ഉദ്യോഗസ്ഥവാഴ്ചക്കെതിരെ ഒറ്റക്കെട്ടായി കൗൺസിൽ

കൊല്ലം: വ്യാജ ഒപ്പിട്ടുള്ള ക്രമക്കേട് മുതൽ ആവശ്യമായ പണിയെടുക്കുന്നില്ല എന്നത് വരെ ഒന്നിന് പിറകെ ഒന്നായി ഉദ്യോഗസ്ഥരെ കുറിച്ചുള്ള പരാതികളിൽ ഒറ്റക്കെട്ടായി കോർപറേഷൻ കൗൺസിൽ യോഗം.

മേയറെക്കാൾ വലിയ അധികാരി ചമയുന്ന ഉദ്യോഗസ്ഥരാണ് ഉള്ളതെന്ന് ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ കൗൺസിലർമാർ പരാതിക്കെട്ട് അഴിച്ചതോടെ ജോലി ചെയ്യാൻ വയ്യാത്തവർക്കും ക്രമക്കേട് നടത്തുന്നവർക്കും സ്ഥിരമായി വീട്ടിലിരിക്കാനുള്ള സൗകര്യമൊരുക്കാമെന്ന 'ഉറപ്പ്'നൽകി മേയർ പ്രസന്ന ഏണസ്റ്റും സ്വരം കടുപ്പിച്ചു.

ഉദ്യോഗസ്ഥരെക്കുറിച്ചുള്ള പരാതി ഗൗരവതരമെന്ന് പറഞ്ഞ മേയർ, ആരും അറിയാത്ത അധികാരകേന്ദ്രം പ്രവർത്തിക്കുന്നുണ്ടെങ്കിൽ കർശന നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കി. കോർപറേഷനിലെ പല പ്രശ്നങ്ങളും മേയർക്ക് മുന്നിൽ എത്താതിരിക്കുന്നതാണ് പലപ്പോഴും കാലതാമസം വരുത്തുന്നത്.

ഇനിമുതൽ കോർപറേഷൻ ഓഫിസിൽ നിർവഹണ ചുമതല വഹിക്കുന്ന എല്ലാ ഉദ്യോഗസ്ഥരും കൗൺസിൽ യോഗത്തിൽ പങ്കെടുക്കണമെന്നും മേയർ നിർദേശം നൽകി. ആലാട്ടുകാവ് ഡിവിഷനിലെ പൊൻപുലരി കുടുംബശ്രീ യൂനിറ്റിലെ സാമ്പത്തിക ഇടപാട് സംബന്ധിച്ച പരാതി കഴിഞ്ഞ കൗൺസിൽ യോഗത്തിൽ ഉന്നയിച്ചപ്പോൾ സ്ഥിരംസമിതി അധ്യക്ഷൻ എസ്. ജയൻ ഉയർത്തിക്കാട്ടിയ അയൽക്കൂട്ടയോഗ മിനിറ്റ്സ് വ്യാജമായിരുന്നെന്ന ആരോപണവുമായി പൊതുചർച്ചയുടെ തുടക്കത്തിൽ തന്നെ യു.ഡി.എഫ് അംഗങ്ങൾ രംഗത്തെത്തി.

വ്യാജ മിനിറ്റ്സ് ഉപയോഗിച്ച് കൗൺസിലിനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്നും ഇത് ചെയ്ത അധ്യക്ഷൻ രാജിെവക്കണമെന്നും ആവശ്യമുന്നയിച്ച് പ്രതിഷേധസൂചകമായി കോൺഗ്രസ്, ആർ.എസ്.പി കൗൺസിലർമാർ ഇറങ്ങിപ്പോയി.

തുടർന്ന് മൂന്ന് മണിക്കൂറോളം കോർപറേഷൻ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയെക്കുറിച്ചും തെരുവുവിളക്ക് പ്രശ്നം ഇനിയും പരിഹരിക്കാത്തതിനെക്കുറിച്ചും പി.എം.വൈ.എ ലൈഫ് പദ്ധതിയിൽ അനർഹർ കടന്നുകൂടുന്നതിനെക്കുറിച്ചും പൊതുചർച്ച ചൂടുപിടിച്ചു.

സ്ഥിരംസമിതി അധ്യക്ഷൻ രാജിെവക്കണമെന്ന യു.ഡി.എഫ് ആവശ്യം ആവർത്തിച്ച ബി.ജെ.പിയുടെ ടി.ജി. ഗിരീഷ്, കരാറുകാരുടെ സെക്യൂരിറ്റി തുക വ്യാജ ഒപ്പും സീലും ഉപയോഗിച്ച് കൈമാറിയ കേസിൽ രണ്ട് ക്ലർക്കുമാരിൽ നടപടിയൊതുക്കിയതിനെ നിശിതമായി വിമർശിച്ചു.

സംഭവത്തിന് പിന്നിലുള്ള മുഴുവൻ പേർക്കെതിരെയും നടപടിയെടുത്തില്ലെങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ക്രമക്കേടിലൂടെ പണം വാങ്ങിയ കരാറുകാരനെ കരിമ്പട്ടികയിൽപെടുത്തണമെന്നും ആവശ്യപ്പെട്ടു.

തുടർന്ന് സംസാരിച്ച സി.പി.ഐയുടെ ബി. സാബുവാണ് കൗൺസിലിലെ ചിരകാല പ്രശ്നമായ തെരുവുവിളക്ക് വിഷയത്തിൽ ചർച്ചക്ക് തിരികൊളുത്തിയത്. ഡിവിഷനിൽ സ്ഥാപിക്കാൻ എത്തിച്ചത് പഴയ ട്യൂബ് ലൈറ്റുകളാണെന്നും കത്തിച്ചതിന് പിന്നാലെ അണയുകയാണെന്നും പരാതി ഉയർത്തിയ അദ്ദേഹം ഈ സ്ഥിതി തുടർന്നാൽ സ്ഥിരംസമിതി അധ്യക്ഷന്‍റെ വീടിന് മുന്നിൽ ഉപരോധം നടത്തേണ്ട സ്ഥിതി വരുമെന്നും പറഞ്ഞു. പ്രിയദർശനും തെരുവുവിളക്ക് വിഷയത്തിൽ ഇനിയും സഹിക്കാനാകില്ലെന്ന നിലപാടെടുത്തു.

കോളനികളിലെ ഫീസിബിലിറ്റി സർട്ടിഫിക്കറ്റ് ഉൾപ്പെടെ വിഷയങ്ങളിൽ പട്ടികജാതി വിഭാഗം ഓഫിസർ നിഷേധാത്മക നിലപാട് കൈക്കൊള്ളുന്നെന്ന എ. നൗഷാദിന്‍റെ പരാതി പ്രിയദർശനും ശരിവെച്ചു.

ഈ ഓഫിസറെക്കുറിച്ച് കടുത്ത ഭാഷയിലാണ് കൗൺസിലർമാർ പരാതി ഉന്നയിച്ചത്. ഇതോടെയാണ് കൗൺസിൽ യോഗത്തിൽ ചുമതലയുള്ള എല്ലാ ഉദ്യോഗസ്ഥരും പങ്കെടുക്കണമെന്ന് മേയർ നിർദേശം നൽകിയത്. തീരപ്രദേശത്തെ 2500ലധികം വീടുകൾക്ക് നമ്പർ നൽകുന്ന കാര്യത്തിൽ ഉദ്യോഗസ്ഥർ തീരുമാനം എടുക്കാത്തതിനെകുറിച്ച് രണ്ട് വർഷം മുമ്പ് നൽകിയ പരാതിയിൽ ഇനിയും നടപടി ഉണ്ടാകാത്തത് ജെ. സ്റ്റാൻലി ഉയർത്തിക്കാട്ടി.

അർഹതയില്ലാത്ത രണ്ടുപേർക്ക് പി.എം.വൈ.എ ലൈഫ് പദ്ധതിയിൽ വീട് നൽകിയതിനെക്കുറിച്ച് ബി.ജെ.പിയുടെ ബി. ഷൈലജ പരാതി ഉന്നയിച്ചു. കൈവശാവകാശ സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്ക് വീട് നൽകാൻ ഉദ്യോഗസ്ഥർ അളവെടുപ്പ് നടത്തിയതായി ഹണി ബെഞ്ചമിനും വ്യക്തമാക്കി.

മേയറോ സെക്രട്ടറിയോ ആണെന്ന നിലപാടാണ് ക്ലർക്കുമാർക്കുള്ളതെന്നും ചെറുപ്പക്കാരായ കരാറുകാരെ കോർപറേഷനിൽനിന്ന് ഓടിക്കുന്നതിന് ചരടുവലികളാണ് ഉദ്യോഗസ്ഥർ നടത്തുന്നതെന്നും ഇതിന്‍റെ ഭാഗമായാണ് കാലാവധി കഴിഞ്ഞിട്ടും സെക്യൂരിറ്റി ഡെപ്പോസിറ്റ് നൽകാത്തതെന്നും ഹണി ബെഞ്ചമിൻ പറഞ്ഞു.

വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ ഒരുരീതിയിലും സംരക്ഷിക്കില്ലെന്ന് സ്ഥിരംസമിതി അധ്യക്ഷരായ എസ്. ജയനും ജി. ഉദയകുമാറും മറുപടി നൽകി. കുടുംബശ്രീ പരാതിയിൽ അന്വേഷണത്തിന്‍റെ ഭാഗമായി പ്രോജക്ട് ഓഫിസർ നൽകിയ മിനിറ്റ്സാണ് കൗൺസിൽയോഗത്തിൽ വെച്ചതെന്ന് എസ്. ജയൻ പറഞ്ഞു.

ഭവനപദ്ധതിയിൽ അനർഹർ കയറിക്കൂടാതിരിക്കാൻ കൗൺസിലർമാർ കൂടുതൽ ജാഗ്രത കാട്ടണമെന്നും പരാതി വരുന്നതനുസരിച്ച് നടപടിയെടുക്കുമെന്നും അദേഹം പറഞ്ഞു. തെരുവുവിളക്കുകൾക്കായി പുതിയ ലൈറ്റുകളാണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും റദ്ദാക്കിയ ഇ-സ്മാർട്ട് കരാറിന് പകരം പുതിയ സംവിധാനം ആലോചനയിലാണെന്നും ജി. ഉദയകുമാർ പറഞ്ഞു. തുടർന്ന് 74 അജണ്ടകൾ ചർച്ച ചെയ്ത കൗൺസിൽ ഒരെണ്ണം ഒഴികെ എല്ലാം പാസാക്കി. ഡെപ്യൂട്ടി മേയർ കൊല്ലം മധു, സ്ഥിരംസമിതി അധ്യക്ഷരായ ഗീതാകുമാരി, യു. പവിത്ര എന്നിവരും സംസാരിച്ചു.

ചർച്ചകളിൽ നിറഞ്ഞ് കിളികൊല്ലൂർ സോണൽ

കോർപറേഷൻ കൗൺസിൽ യോഗത്തിൽ ഉദ്യോഗസ്ഥരുടെ പണി ചെയ്യാനുള്ള മടി പ്രശ്നത്തിൽ ഏറ്റവും പരാതി ഉയർന്നത് കിളികൊല്ലൂർ സോണലിനെകുറിച്ച്. ഒമ്പത് ഡിവിഷനുകളുടെ പരിധിയിൽ വരുന്ന ഈ സോണൽ ഓഫിസിൽ ജീവനക്കാർ പണിയെടുക്കാത്തത് കാരണം ഫയലുകൾ ഒന്നും നീങ്ങാത്ത സ്ഥിതിയാണെന്നും നാട്ടുകാരും ഉദ്യോഗസ്ഥരും തമ്മിൽ സ്ഥിരം പ്രശ്നമാണെന്നും കൗൺസിലർമാരുടെ വാക്കുകൾക്ക് പോലും വിലകൽപ്പിക്കുന്നില്ലെന്നുമാണ് പരാതി.

ഉദ്യോഗസ്ഥരുടെ പേരെടുത്ത് പറഞ്ഞായിരുന്നു രൂക്ഷവിമർശനം. സി.പി.ഐയുടെ എ. നൗഷാദ് ആണ് ആദ്യം സംസാരിച്ചത്. ഭരണസമിതിക്കും കോർപറേഷനും നാണക്കേടുണ്ടാക്കുന്ന തരത്തിലാണ് ഉദ്യോഗസ്ഥർ പെരുമാറുന്നതെന്നും എങ്ങനെ കൗൺസിലർമാരോട് പെരുമാറണമെന്ന് ജീവനക്കാർക്ക് ക്ലാസ് നൽകണമെന്നും നൗഷാദ് ആവശ്യപ്പെട്ടു.

സുജ കൃഷ്ണനും ഉദ്യോഗസ്ഥർ പണിയെടുക്കുന്നില്ലെന്ന പരാതി ആവർത്തിച്ചു. ഒരുവിഷയത്തിൽ സോണൽ ഓഫിസിലെ ഉദ്യോഗസ്ഥർ ബാക്ക് ഫയൽ കണ്ടില്ലെന്ന് കൈമലർത്തിയതോടെ താൻ തന്നെ ഓഫിസിൽനിന്ന് ഫയൽ എടുത്തുകൊടുക്കേണ്ടിവന്ന സംഭവവും ഓരോ ഉദ്യോഗസ്ഥരുടെയും പ്രവർത്തനരീതികളും സി.പി.എമ്മിന്‍റെ വി. സന്തോഷ് വിവരിച്ചു.

സ്കിൽടെക്കിൽ നിയമിച്ച ഉദ്യോഗാർഥികൾപോലും ഈ ഓഫിസിൽ പണിയെടുക്കുന്നില്ലെന്ന പരിഭവമാണ് കൗൺസിലർ സന്തോഷ് പങ്കുവെച്ചത്. ഇതോടെ നവംബറിൽ സോണൽ ഓഫിസുകളിൽ മേയർ, ഡെപ്യൂട്ടി മേയർ, സെക്രട്ടറി, സ്ഥിരംസമിതി അധ്യക്ഷർ, കൗൺസിലർമാർ എന്നിവരുൾപ്പെടെ പങ്കെടുക്കുന്ന അദാലത് സംഘടിപ്പിക്കുമെന്ന് മേയർ പ്രഖ്യാപിച്ചു. സ്കിൽടെക് ഉദ്യോഗാർഥികളെക്കുറിച്ചുള്ള പരാതി പരിശോധിക്കാൻ സ്ഥിരംസമിതി അധ്യക്ഷൻ ഉദയകുമാറിനെ മേയർ ചുമതലപ്പെടുത്തി.

ആശ നിയമനത്തിന് അംഗീകാരമായില്ല

കോർപറേഷനിലെ 25 ഡിവിഷനുകളിലെ ആശ വർക്കർ നിയമനത്തിന് കൗൺസിൽയോഗം അംഗീകാരം നൽകുന്നത് മാറ്റിവെച്ചു. മൂന്ന് ഡിവിഷനുകളിൽ തെരഞ്ഞെടുത്തവരെ സംബന്ധിച്ച് പരാതി ഉയർന്നതോടെയാണ് അജണ്ട മാറ്റിവെച്ചത്.

അഭിമുഖത്തിൽ പങ്കെടുത്ത ഉദ്യോഗാർഥിയുൾപ്പെടെ പരാതി നൽകിയിട്ടുണ്ട്. മൂന്ന് ഡിവിഷനുകളിലെ തർക്കത്തിന്‍റെ പേരിൽ മറ്റ് ഡിവിഷനുകളിലെ നിയമനം തടയരുതെന്ന് ആവശ്യമുയർന്നെങ്കിലും പരാതി പരിഹരിച്ച് അടുത്ത കൗൺസിലിൽ പരിഗണിക്കാമെന്ന് മേയർ ഉറപ്പുനൽകി.

Tags:    
News Summary - Council stands united against bureaucracy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.