ചാത്തന്നൂർ: ചാത്തന്നൂർ മേഖലയും പരവൂരിന്റെ തീരദേശ മേഖലകളും മയക്കുമരുന്നു സംഘങ്ങളുടെ താവളമാകുന്നു.
അക്രമങ്ങളും വ്യാപകം. കഴിഞ്ഞദിവസം ചാത്തന്നൂർ ജങ്ഷന് സമീപം നടന്ന സംഘട്ടനത്തിൽ മയക്കുമരുന്നിനടിമയായ ആക്രമികളിലൊരാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. ബാക്കിയുള്ളവർ ഓടി രക്ഷപ്പെടുകയായിരുന്നു. താഴം വടക്ക് സ്വദേശിയെയാണ് നാട്ടുകാർ പൊലീസിനെ ഏൽപിച്ചത്.
ചാത്തന്നൂർ ജങ്ഷന് സമീപം വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെയാണ് മൂന്നംഗ മയക്കുമരുന്ന് സംഘം മാരകായുധങ്ങളുമായി ആക്രമണം നടത്തിയത്. മയക്കുമരുന്ന് സംഘത്തിനെതിരെ പ്രതികരിച്ചയാളെ സംഘം തല്ലിച്ചതച്ചു. ബിയർകുപ്പികളും പാറകളുമായി ആക്രമിക്കുകയായിരുന്നു.
ആക്രമത്തിൽ പരിക്കേറ്റയാൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിലാണ്. ദിവസങ്ങളായി ആനാംചാൽ കേന്ദ്രീകരിച്ച് മയക്കുമരുന്ന് സംഘങ്ങൾ നടത്തുന്ന ആക്രമണങ്ങളിൽ നിരവധിപേരാണ് ഇരയായത്. പരസ്യമായി നടക്കുന്ന മയക്കുമരുന്ന് കച്ചവടം ചോദ്യം ചെയ്തവരെ സംഘം ആക്രമിക്കുകയായിരുന്നു. പരാതി പറഞ്ഞവരെയും ആക്രമിക്കുന്ന സ്ഥിതിയാണ്. വിവരം പൊലീസിന് കൈമാറിയെന്നാരോപിച്ച് നിരവധിപേരെ മാരകായുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി. സന്ധ്യകഴിഞ്ഞാൽ ഇരുചക്രവാഹനങ്ങളിൽ മാരകായുധങ്ങളുമായി ഭീകരാന്തരീഷം സൃഷ്ടിച്ചെത്തുന്ന സംഘം പരസ്യമായാണ് മയക്കുമരുന്ന് കച്ചവടം നടത്തുന്നത്.
പൊഴിക്കര കായലിന്റെ മധ്യഭാഗത്തായുള്ള തുരുത്തുകൾ പൊഴിക്കര തെക്കുംഭാഗം, നെല്ലേറ്റിൽ കായൽ, കൊടുംകാട് പിടിച്ചു കിടക്കുന്ന റെയിൽവേ പുറമ്പോക്ക് ഭൂമികൾ റെയിൽവേ സ്റ്റേഷൻ ഭാഗങ്ങളും മയക്കുമരുന്ന് മാഫിയയുടെ കൈയിലാണ്. പരവൂർ റെയിൽവേ സ്റ്റേഷന്റെ പിൻവശത്ത് ഇത്തരം സംഘങ്ങൾ തമ്പടിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. ഇതരസംസ്ഥാനങ്ങളിൽനിന്നെത്തുന്ന മത്സ്യവണ്ടികളിലാണ് മയക്കുമരുന്ന് കടത്തെന്നും പരാതിയുണ്ട്. മയക്കുമരുന്ന് കച്ചവടവും ആക്രമണസംഭവങ്ങളും വർധിക്കുമ്പോഴും പൊലീസിന്റെയും എക്സൈസിന്റെയും പരിശോധനകളും നടപടികളും പ്രഹസനമാവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.