കൊല്ലം: മുഖ്യമന്ത്രിയും പാർട്ടി സംസ്ഥാന സെക്രട്ടറിയുമടക്കം സംസ്ഥാന നേതൃത്വത്തിനെതിരെ സി.പി.എം ജില്ല കമ്മിറ്റി യോഗത്തിൽ രൂക്ഷ വിമർശം. കേന്ദ്ര നേതൃത്വത്തിനുപോലും സംസ്ഥാന ഭരണത്തിലും പാർട്ടിയുടെ സംസ്ഥാന ഘടകത്തിലും നിയന്ത്രണമില്ലെന്നും നിഗൂഢതയുടെ നിഴലിലാണ് പാർട്ടി മുന്നോട്ടുപോകുന്നതെന്നുമടക്കം വിമർശനമുയർന്നു. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന ആവശ്യവും ഉയർന്നു.
തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ ചേർന്ന യോഗത്തിലാണ് പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയുടെ മുന്നിൽ ജില്ല നേതാക്കൾ മുഖ്യമന്ത്രിക്കെതിരെ ഉൾപ്പെടെ വിമർശനം ഉന്നയിച്ചത്. മുതിർന്ന നേതാവ് പി.കെ. ഗുരുദാസൻ അടക്കമുള്ളവരാണ് വിമർശനം നടത്തിയത്.
പാർട്ടിയും ഭരണവും കണ്ണൂർ ലോബിയുടെ കൈകളിലാണന്നും കഴിഞ്ഞ സർക്കാറിലെ മന്ത്രിമാരിൽ ആരും ഇപ്പോഴത്തെ സർക്കാറിൽ മന്ത്രിമാരാകേൈണ്ടതില്ലന്നതടക്കമുള്ള തീരുമാനങ്ങൾ രഹസ്യ അജണ്ടയുടെ ഭാഗമാണ്.
മുഖ്യമന്ത്രിയുടെ മുഖം അഹങ്കാരത്തിന്റേതായെന്നും ഇടത് സഹയാത്രികനായ ഗീവർഗീസ് മാർ കുറിലോസിന്റെ വിമർശനത്തോട് ധിക്കാരത്തിന്റെ ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചതെന്നും മൈക്ക് ഓപറേറ്റർമാരോടുപോലും തട്ടിക്കയറുന്ന സമീപനം ജനങ്ങളിൽ ഏറെ അവമതിപ്പ് ഉണ്ടാക്കിയെന്നും അഭിപ്രായം ഉയർന്നു.
എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജന്റെ വാക്കുകളും ചെയ്തികളും പാർട്ടിക്ക് ഏറെ അവമതിപ്പുണ്ടാക്കി. എം.വി. ഗോവിന്ദൻ പരാജയപ്പെട്ട സെക്രട്ടറിയാണന്നും വിലയിരുത്തലുണ്ടായി.
കൊല്ലത്ത് എം. മുകേഷിനെ സ്ഥാനാർത്ഥിയാക്കിയതിനെ പി.കെ. ഗുരുദാസൻ രൂക്ഷമായി വിമർശിച്ചു. ആർ. ബിന്ദുവിന്റെ മന്ത്രിസ്ഥാനം ബന്ധുനിയമനമാണന്നും അഭിപ്രായം ഉയർന്നു. മറ്റ് സംസ്ഥാനങ്ങൾ ഉപേക്ഷിച്ച നാലുവർഷ ബിരുദ പദ്ധതി ആരുടെ താൽപര്യത്തിനാണന്നും ചോദ്യം ഉയർന്നു. ജില്ലയിലെ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ നേതാക്കൾ ഉൾപ്പെടെയുള്ളവർക്കെതിരെയും ലോക്സഭ തെരഞ്ഞെടുപ്പിന് ചുക്കാൻ പിടിച്ചവർക്കെതിരെയും വിമർശനമുയർന്നു.
കഴിഞ്ഞദിവസം നടന്ന ജില്ല കൗൺസിൽ യോഗത്തിലും മുകേഷിന്റെ സ്ഥാനാർഥിത്വത്തിനെതിരെ വിമർശനം ഉയർന്നിരുന്നു. അതേസമയം, ജില്ല കമ്മിറ്റി യോഗത്തിൽ ഉയർന്നുവെന്ന് പ്രചരിക്കപ്പെടുന്ന വിമർശനങ്ങളിൽ 20 ശതമാനം മാത്രമാണ് ശരിയെന്നും മറ്റെല്ലാം നിഗമനങ്ങളാണന്നും പാർട്ടി സംസ്ഥാന കമ്മിറ്റിഅംഗവും ലോക്സഭ തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയുമായിരുന്ന കെ. വരദരാജൻ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.