കൊല്ലം: ട്രോളിങ് നിരോധനകാലം കഴിഞ്ഞ് പ്രതീക്ഷ നിറച്ച ബോട്ടുകളുമായി കടലിലേക്ക് ഇറങ്ങിയ മത്സ്യതൊഴിലാളികൾക്ക് വലനിറച്ച് കരിക്കാടി ഉൾപ്പെടെ എത്തിയെങ്കിലും കരയിൽ കാത്തിരുന്നത് നിരാശ. വ്യാഴാഴ്ച പുലർച്ചെ മത്സ്യബന്ധനത്തിന് പോയ യന്ത്രവത്കൃത ബോട്ടുകളാണ് രാവിലെ മുതൽ കരിക്കാടിയും കഴന്തനും കിളിമീനുമായി തിരിച്ചെത്തിയത്.
കഴന്തൻ കൊഞ്ചും കിളിമീനും കുറച്ചുമാത്രം ലഭിച്ചപ്പോൾ പതിവുപോലെ ചാകരയായി കരിക്കാടി കൊഞ്ച് വലകളിൽ നിറഞ്ഞെത്തിയതായിരുന്നു കാഴ്ച. എന്നാൽ, കരയിലെത്തിച്ച മീനിന് പ്രതീക്ഷിച്ച വില ലഭിക്കാതിരുന്നത് ബോട്ടുടമകൾക്ക് തിരിച്ചടിയായി. രാവിലെ കുട്ടക്ക് 2700 രൂപ വരെലേലം ഉയർന്ന കരിക്കാടിക്ക് വൈകാതെ വില താഴേക്ക് ഇറങ്ങുന്നതായിരുന്നു ലേല ഹാളുകളിലെ കാഴ്ച. ഉച്ചയോടെ കുട്ടക്ക് 1000 രൂപക്ക് താഴെ എത്തിയതോടെ കിലോക്ക് 25 രൂപയിലേക്ക് വരെ താഴ്ന്നു. വിദേശ കയറ്റുമതിക്കാർ വാങ്ങാത്തതാണ് പ്രതിസന്ധിയായത്.
അമേരിക്കയിലെ കൊഞ്ച് നിരോധനമാണ് വിലങ്ങുതടിയായത്. താരതമ്യേന വലയിൽ കുറച്ച് ലഭിച്ച കഴന്തന്‍ കിലോക്ക് 150 വരെയും കിളിമീന്‍ 100 മുതൽ 120 രൂപ വരെ വില ലഭിച്ചത് ആശ്വാസമായി. വരും ദിവസങ്ങളിൽ സ്ഥിതി മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് ബോട്ടുടമകളും മത്സ്യതൊഴിലാളികളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.