ഇരവിപുരം: മയക്കുമരുന്ന് കടത്തുന്നതിനായി ഇരുചക്ര വാഹനയാത്രക്കാരെ തടഞ്ഞുനിർത്തി ആക്രമിച്ച് പണം കൊള്ളയടിച്ചശേഷം സ്കൂട്ടറുമായി കടക്കുന്ന മൂന്നംഗസംഘത്തെ ഇരവിപുരം പൊലീസ് സാഹസികമായി പിടികൂടി. പ്രതികളിലൊരാൾ കാസർകോട് ബേക്കൽ സ്റ്റേഷൻ പരിധിയിലെ ഒരു ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്നയാളാണ്.
നിരവധി കേസുകളിൽ പ്രതിയായ വടക്കേവിള പാട്ടത്തിൽകാവ് നഗർ 130 സി.ആർ. ലാൽ വീട്ടിൽ മനു (28 - റൊണാൾഡ്) വടക്കേവിള പാട്ടത്തിൽ കിഴക്കതിൽ ആദിത്യനഗർ 259 വയലിൽ പുത്തൻവീട്ടിൽ വിഷ്ണു (23), പട്ടത്താനം കോവിലിന് സമീപം സുബിൻ ഭവനിൽ സുധി (20) എന്നിവരാണ് പിടിയിലായത്.
വിഷ്ണുവിനെതിരെയാണ് കാസർകോട് ബേക്കൽ സ്റ്റേഷനിൽ കേസുള്ളത്. തിങ്കളാഴ്ച രാത്രി എട്ടോടെ പാട്ടത്തിൽകാവിനടുത്ത് തമ്പുരാൻമുക്കിൽ സ്കൂട്ടറിൽ വരികയായിരുന്ന വടക്കേവിള അനിൽ നിവാസിൽ അനീഷിനെ (25) പ്രതികൾ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി.
ആയുധം ഉപയോഗിച്ച് ആക്രമിച്ചശേഷം സ്കൂട്ടറുമായി പ്രതികൾ കടന്നു. സഞ്ചാരിമുക്കിനടുത്ത് ആളൊഴിഞ്ഞ സ്ഥലത്ത് സ്കൂട്ടർ നശിപ്പിച്ചശേഷം ഓട്ടോയിൽ കയറി രക്ഷപ്പെടവെ പാട്ടത്തിൽകാവിൽെവച്ച് ഇരവിപുരം പൊലീസ് പിന്തുടർന്ന് സാഹസികമായി സംഘത്തെ പിടികൂടുകയായിരുന്നു.
കൈയിലുണ്ടായിരുന്ന വെട്ടുകത്തിയും ആയുധങ്ങളും കാട്ടി പൊലീസിനെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചെങ്കിലും മൂന്നുപേരെയും ആയുധങ്ങളുമായി പിടികൂടുകയായിരുന്നു. സഞ്ചാരിമുക്ക് പോത്തുവയൽ ഭാഗത്തുനിന്നാണ് തട്ടിയെടുത്ത സ്കൂട്ടർ പൊലീസ് കണ്ടെടുത്തത്.
എപ്പോഴും ആയുധം കൊണ്ടുനടക്കുന്ന മനു റൊണാൾഡിെൻറ പേരിൽ വധശ്രമം, പിടിച്ചുപറി, കഞ്ചാവ്, പോക്സോ തുടങ്ങി നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.
പിടിയിലായ പ്രതികളെ ചോദ്യം ചെയ്തുവരികയാണ്. ഇരവിപുരം എസ്.എച്ച്.ഒ കെ. വിനോദിെൻറ നേതൃത്വത്തിൽ എസ്.ഐമാരായ എ.പി. അനീഷ്, ബിനോദ് കുമാർ, ദീപു, അഭിജിത്ത്, എ.എസ്.ഐമാരായ ജയകുമാർ, ദിനേഷ്, ഷിബു ജെ.പീറ്റർ, സി.പി.ഒമാരായ വിനു വിജയ്, അഭിലാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.