കൊല്ലം: വിവാഹം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോൾ കിരൺ സ്ത്രീധന കാര്യം പറഞ്ഞ് ശാരീരികമായി ഉപദ്രവിക്കുന്നതും മാനസികമായി നോവിക്കുന്നതും വിസ്മയ നേരിട്ടും വാട്സ്ആപ് സന്ദേശമായും അറിയിച്ചിരുന്നുവെന്ന് സഹോദരൻ വിജിത്തിന്റെ ഭാര്യ ഡോ. രേവതി. ഒന്നാം അഡിഷനൽ ജഡ്ജി സുജിത് മുമ്പാകെ പ്രോസിക്യൂഷൻ ഭാഗം രണ്ടാം സാക്ഷിയായി വിസ്താരത്തിലാണ് രേവതി മൊഴി നൽകിയത്.
തനിക്ക് വിവാഹാലോചന വന്നതുമുതൽ വിസ്മയയുമായി സംസാരിക്കാറുണ്ടായിരുന്നു. കിരൺ ഭിത്തിയോട് ചേർത്തുനിർത്തി കഴുത്തിൽ കുത്തിപ്പിടിക്കുകയും ചവിട്ടി നിലത്തിട്ട് മുഖത്ത് കാൽ കൊണ്ട് ചവിട്ടിപ്പിടിക്കുകയും ചെയ്യുമായിരുന്നു എന്നും വിസ്മയ പറഞ്ഞതായി മൊഴി നൽകി. വിജിത്തുമായുള്ള വിവാഹത്തിന് കിരൺ പങ്കെടുത്തില്ല. വിവാഹശേഷം വിസ്മയ അനുഭവിച്ച എല്ലാ വിഷമതകളും തുറന്നുപറഞ്ഞു. മാനസിക സമ്മർദം താങ്ങാനാവാതെ ആത്മഹത്യയുടെ ഘട്ടത്തിലാണെന്നുപറഞ്ഞപ്പോൾ പാട്ടക്കാറും നിന്നേം സഹിക്കേണ്ടല്ലോ എന്നാണ് കിരൺ പറഞ്ഞത്.
മാർച്ച് 17ന് വിസ്മയയെ കിരൺ കോളജിൽ നിന്ന് കൂട്ടിക്കൊണ്ടുപോയതിനുശേഷം തന്നോടുള്ള ബന്ധം കുറച്ചു. കിരണാണ് ഫോണിൽ ബ്ലോക്ക് ചെയ്തത്. തന്റെ ഫോണും വിസ്മയയുടെ മെസേജുകളും രേവതി കോടതിയിൽ തിരിച്ചറിഞ്ഞു. അയച്ച മെസേജുകളുടെ സ്ക്രീൻ ഷോട്ട് വിസ്മയയുടെ മരണദിവസം തന്നെ മാധ്യമങ്ങൾക്ക് നൽകിയിരുന്നതായും സ്െപഷൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. മോഹൻരാജിന്റെ വിസ്താരത്തിൽ പറഞ്ഞു. ഡോ. രേവതിയുടെ എതിർവിസ്താരം തിങ്കളാഴ്ച നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.