ചാത്തന്നൂർ: പാരിപ്പള്ളിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ 15 കിലോ 300 ഗ്രാം കഞ്ചാവുമായി മൂന്നുപേർ അറസ്റ്റിലായി. പുത്തൻകുളം നെടുവള്ളി ചാലിൽ രാജാലയം വീട്ടിൽ രാജേഷ് (36), എഴിപ്പുറം പാലവിള പുത്തൻവീട്ടിൽ ഷിബു (44), എഴിപ്പുറം സലാഹുദ്ദീൻ മൻസിലിൽ സലാഹുദ്ദീൻ (29) എന്നിവരെയാണ് ചാത്തന്നൂർ എക്സൈസ് പിടികൂടിയത്.
തിരുവനന്തപുരം ഭാഗത്തുനിന്ന് കൊല്ലം ഭാഗത്തേക്ക് മാരുതി കാറിൽ കഞ്ചാവുമായി വരവെ ഞായറാഴ്ച രാവിലെ പത്തരയോടെ പാരിപ്പള്ളി മുക്കടയിലാണ് അറസ്റ്റിലായത്. ആന്ധ്രയിൽനിന്ന് ട്രെയിനിൽ കൊണ്ടുവന്ന കഞ്ചാവ് തിരുവനന്തപുരത്തുനിന്ന് ഇടനിലക്കാരൻ വഴി വാങ്ങുകയായിരുന്നു. ചെറുപാക്കറ്റുകളാക്കിയാണ് ഇവർ കൊല്ലത്ത് ആവശ്യക്കാർക്ക് കഞ്ചാവ് എത്തിച്ചിരുന്നത്.
കൊല്ലം ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇവരെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. മുമ്പും നിരവധി തവണ കഞ്ചാവ് കൊണ്ടു വന്ന് ഇവർ ആവശ്യക്കാർക്ക് കൈമാറിയിരുന്നതായി ചോദ്യം ചെയ്യലിൽ വ്യക്തമായി. പിടിയിലായവർ നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടരാണ്.
രാജേഷ് പാരിപ്പള്ളിയിൽ ഓട്ടോറിക്ഷ ഡ്രൈവറായി ജോലിനോക്കുന്നതിനൊപ്പം കഞ്ചാവ് കച്ചവടവും നടത്തിവരികയായിരുന്നു. പ്രതികൾക്ക് കഞ്ചാവ് വാങ്ങാൻ സാമ്പത്തിക സഹായം നൽകിയവരെക്കുറിച്ചും സൂചന ലഭിച്ചിട്ടുണ്ട്. കേസിൽ കൂടുതൽ പ്രതികളുണ്ടെന്നും ഇവർക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായും ഉദ്യോഗസ്ഥർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.