനങ്ങൾക്ക് സ്വൈര ജീവിതം ഉറപ്പാക്കണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.