കൊല്ലം: നിയമസഭ തെരഞ്ഞെടുപ്പിൽ കുണ്ടറ, പത്തനാപുരം, ചടയമംഗലം മണ്ഡലങ്ങളിൽ മുന്നണി സ്ഥാനാർഥികൾക്കെതിരെ സി.പി.ഐ നടത്തിയ കാലുവാരൽ കാണാതെ സി.പി.എം നേതാക്കളെയും പ്രവർത്തകരെയും ക്രൂശിച്ചെന്ന് ജില്ല സമ്മേളനത്തിൽ വിമർശനം.
ജില്ല സമ്മേളനത്തിന്റെ രണ്ടാം ദിനം നടന്ന പൊതുചർച്ചയിലാണ് പ്രതിനിധികൾ വിമർശനമുന്നയിച്ചത്. സി.പി.ഐ മണ്ഡലം കമ്മിറ്റിയിലെ ഭൂരിപക്ഷം പേരുടെയും എതിർപ്പ് ഏറ്റുവാങ്ങിയ ജെ. ചിഞ്ചുറാണിയെ ചടയമംഗലത്ത് വിജയിപ്പിച്ചത് സി.പി.എം ആണെന്ന് എം.നസീർ പറഞ്ഞു.
കുണ്ടറ, കരുനാഗപ്പള്ളി തോൽവികളുടെ പേരിൽ എൻ.എസ്. പ്രസന്നകുമാർ, പി.ആർ. വസന്തൻ എന്നിവരെ ജില്ല സെക്രേട്ടറിയറ്റിൽ നിന്ന് തരംതാഴ്ത്തിയ നടപടിക്കെതിരെയും വിമർശനമാണ് പ്രതിനിധികൾ പങ്കുെവച്ചത്. പുനലൂരിൽ സി.പി.ഐക്കാർ പാർട്ടിയെ ആക്രമിക്കുകയാണെന്നും ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിപ്പരിക്കേൽപ്പിച്ചതായും പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
സഹകരണവകുപ്പ് ജീവനക്കാർ പാർട്ടി സ്ഥാപനങ്ങളിൽ കൈകടത്തുന്നതിനെ സംബന്ധിച്ചും വിമർശനമുയർന്നു. എൻ.എസ് ആശുപത്രിയിൽ ഉൾപ്പെടെ സഹകരണവകുപ്പ് ജീവനക്കാർ കയറി രേഖകൾ ചോർത്തുകയാണ്. ജില്ലയിൽ സഹകരണ ജീവനക്കാരുടെ അഴിഞ്ഞാട്ടമാണ് നടക്കുന്നതെന്നും കോൺഗ്രസ് ഭരണമുള്ളിടത്ത് അവർ കയറില്ലെന്നും കൊട്ടിയത്ത് നിന്നെത്തിയ ഫത്തഹുദ്ദീൻ കുറ്റപ്പെടുത്തി. കൊല്ലം, കുന്നത്തൂർ മണ്ഡലങ്ങളിലെ നിറം മങ്ങിയ വിജയത്തിന്റെ കാരണം പരിശോധിക്കപ്പെടണമെന്നും ആവശ്യമുയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.