കൊല്ലം: മഴ വില്ലനായതോടെ കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് വൈറൽ പനി ജില്ലയിൽ വ്യാപകം. എന്നാൽ, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ്. കഴിഞ്ഞവർഷം ഈ കാലയളവിനെവെച്ച് നോക്കുമ്പോൾ ജില്ലയിലെ ആശുപത്രികളുടെ ഒ.പികളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
സെപ്റ്റംബറിൽ ഇതുവരെയായി 13666 പേരാണ് വിവിധ ആശുപത്രികളിൽ പനിയുമായി എത്തിയത്. ഡെങ്കിയാണ് അപകടമുയർത്തുന്ന വില്ലനെങ്കിലും വൈറൽ പനിയാണ് ആളുകളെ തലയുയർത്തി നിൽക്കാൻപോലും കഴിയാത്ത രീതിയിൽ വീഴ്ത്തുന്നത്. ഒ.പിയിൽ ചികിത്സതേടുന്ന ഭൂരിഭാഗംപേരും വൈറൽ പനിയുമായി എത്തുന്നവരാണ്. കടുത്ത പനിയും തലവേദനയും ശരീരവേദനയും തളർത്തുന്നതിനൊപ്പം രൂക്ഷമാകുന്ന മൂക്കൊലിപ്പും നിർജലീകരണവും സ്ഥിതി കൂടുതൽ സങ്കീർണമാക്കുന്നു. ഓണത്തിന് പിന്നാലെ 5000ത്തോളം പേരാണ് ആശുപത്രികളിലെത്തിയത്. ഡെങ്കിപ്പനിബാധ സ്ഥിരീകരിച്ചവരുടെ എണ്ണം സെപ്റ്റംബറിൽ ഇതുവരെമാത്രം 226 ആണ്. ഡെങ്കി ലക്ഷണങ്ങളുമായെത്തിയവർ ഇതിലുമേറെയാണ്. ഇതുകൂടാതെ എലിപ്പനി, ചിക്കൻപോക്സ്, മലേറിയ, ഹെപ്പറ്റൈറ്റിസ് എ, ഹെപ്പറ്റൈറ്റിസ് ബി, എച്ച്1 എൻ1 എന്നീ വെല്ലുവിളികളും ചെറുതല്ലാതെയുണ്ട്.
കഴിഞ്ഞവർഷത്തെ ഈ സമയത്തെ അപേക്ഷിച്ച് ഒ.പികളിൽ പനി ബാധിതർ കൂടുതലെത്തുന്നത് ശ്രദ്ധയിൽപെട്ടതോടെയാണ് ആരോഗ്യവകുപ്പ് ജാഗ്രത നിർദേശവും ഇറക്കിയത്. ഇടവിട്ടുള്ള മഴയാണ് ഇപ്പോൾ പനി നിരക്ക് ഉയരുന്നതിന് കാരണമെന്ന് ആരോഗ്യവകുപ്പ് വൃത്തങ്ങൾ പറഞ്ഞു. ഈ മഴ കാരണം കൊതുകുനശീകരണം ഉൾപ്പെടെ കാര്യക്ഷമമായി നടത്താൻ കഴിഞ്ഞിട്ടില്ല. കൊതുകുകളുടെ സ്രോതസ്സുകളെ ഒഴുക്കിക്കൊണ്ടുപോകുന്ന നല്ലൊരു മഴയും ഇതുവരെ ലഭിച്ചിട്ടില്ല. കാലാവസ്ഥ മാറുന്നതിനനുസരിച്ച് നിലവിലെ പനിയുടെ സ്ഥിതിക്ക് മാറ്റമുണ്ടാകുമെന്നാണ് അധികൃതർ പറയുന്നത്. ഡെങ്കിപ്പനി ഉൾപ്പെടെ സാഹചര്യം മെച്ചപ്പെടുന്നുണ്ടെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും വ്യക്തമാക്കുന്നു.
കഴിഞ്ഞവർഷം ആകെ 1,16280 പേരാണ് പനി കാരണം ജില്ലയിൽ ചികിത്സ തേടിയത്. ഈ വർഷം അവസാനപാദത്തിലേക്ക് കടക്കുമ്പോൾ ഇതുവരെയുള്ള പനികേസുകൾ ആ നിരക്കിലേക്ക് എത്തിയിട്ടില്ല. ഡിസംബർ ആകുമ്പോഴും കഴിഞ്ഞ വർഷത്തെ പനിക്കണക്കിന് താഴെ നിൽക്കുന്നമെന്നാണ് ആരോഗ്യവകുപ്പ് കണക്കുകൂട്ടുന്നത്. കൊതുകുനശീകരണം ഉൾപ്പെടെ നടത്തി സ്ഥിതി മെച്ചപ്പെടുത്താനുള്ള പരിശ്രമം തുടരണമെന്നും അധികൃതർ ഓർമിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.