ചാത്തന്നൂർ: ഗ്യാസ് ഏജൻസിയുടെ വാതിൽ തീവെച്ചുതകർത്ത് മോഷണം. ചാത്തന്നൂർ ജങ്ഷന് സമീപമുള്ള മോഹൻ ഗ്യാസ് ഏജൻസിയുടെ ഓഫിസിലാണ് കഴിഞ്ഞദിവസം രാത്രി മോഷണം നടന്നത്. രാവിലെ അഞ്ചോടെ വാഹനമെടുക്കാൻ വന്ന ജോലിക്കാരാണ് വാതിൽ തുറന്നുകിടക്കുന്നതു കണ്ട് ഉടമയെ വിവരം അറിയിച്ചത്.
ഏജൻസിയുടെ ഓഫിസ് കെട്ടിടത്തിെൻറ മുറ്റത്തുതന്നെയുള്ള ഗ്യാസ് ഗോഡൗണിെൻറ പൂട്ട് തകർത്ത് അവിടെ നിന്ന് അഞ്ചു കിലോ വരുന്ന ചെറിയ ഗ്യാസ് സിലിണ്ടർ എടുത്തു ഗ്യാസ് തുറന്നുവിട്ട് പ്രധാനവാതിലിന് തീവെച്ചു. മുറ്റത്ത് പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിൽനിന്ന് ലിവറും ജാക്കിയും എടുത്ത് അത് ഉപയോഗിച്ചാണ് മോഷണം നടത്തിയത്. ജന്നൽചില്ല് തകർത്ത് കമ്പികൾ വളയ്ക്കാനുള്ള ശ്രമവും നടന്നിട്ടുണ്ട്. സിറ്റൗട്ടിൽ ഇരുന്ന് മദ്യപിക്കുകയും ആഹാരം കഴിക്കുകയും ചെയ്തിട്ടുണ്ട്. ഭക്ഷണത്തിെൻറ ബാക്കി മേശമേൽ ഉപേക്ഷിച്ച നിലയിലുണ്ട്. വരാന്തയിൽ കിടന്ന മേശയും കസേരകളും എല്ലാം മാറ്റിയിട്ടാണ് മോഷണം നടത്തിയത്. അകത്തുകയറിയ മോഷ്ടാക്കൾ ലോക്കർ തകർക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന്, മേശകളുടെ പൂട്ട് തകർത്ത് കലക്ഷൻ പൈസ അപഹരിച്ചു. എത്ര രൂപയുണ്ടായിരുന്നെന്ന് തിട്ടപ്പെടുത്തി വരികയാണ്.
കെട്ടിടത്തിെൻറ നാല് വശത്തുമുള്ള കാമറകൾ എല്ലാം തന്നെ ദിശ മാറ്റിെവച്ച മോഷ്ടാക്കൾ ഹാർഡ് ഡിസ്ക് അടക്കമുള്ള യുനിറ്റ് കടത്തി. ഞായറാഴ്ച രാത്രി ചാത്തന്നൂർ പോസ്റ്റ് ഓഫിസിൽ മോഷണശ്രമം നടന്നിരുന്നു. ജനൽ അഴി അറത്തുമാറ്റിയാണ് മോഷ്ടാവ് ഉള്ളിൽ കടന്നത്. ലോക്കറിൽ പണമുണ്ടായിരുന്നെങ്കിലും അത് തുറക്കാൻ കഴിഞ്ഞിരുന്നില്ല.
ചാത്തന്നൂർ എസ്.എച്ച്.ഒ ജസ്റ്റിൻ ജോണിെൻറ നേതൃത്വത്തിൽ പൊലീസും കൊല്ലത്തുനിന്ന് വിരലടയാള വിദഗ്ധനും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ചാത്തന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രത്യേക സംഘം രൂപവത്കരിച്ചു അന്വേഷണം വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.