കൊല്ലം: സ്വർണ വ്യാപാരികൾക്ക് തലവേദനയായി ഒറിജിനലിനെ വെല്ലുന്ന വ്യാജ സ്വർണവുമായി തട്ടിപ്പ് സംഘം. കരുനാഗപ്പള്ളിയിൽ കഴിഞ്ഞദിവസം മുക്കുപണ്ടം വിൽക്കാൻ ശ്രമിച്ച് പിടിയിലായ ഉത്തരേന്ത്യക്കാരൻ വൻ തട്ടിപ്പ് ശൃംഖലയുടെ ഏറ്റവും താഴെത്തട്ടിലുള്ള കണ്ണി മാത്രമെന്ന് സ്വർണ വ്യാപാരികൾ തന്നെ പറയുന്നു. ഇയാൾ പിടിയിലായത് തന്നെ നാടകീയമായാണ്. കൊല്ലം നഗരത്തിലെ പ്രമുഖ ജ്വല്ലറിയിലെ ജീവനക്കാരന് തോന്നിയ സംശയമാണ് ഇയാൾ കുടുങ്ങാൻ കാരണം. നഗരത്തിൽ പ്രവർത്തിക്കുന്ന മുൻനിര ജ്വല്ലറിയിൽ വള വാങ്ങാനെത്തിയ ഇയാൾ മൂന്നുപവൻ സ്വർണം തെരഞ്ഞെടുത്തു.
പകരം പഴയ സ്വർണമെന്ന നിലയിൽ മുക്കുപണ്ടം കൈമാറി. കാരറ്റ് അനലൈസറിൽ 22 കാരറ്റ് എന്ന് കാണിച്ചെങ്കിലും പഴയസ്വർണം കൈകാര്യം ചെയ്യുന്ന ജീവനക്കാരന് തൂക്കത്തിൽ സംശയം തോന്നി. ചെറിയ കഷണം ഉരുക്കിനോക്കിയപ്പോൾ ചെമ്പാണെന്ന് കണ്ടെത്തി. ചോദിച്ചപ്പോൾ ഒഴിവുകഴിവ് പറഞ്ഞ ഇയാൾ വള വാങ്ങുന്നില്ലെന്നുപറഞ്ഞ് കടയിൽ നിന്ന് പോയി. സംശയം തോന്നിയ ജീവനക്കാർ ഇയാളുടെ സി.സി.ടിവി ദൃശ്യങ്ങൾ മറ്റ് ബ്രാഞ്ചുകൾക്ക് കൈമാറി.
അന്ന് രാവിലെ കടയിലെത്തിയ ഇയാൾ മൂന്ന് പവൻ സ്വർണം എക്ചേഞ്ച് ചെയ്തിരുന്നുവെന്ന് തിരുവനന്തപുരം ബ്രാഞ്ചിൽ നിന്ന് അറിയിച്ചതോടെയാണ് തട്ടിപ്പുകാരൻ തന്നെയാണെന്ന് ഉറപ്പായത്. തുടർന്ന് കൊല്ലം നഗരത്തിലെ സി.സി.ടിവി ദൃശ്യങ്ങൾ വഴിയും പ്രാദേശിക ജീവനക്കാർ വഴിയും ഇയാളുടെ യാത്ര നിരീക്ഷിച്ചു. കരുനാഗപ്പള്ളി മേഖലയിലേക്കാണ് പോയതെന്ന് വ്യക്തമായി. ജീവനക്കാർ പിന്തുടർന്ന് എത്തിയപ്പോഴേക്കും കരുനാഗപ്പള്ളിയിലെ ജ്വല്ലറിയിൽ തട്ടിപ്പ് നടത്താൻ കയറിക്കൂടിയതായി കണ്ടതോടെ പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് ഇയാളെ തടഞ്ഞുെവച്ച് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് നടത്തിയ സ്വർണവും മുക്കുപണ്ടവുമുൾപ്പെടെ കണ്ടെത്തിയതും പ്രതിയെ അറസ്റ്റ് ചെയ്തതും.
ഇയാൾ ഉൾപ്പെടുന്ന വൻ റാക്കറ്റ് കേരളത്തിലുടനീളം ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്നുണ്ടെന്നാണ് സ്വർണവ്യാപാരികൾ മുന്നറിയിപ്പ് നൽകുന്നത്. ഗോവയിലും സമാന തട്ടിപ്പ് നടന്നിട്ടുണ്ട്. ചെമ്പിൽ നിർമിച്ച ആഭരണങ്ങൾ നേരിയ തോതിൽ സ്വർണം മുക്കി, 916 പരിശുദ്ധി ഉറപ്പുനൽകുന്ന ഹാൾമാർക്കിങ് വ്യാജമായി ചേർക്കുകയാണ് ചെയ്യുന്നത്. കാരറ്റ് അനലൈസറിൽ പരിശോധിക്കുമ്പോൾ 22 കാരറ്റ് എന്ന് തന്നെ കാണിക്കും. ഉരുക്കിയാൽ മാത്രമേ മുക്കുപണ്ടമാണെന്ന് അറിയാനാകൂ. 10 ഗ്രാം ഭാരമുള്ള മുക്കുപണ്ടം ഉരുക്കിയാൽ അതിൽ 2.5 ഗ്രാം മാത്രമേ സ്വർണമുണ്ടാകൂ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.