കൊല്ലം: പോരാട്ടചൂടിന്റെ അവസാനലാപ്പിൽ അങ്കം ഒന്നുകൂടി മുറുക്കുകയാണ് പോരാളികൾ. ഒരു വോട്ടുപോലും വിട്ടുപോകരുതെന്ന ലക്ഷ്യവുമായി, പാർലമെന്റ് മണ്ഡലത്തിന്റെ മുക്കിലും മൂലയിലും വരെ എത്തിച്ചേർന്നു എന്ന് ഉറപ്പിക്കാനുള്ള നെട്ടോട്ടം. കൊല്ലം മണ്ഡലത്തിൽ യു.ഡി.എഫിന്റെ എൻ.കെ. പ്രേമചന്ദ്രനും എൽ.ഡി.എഫിന്റെ എം. മുകേഷും എൻ.ഡി.എയുടെ ജി. കൃഷ്ണകുമാറും അവസാന ഘട്ട ഓട്ടത്തിന്റെ ചൂടിലാണ്.
ആദ്യരണ്ട് പര്യടനഘട്ടങ്ങളിൽ എത്തിച്ചേരാൻ കഴിയാത്ത പഞ്ചായത്തുകളിലാണ് പരസ്യപ്രചാരണത്തിന്റെ അവസാന ദിനങ്ങളിൽ ശ്രദ്ധ. ദേശീയതലത്തിലെ ഉൾപ്പെടെ പ്രമുഖ നേതാക്കളെല്ലാം കഴിഞ്ഞ ആഴ്ചകളിലായി മണ്ഡലത്തിലെത്തി തങ്ങളുടെ നേതാക്കൾക്കായി പ്രചരണം കൊഴുപ്പിച്ചു. യു.ഡി.എഫിനായി ചൊവ്വാഴ്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എത്തുന്നുണ്ട്.
രാഹുൽ ഗാന്ധിയുടെ തിങ്കളാഴ്ചത്തെ കുന്നത്തൂർ പരിപാടി റദ്ദായത് പ്രവർത്തകർക്ക് നിരാശ സമ്മാനിച്ചിരുന്നു. എൽ.ഡി.എഫിനായി മുഖ്യമന്ത്രി പിണറായി വിജയൻ മുതൽ സി.പി.എം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി വരെയുള്ളവർ നേരത്തെ എത്തിയിരുന്നു. എൻ.ഡി.എ തമിഴ്നാട് ബി.ജെ.പി അധ്യക്ഷൻ അണ്ണാമലൈയുടെ റോഡ് ഷോയോടെ കഴിഞ്ഞ ദിവസങ്ങളിൽ പ്രചാരണം ഊർജിതമാക്കി.
നാളെ ശബ്ദ പ്രചാരണം അവസാനിക്കാനിരിക്കെ സ്വീകരണ പര്യടനങ്ങളും ഏതാണ്ട് പൂർണമായി കഴിഞ്ഞു. ചൊവ്വാഴ്ച എൽ.ഡി.എഫ് സ്ഥാനാർഥി രാവിലെ കുണ്ടറ മണ്ഡലങ്ങളിലെ കശുവണ്ടി ഫാക്ടറികളിൽ സന്ദർശനം നടത്തും. വൈകിട്ട് കൊല്ലം നഗരത്തിലെ ടെക്സ്റ്റൈൽ ഷോപ്പുകളിലുമെത്തും. യു.ഡി.എഫ് സ്ഥാനാർഥി പുനലൂർ മണ്ഡലത്തിൽ അവസാനവട്ട പര്യടനം നടത്തും.
കൊല്ലം: അവസാനഘട്ട പ്രചാരണത്തിന്റെ ഭാഗമായി എൽ.ഡി.എഫ് കൊല്ലം സ്ഥാനാർഥി എം. മുകേഷ് ചവറയിൽ പര്യടനം നടത്തി. വിവിധ കേന്ദ്രങ്ങളിലും കുടുംബ യോഗങ്ങളിലും മുകേഷിന് സ്വീകരണം നൽകി. ചവറയിൽ വടക്കുംതല മേഖലയിലെ വടക്കുംതല ചെമ്പോലി മുക്ക്, വലിയ പാടം, ഊപ്പത്തിൽ മുക്ക്, ജമാ അത്ത് സ്കൂൾ, കൊല്ലക, തെങ്ങിൽ എന്നിവിടങ്ങളിൽ സ്വീകരണം നൽകി.
ചവറയിലെ വിവിധ കുടുംബയോഗങ്ങളിലും പങ്കെടുത്തു. കേരളത്തിൽ ഇടതുപക്ഷ സ്ഥാനാർത്ഥികളെ ജനം നെഞ്ചിലേറ്റിയതായും മുകേഷ് പറഞ്ഞു. സുജിത്ത് വിജയൻ പിള്ള എം.എൽ.എ, നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി ടി. മനോഹരൻ, പ്രസിഡന്റ് അനിൽ പുത്തേഴം, ആർ. രവീന്ദ്രൻ, ജി. മുരളീധരൻ, ഐ. ഷിഹാബ്, എൽ. വിജയൻ നായർ, ജെ. അനിൽ, കെ .എ.നിയാസ്, എസ്. സന്തോഷ്, കെ. ജി. വിശ്വംഭരൻ, സക്കീർ വടക്കുംതല, അജിത് കുമാർ എന്നിവർ പങ്കെടുത്തു. ചവറയിൽ മണ്ണൂർമുക്ക്, പഴഞ്ഞിക്കാവ്, തെക്കുംഭാഗം മുട്ടം, നീണ്ടകര നീലേശ്വരം തോപ്പ് എന്നിവിടങ്ങളിൽ കുടുംബയോഗങ്ങളിലും പങ്കെടുത്തു.
കുണ്ടറ: യു.ഡി.എഫ് കൊല്ലം സ്ഥാനാർഥി എന്‍.കെ. പ്രേമചന്ദ്രന്റെ മൂന്നാംഘട്ട സ്വീകരണ പര്യടനത്തിന്റെ ഭാഗമായി കുണ്ടറയില്‍ പ്രചാരണം നടത്തി. കുണ്ടറ നിയോജകമണ്ഡലത്തിന്റെ സമഗ്ര വികസനത്തിനായി ഒട്ടേറെ കാര്യങ്ങള്‍ ചെയ്തതായി സ്ഥാനാർഥിക്കൊപ്പം സ്വീകരണ യോഗത്തില്‍ പങ്കെടുത്ത നേതാക്കള്‍ ചൂണ്ടിക്കാട്ടി.
കൊറ്റങ്കര, പേരൂര്‍, തൃക്കോവില്‍വട്ടം, ഇളമ്പളളൂര്‍ എന്നിവിടങ്ങളിലെ സ്വീകരണ പരിപാടി കേരളപുരം ജങ്ഷനില്‍ പി.സി. വിഷ്ണുനാഥ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സുമേഷ് ദാസ് അധ്യക്ഷത വഹിച്ചു. കുരീപ്പളളി സലീം, ജി. വേണുഗോപാല്‍, ടി.സി. വിജയന്, കെ.ആര്.വി. സഹജന്, രഘു പാണ്ഡവപുരം, കായിക്കര നവാബ്, അനസറുദ്ദീര്, ഷെരീഫ് ചന്ദനതോപ്പ്, നിസാമുദ്ദീന്‍, നാസറുദ്ദീന്‍ ലബ്ബ, ഫൈസല്‍ കുളപ്പാടം, മഹേശ്വരന് പിളള, ബൈജു, ജോര്‍ജ്ജ് ജോസ്, ഇന്ദിര, മുസ്തഫ, ഷെറഫ് കുണ്ടറ എന്നിവ ര്പങ്കെടുത്തു.
ചാത്തന്നൂർ: ചാത്തന്നൂരിന്റെ വിവിധയിടങ്ങളിൽ പര്യടനം നടത്തി എൻ.ഡി.എ കൊല്ലം സ്ഥാനാർഥി ജി. കൃഷ്ണകുമാർ. കല്ലുവാതുക്കൽ പഞ്ചായത്തിലെ നടയ്ക്കൽ കടമ്മാൻതോട്ടത്തിലായിരുന്നു ആദ്യ സ്വീകരണം. ബി.ജെ.പി ജില്ല പ്രസിഡന്റ് ബി. ബി. ഗോപകുമാർ ഉദ്ഘാടനംചെയ്തു. പരവൂർ മണ്ഡലം പ്രസിഡന്റ് പ്രദീപ്. ജി. കുറുമണ്ഡൽ അധ്യക്ഷത വഹിച്ചു. പരവൂരിലും നെടുങ്ങോലത്തും കെ.എസ്.ആർ.ടി.സി ഡിപ്പോ ജങ്ഷനിലും ശ്രീഭൂതനാഥപുരത്തും ഉൾപ്പെടെ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി.
ബി.ജെ.പി ജില്ല പ്രസിഡന്റ് ബി. ബി. ഗോപകുമാർ, ജനറൽ സെക്രട്ടറി എസ്. പ്രശാന്ത്, ജില്ലാ സെക്രട്ടറി പരവൂർ സുനിൽ, മണ്ഡലം പ്രസിഡന്റുമാരായ പ്രദീപ്. ജി. കുറുമണ്ഡൽ, കൃഷ്ണരാജ്, ഒ ബി സി മോർച്ച ജില്ലാ പ്രസിഡന്റ് പ്രകാശ് പാപ്പാടി, ബ്ലോക്ക് പഞ്ചായത്ത് അംഗം രോഹിണി, മുൻ കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സുദീപ,മുൻ വൈസ് പ്രസിഡന്റ് സത്യപാലൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം രോഹിണി, മുൻസിപ്പൽ കൗൺസിലർമാരായ സ്വർണ്ണമ്മ സുരേഷ്, അനീഷ്യ, ഷീലസുനിൽ, സിന്ധു ബിജെപി മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഷൈമരാജ്, രഞ്ജിത്, രാജൻപിള്ള എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.