കൊല്ലം: സഹകരണ സ്ഥാപനങ്ങളിലെ ക്രമക്കേട് സംബന്ധിച്ച രജിസ്ട്രാറുടെ റിപ്പോർട്ടിൽ ഉൾപ്പെട്ട ജില്ലയിലെ സഹകരണസംഘങ്ങളിൽ ഏറെയും ഗ്രാമീണ മേഖലയിൽ പ്രവർത്തിക്കുന്നവ. ജില്ലയിൽ 42 സഹകരണ സംഘങ്ങളാണ് പട്ടികയിലുള്ളത്. സഹകരണ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനകളിൽ അപാകത കണ്ടെത്തുന്നത് സ്വാഭാവികമാണെന്നും ഇത്തരം സംഭവങ്ങളിൽ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നാണ് സഹകരണ സ്ഥാപനങ്ങളുടെ ചുമതലയുള്ളവർ പറയുന്നത്.
അതേസമയം, രാഷ്ട്രീയ നേതാക്കളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഭൂരിഭാഗം സഹകരണ സംഘങ്ങളിലും നടക്കുന്ന ക്രമക്കേടുകൾ ഓഡിറ്റിൽ കണ്ടെത്തിയാലും പുറത്ത് വരാത്ത സാഹചര്യമുണ്ട്. നിക്ഷേപകരുടെ പരാതികൾ വരുന്ന ഘട്ടങ്ങളിൽ മാത്രമാണ് പല സംഭവങ്ങളും പൊതുജനശ്രദ്ധയിലേക്ക് എത്തുക.
സഹകരണ രജിസ്ട്രാറുടെ പട്ടികയിൽ ക്രമക്കേട് നടന്നതായി കണ്ടെത്തിയ ജില്ലയിലെ സഹകരണ സംഘങ്ങളിൽ 16 എണ്ണം യു.ഡി.എഫ് നിയന്ത്രണത്തിലുള്ളതും ആറെണ്ണം എൽ.ഡി.എഫ് നിയന്ത്രണത്തിലുള്ളതുമാണ്. പട്ടത്താനം സർവിസ് സഹകരണ ബാങ്ക്, പട്ടത്താനം വനിത സി.എസ് ക്യൂ 152, നെടുങ്ങോലം സർവിസ് സഹകരണ ബാങ്ക്, മയ്യനാട് സർവിസ് സഹകരണ ബാങ്ക്, പേരൂർ സർവിസ് സഹകരണ ബാങ്ക്.
വേണാട് അർബൻ സഹകരണ സംഘം, നടയ്ക്കൽ സർവിസ് സഹകരണ ബാങ്ക്, ആദിച്ചനല്ലൂർ റൂറൽ സഹകരണ സംഘം, തൃക്കരുവ പഞ്ചായത്ത് റസി.വെൽഫെയർ സഹകരണ സംഘം, ശക്തികുളങ്ങര പട്ടികജാതി സഹകരണ സംഘം, മുനിസിപ്പൽ എസ്.സി/എസ്.ടി സഹകരണ സംഘം, ഉമയനല്ലൂർ സർവിസ് സഹകരണ ബാങ്ക്, പുനുക്കന്നൂർ ദേശാഭിവർധിനി സർവിസ് സഹകരണ ബാങ്ക്, ഡീസൻറ് സർവിസ് സഹകരണ ബാങ്ക്.
എഴുകോൺ സർവിസ് സഹകരണ ബാങ്ക്, ഇളമാട് സർവിസ് സഹകരണ ബാങ്ക്, വെട്ടിക്കവല സർവിസ് സഹകരണ ബാങ്ക്, നെടുവത്തൂർ സർവിസ് സഹകരണ ബാങ്ക്, ചക്കുവരയ്ക്കൽ സർവിസ് സഹകരണ ബാങ്ക്, മേലില സർവിസ് സഹകരണ ബാങ്ക്, കൊട്ടാരക്കര വനിത ക്ഷേമ സഹകരണ സംഘം, കടയ്ക്കൽ അഗ്രികൾചറൽ ഇംപ്രൂവ്മെന്റ് സഹകരണ സംഘം, കൊട്ടാരക്കര താലൂക്ക് സർവിസ് പെൻഷനേഴ്സ് സംഘം.
പത്തനാപുരം ബ്ലോക്ക് ഹൗസിങ് സഹകരണ സംഘം, ഇടമുളയ്ക്കൽ സർവിസ് സഹകരണ ബാങ്ക്, പുനലൂർ പട്ടികജാതി/പട്ടികവർഗ സഹകരണ സംഘം, ഉറുകുന്ന് റൂറൽ സഹകരണ സംഘം, അറയ്ക്കൽ സർവിസ് സഹകരണ ബാങ്ക്, അഞ്ചൽ ബ്ലോക്ക് ഹൗസിങ് സഹകരണ സംഘം, ആര്യങ്കാവ് പട്ടിക വർഗ സഹകരണ സംഘം, പത്തനാപുരം സർവിസ് സഹകരണബാങ്ക്, പിറവന്തൂർ സർവിസ് സഹകരണ ബാങ്ക്.
പോരുവഴി എസ്.സി.ബി, ശൂരനാട് ഫാർമേഴ്സ് എസ്.സി.ബി, അമ്പലത്തുംഭാഗം എസ്.സി.ബി, ശാസ്താംകോട്ട കോക്കനട്ട് പ്രോസസിങ് ആൻഡ് മാർക്കറ്റിങ് സംഘം, മൈനാഗപള്ളി സർവിസ് സഹകരണ ബാങ്ക്, കുലശേഖരപുരം എസ്.സി.ബി, തഴവ സർവിസ് സഹകരണ ബാങ്ക്, പേരയം സർവിസ് സഹകരണ ബാങ്ക്, കൈപ്പുഴ അഗ്രികൾചറൽ പ്രൊഡ്യൂസേഴ്സ് പ്രോസസിങ് ആൻഡ് മാർക്കറ്റിങ് സഹകരണ സംഘം, ആലപ്പാട് സർവിസ് സഹകരണ ബാങ്ക് എന്നിവയാണ് രജിസ്ട്രാർ സമർപ്പിച്ച റിപ്പോർട്ടിൽ ഉൾപ്പെട്ട സംഘങ്ങൾ. ഇവയിൽ പ്രവർത്തനം സജീവമല്ലാത്തവയുമുണ്ട്.
കൊല്ലം: സഹകരണ സംഘങ്ങളുടെ മെച്ചപ്പെട്ട പ്രവർത്തനം ഉറപ്പാക്കാൻ സഹകരണ വകുപ്പ് വിപുലമായ സംവിധാനം ഒരുക്കിയിട്ടുണ്ടെങ്കിലും ഇത് കാര്യക്ഷമമല്ല. സഹകരണ സംഘങ്ങളിൽ ക്രമവിരുദ്ധ പ്രവർത്തനങ്ങൾ തുടർച്ചയാവുന്നതിന് പ്രധാന കാരണം ഇതാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
കരുവന്നൂർ തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ സഹകരണ സ്ഥാപനങ്ങളെക്കുറിച്ച് പരിശോധന നടത്താൻ സർക്കാർ സഹകരണ രജിസ്ട്രാർക്ക് നൽകിയ നിർദേശത്തെ തുടർന്ന് തയാറാക്കിയ റിപ്പോർട്ടിലാണ് വലിപ്പച്ചെറുപ്പമില്ലാതെ സഹകരണ സ്ഥാപനങ്ങളിൽ പലതിലും കാര്യങ്ങൾ സുതാര്യമല്ലെന്ന് വ്യക്തമായത്.
ജില്ല തലത്തിൽ സഹകരണ ഓഡിറ്റിന് കൃത്യമായ ക്രമീകരണം വകുപ്പിനുണ്ട്. മുമ്പുണ്ടായിരുന്ന രീതിക്ക് പുറമേ ടീം ഓഡിറ്റ് സംവിധാനവും നിലവിലുണ്ട്. എന്നാൽ, പരിശോധനകളും അതിലുള്ള തുടർനടപടികളും കാര്യക്ഷമമല്ല. ക്രമക്കേടുകൾ മിക്കതും റിപ്പോർട്ട് സമർപ്പിക്കുന്നതിൽ ഒതുങ്ങുന്ന സ്ഥിതിയുണ്ട്. രാഷ്ട്രീയ അതിപ്രസരമുള്ള സഹകരണ മേഖലയിൽ കൃത്യമായ നടപടികളുമായി മുന്നോട്ടുപോകാൻ സഹകരണ വകുപ്പ് ജീവനക്കാർക്ക് കഴിയാത്ത സാഹചര്യവും നിലനിൽക്കുന്നു.
സഹകരണ സംഘം രജിസ്ട്രാറുടെ കീഴിൽ വിജിലൻസ് സംവിധാനം പ്രവർത്തിക്കുണ്ടെങ്കിലും മൂർച്ച പോരാ. സഹകരണ നിയമം 68 -എ പ്രകാരം സഹകരണ വിജിലൻസ് പ്രവർത്തനം ആരംഭിക്കുന്നത് 2008 മുതലാണ്. തിരുവനന്തപുരം ആസ്ഥാനമായി വിജിലൻസ് ഓഫിസറുടെ ഓഫിസും സംസ്ഥാനത്ത് മൂന്ന് മേഖല ഓഫിസുകളുമുണ്ട്. എന്നാൽ, സംസ്ഥാനത്താകെ സഹകരണ വിജിലൻസിൽ ആകെ 39 തസ്തികകളാണുള്ളത്.
2021-22ൽ 27 കേസുകളാണ് വിജിലൻസ് അന്വേഷണത്തിന് ലഭിച്ചത്. 56 കേസുകളിൽ റിപ്പോർട്ട് നൽകി. ഓഡിറ്റ് വിഭാവും വിജിലൻസ് വിഭാഗവും കാര്യക്ഷമമാക്കിയാൽ സഹകരണ സ്ഥാപനങ്ങളുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്താനാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.