കൊല്ലം: പകർച്ച പനിക്ക് പിന്നാലെ ഡെങ്കിപ്പനിയും എച്ച്1എൻ1ഉം ജില്ലയിൽ പിടിമുറുക്കുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ചികിത്സ തേടുന്നവരുടെ എണ്ണം ദിനേന വർധിച്ചു. കാലാവസ്ഥ വ്യതിയാനമാണ് പനി കൂടാനുള്ള കാരണമായി അധികൃതർ പറയുന്നത്.
രക്തത്തിലെ പ്ലേറ്റ്ലറ്റിന്റെ കൗണ്ട് കുറഞ്ഞ് ഡെങ്കിപ്പനി ഗുരുതരമാകുന്ന സ്ഥിതി ശ്വാസകോശ സംബന്ധമായ രോഗങ്ങളുള്ളവരെ ഏറെ വലക്കുന്നുണ്ട്. കൃത്യമായ ചികിത്സ തേടാത്തതും രോഗം ഗുരുതരമാക്കുന്നു. 14285 പേരാണ് കഴിഞ്ഞ ഒരുമാസത്തിനുള്ളിൽ പനിയുമായി ജില്ലയിൽ വിവിധ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ഉൾപ്പെടെ ആശുപത്രികളിൽ ചികിത്സക്കെത്തിയത്. ഈമാസം 1188 പേർ ജില്ലയിൽ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളുമായി ചികിത്സക്കെത്തിയതിൽ 380 പേർക്കാണ് ഡെങ്കി സ്ഥിരീകരിച്ചത്. ബുധനാഴ്ച 31പേർ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളുമായി ചികിത്സക്കെത്തിയതിൽ 12 പേർക്ക് രോഗം സ്ഥിരീകരിച്ചു.
രണ്ടുപേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. ഉളിയക്കോവിൽ , ആദിച്ചനല്ലൂർ , മൈനാഗപ്പള്ളി, പൊഴിക്കര, ശക്തികുളങ്ങര, തൃക്കോവിൽവട്ടം, വെളിനല്ലൂർ, മുണ്ടയ്ക്കൽ , ഇടമുളയ്ക്കൽ എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി ബാധിതർ അധികവും. ശരീരവേദന, അമിതമായ ക്ഷീണം, കടുത്ത പനി, തൊണ്ടവേദന, തലവേദന, വിറയൽ എന്നിവയാണ് പി.എച്ച്.സികളിൽ എത്തുന്നതിലധികവും കാണുന്നത്. പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യവകുപ്പിന്റെ മെല്ലെപ്പോക്കെന്നാണ് ആക്ഷേപം ഉയരുന്നത്. ജില്ലയിൽ മൊത്തമായി ഫോഗിങ് ഉൾപ്പെടെ പ്രതിരോധ പ്രവർത്തനങ്ങളും അധികൃതർ നടത്തുന്നില്ലെന്നും ആക്ഷേപമുണ്ട്.
ഡെങ്കിപ്പനിക്കു പുറമേ, എച്1എൻ1, എലിപ്പനി തുടങ്ങിയവയും ജില്ലയിൽ പടരുകയാണ്. ജില്ല മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിൽ യോഗം വിളിച്ച് ജാഗ്രത നിർദേശം നൽകിയിരുന്നു. കോർപറേഷൻ മേഖലയിലാണ് കൂടുതൽ രോഗികൾ. എന്നാൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾ എങ്ങുമെത്തുന്നില്ല എന്ന് ആക്ഷേപമുണ്ട്. സാധാരണ ജലദോഷപ്പനി മുതൽ ഡെങ്കിപ്പനി, എലിപ്പനി പോലുള്ള ഗുരുതര പനികൾ പടരുന്ന സമയമാണിത്.
നീളുന്ന പനി ഗുരുതരമാകാൻ സാധ്യതയുള്ളതിനാൽ തുടക്കത്തിലേ ചികിത്സ തേടണം. കുട്ടികളിൽ ബാധിക്കുന്ന പനി ഗുരുതരമാകാൻ സാധ്യതയേറെയുള്ളതിനാൽ പ്രതിരോധമാർഗങ്ങൾ കണ്ടെത്താനും സ്വയംചികിത്സ നൽകാതെ ഡോക്ടറുടെ നിർദേശം തേടണമെന്നും ആരോഗ്യപ്രവർത്തകർ പറയുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പകർച്ചപ്പനി നിയന്ത്രിക്കാൻ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പനി ക്ലിനിക്കുകളും ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.