ക്രഷർ യൂനിറ്റ്; ജനപ്രതിനിധികൾ കോലിഞ്ചിമല സന്ദർശിച്ചു

കുന്നിക്കോട്: കോലിഞ്ചിമലയിലെ ക്രഷര്‍ യൂനിറ്റിനും പാറമടക്കും അനുമതി നല്‍കിയ പഞ്ചായത്ത് നടപടിയില്‍ പ്രതിഷേധിച്ച് ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച ക്വാറിയില്‍ സന്ദര്‍ശനം നടത്തി.

പഞ്ചായത്ത് ജനപ്രതിനിധികളും എല്‍.ഡി.എഫ് പ്രതിനിധികളുമാണ് സന്ദർശനം നടത്തിയത്. ജനവാസമേഖലയിൽ ക്വാറി പ്രവർത്തിപ്പിക്കാനുള്ള പഞ്ചായത്ത് അനുമതിക്ക് എതിരെ നാട്ടുകാർക്ക് ഒപ്പം സമരരംഗത്തിറങ്ങുമെന്ന് നേതാക്കള്‍ പറഞ്ഞു.

കഴിഞ്ഞദിവസമാണ് ക്വാറി നടത്തിപ്പിന് വിളക്കുടി പഞ്ചായത്ത് അനുമതി നല്‍കിയത്‌. ജനകീയ പ്രതിഷേധം കണക്കിലെടുത്ത് പഞ്ചായത്ത് കമ്മിറ്റി ലൈസന്‍സ് നല്‍കേണ്ടയെന്ന് തീരുമാനിച്ചിരുന്നു. തീരുമാനങ്ങള്‍ പരിഗണിക്കാതെയും നിയമവശങ്ങള്‍ പഠിക്കാതെയും കോലിഞ്ചിമല പാറഖനനത്തിന് പഞ്ചായത്ത് ലൈസന്‍സ് നല്‍കുകയായിരുന്നു.

സെക്രട്ടറി മുഖേന അനുമതി ലഭിച്ച സാഹചര്യത്തില്‍ തിങ്കളാഴ്ച രാവിലെ മുതല്‍ പാറമടയില്‍ ക്രഷര്‍ യൂനിറ്റിന്റെയും ഖനനത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. വീണ്ടും ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ജനകീയ സമരസമിതിയുടെ ആവശ്യം പരിഗണിച്ച് പത്ത് ദിവസത്തേക്ക് പാറഖനനം നിര്‍ത്തിെവച്ചിരിക്കുകയാണ്.

പാറക്വാറി വിഷയത്തില്‍ വിളക്കുടി പഞ്ചായത്ത് നാടകം കളിക്കുകയാണെന്നും സംഭവത്തില്‍ ഹൈകോടതിയെ സമീപിക്കാന്‍ പഞ്ചായത്ത് ഭരണസമിതി തയാറാകണമെന്നും എല്‍.ഡി.എഫ് നേതൃത്വം ആവശ്യപ്പെട്ടു.

സി.പി.എം ഏരിയ സെക്രട്ടറി എസ്. മുഹമ്മദ് അസ്ലം, സി.പി.ഐ മണ്ഡലം സെക്രട്ടറി എം. നൗഷാദ്, ബി. ഷാജഹാന്‍, സി. സജീവന്‍, വി.ജെ. റിയാസ്, എ. വഹാബ്, എം.എസ്. ഗീരിഷ്, അജിത സുരേഷ്, റഷീദ്കുട്ടി, പഞ്ചായത്ത് അംഗങ്ങളായ സുനി സുരേഷ്, ലീന, അഡ്വ. ബി. ഷംനാദ്, സൗമ്യ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ കോലിഞ്ചിമലയില്‍ എത്തിയത്.

Tags:    
News Summary - crusher unit- representatives visited Kolinchimala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.