കൊല്ലം: പ്രഖ്യാപനങ്ങളും ഭേദഗതിനിർദേശങ്ങളും വശംചേർന്ന് പോയപ്പോൾ രാഷ്ട്രീയ വാദപ്രതിവാദങ്ങളും പ്രതിരോധവും നിറഞ്ഞ് നാലര മണിക്കൂർ നീണ്ട കോർപറേഷൻ ബജറ്റ് ചർച്ച.
തിങ്കളാഴ്ച ഡെപ്യൂട്ടി മേയർ കൊല്ലം മധു അവതരിപ്പിച്ച 2024-25 സാമ്പത്തികവർഷത്തെ ബജറ്റിന്മേലുള്ള ചർച്ചയാണ് മണിക്കൂറുകളോളം നീണ്ടത്. ഒടുവിൽ ഏതാനും കൗൺസിലർമാർ ചർച്ചക്കിടയിൽ പറഞ്ഞ നിർദേശങ്ങളും ബാക്കി കുറിപ്പ് നൽകുന്നതുകൂടി പരിഗണിക്കുമെന്ന് ഉറപ്പുപറഞ്ഞും പ്രതിപക്ഷ വിയോജിപ്പോടെ ബജറ്റ് പാസായതായി മേയർ പ്രസന്ന ഏണസ്റ്റ് പ്രഖ്യാപിച്ചു. എൽ.ഡി.എഫ് അംഗങ്ങൾ ബജറ്റിനോട് യോജിച്ച് കൈയുയർത്തിയപ്പോൾ യു.ഡി.എഫ്, ബി.ജെ.പി, എസ്.ഡി.പി.ഐ അംഗങ്ങൾ വിയോജിച്ചു. അംഗീകരിക്കുന്നവർ കൈയുയർത്താൻ മേയർ പറഞ്ഞപ്പോൾ കോൺഗ്രസിന്റെ എസ്. ശ്രീദേവിയമ്മ കൈയുയർത്താൻ തുടങ്ങിയത് യു.ഡി.എഫ് പാർലമെന്ററി പാർട്ടി അധ്യക്ഷൻ ഇടപെട്ട് തടഞ്ഞു. കോർപറേഷനിലെ കുടിവെള്ള-മാലിന്യ-വികസനപ്രശ്നങ്ങൾ മുതൽ യു.എ.ഇയിൽ ക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നതും അയോധ്യ രാമക്ഷേത്രവും എൻ.കെ. പ്രേമചന്ദ്രൻ എം.പി നരേന്ദ്ര മോദിക്കൊപ്പം ഭക്ഷണം കഴിച്ചതും ദേവസ്വം ബോർഡിന്റെ പണവും പാർവതി മില്ലും ഉൾപ്പെടെ രാഷ്ട്രീയചർച്ചകൾക്ക് വഴിതെളിച്ചു.
കുടിവെള്ളം, മാലിന്യം ഉൾപ്പെടെ വിഷയങ്ങളിൽ കോർപറേഷൻ വൻ പരാജയമാണെന്ന യു.ഡി.എഫ് പാർലമെന്ററി പാർട്ടി അധ്യക്ഷൻ ജോർജ് ഡി. കാട്ടിലിന്റെ കുറ്റപ്പെടുത്തലിന് വിവിധ പദ്ധതികൾ വിശദീകരിച്ച് മേയർ മറുപടി നൽകി. മുമ്പ് പോളയത്തോട് ഉൾപ്പെടെ മാലിന്യം കെട്ടിക്കിടന്നതിൽ നിന്ന് ഇന്ന് നഗരത്തിൽ മാലിന്യക്കൂമ്പാരമില്ലാത്ത അവസ്ഥ മേയർ ചൂണ്ടിക്കാട്ടി.
കുരീപ്പുഴ ചണ്ടി ഡിപ്പോയിലെ ബയോമൈനിങ് വിജയകരമായി പൂർത്തിയായതും ഓർമിപ്പിച്ചു. ഞാങ്കടവ് പദ്ധതി പുരോഗതി വിശദീകരിച്ച് കുടിവെള്ളക്ഷാമം സംബന്ധിച്ച ആരോപണം തള്ളി. മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് കൊല്ലം കോർപറേഷനെ ജെനുറം പദ്ധതിയിൽ ഉൾപ്പെടുത്താൻ ഡൽഹിയിൽ പോയി രാഷ്ട്രപതിക്ക് നിവേദനം നൽകിയും പിന്നീട് ബി.ജെ.പി ഭരണത്തുടക്കത്തിൽ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്താൻ നടത്തിയ ശ്രമങ്ങളുമാണ് ഇന്നത്തെ വികസന പ്രവർത്തനങ്ങളുടെ തുടക്കം. വന്ന വഴി മറക്കരുതെന്നും മേയർ പറഞ്ഞു.
ദീർഘവീക്ഷണം ഇല്ലാത്ത ബജറ്റ് ആവർത്തനമാണെന്ന് യു.ഡി.എഫ്, ബി.ജെ.പി അംഗങ്ങൾ ആരോപിച്ചു. കോർപറേഷന്റെ തനത് വരുമാനമാർഗം ഉണ്ടാക്കുന്ന ബൃഹത്തായ പദ്ധതികൾ ബജറ്റിലില്ലെന്നും യു.ഡി.എഫ് അംഗങ്ങൾ ആരോപിച്ചു. ഭരണസമിതിയെകൊണ്ട് ചെയ്യാൻ കഴിയാത്ത പ്രഖ്യാപനങ്ങളാണ് ബജറ്റിലെന്ന് ബി.ജെ.പി പറഞ്ഞു. ദേവസ്വം ബോർഡിന്റെ പണം സർക്കാർ എടുക്കുന്നു എന്ന തരത്തിൽ ബി.ജെ.പി അംഗം ഷൈലജയുടെ പ്രസ്താവനക്ക് സ്ഥിരംസമിതി അധ്യക്ഷൻ എ.കെ. സവാദ് മറുപടി നൽകവെ ഇരുകൂട്ടരും തമ്മിൽ വാക്കേറ്റം രൂക്ഷമായി. എടാപോടാ വിളികളുമായി പരസ്പരം കൊമ്പുകോർത്തതോടെ മേയർ ഇടപെട്ട് രംഗം ശാന്തമാക്കി. സ്വപ്നം കണ്ടത് പ്രാവർത്തികമാക്കുകയാണ് ഭരണസമിതി ചെയ്യുന്നതെന്നും വീട്ടുമുറ്റങ്ങളിൽ പോലും നടക്കുന്ന വികസനപ്രവർത്തനങ്ങൾ കാണാതെ പോകരുതെന്നും ഡെപ്യൂട്ടി മേയർ കൊല്ലം മധു പറഞ്ഞു. സ്ഥിരം സമിതി അധ്യക്ഷരായ എസ്. ജയൻ, സജീവ് സോമൻ, എസ്. ഗീതാകുമാരി, യു. പവിത്ര, എസ്. സവിതദേവി, കൗൺസിലർമാരായ ടി.ആർ. അഭിലാഷ്, ജി. ഉദയകുമാർ, എം. സജീവ്, എസ്. സ്വർണമ്മ, എ. അനീഷ് കുമാർ, ഹണി ബെഞ്ചമിൻ, ടി.പി. അഭിമന്യു എന്നിവരും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.