കരുനാഗപ്പള്ളി: കുന്നത്തൂർ കരുനാഗപ്പള്ളി മണ്ഡലങ്ങളെ ബന്ധപ്പെടുത്തുന്ന സംയോജിത കുടിവെള്ള പദ്ധതിയുടെ 65.3 കോടി രൂപയുടെ ആദ്യഘട്ടത്തിന്റെ ടെൻഡർ നടപടി പൂർത്തിയായി. കല്ലടയാറിൽ നിർമിക്കുന്ന കിണർ, റോ വാട്ടർ പമ്പിങ് മെയിൻ, ശുദ്ധീകരണശാല, പമ്പ് സെറ്റ് എന്നിവയാണ് ആദ്യഘട്ട പദ്ധതിയിൽ ഉൾപ്പെടുത്തിയത്. ജല ശുദ്ധീകരണശാലക്കായി വിളിച്ച ടെൻഡർ 17ന് തുറന്നു. സൂക്ഷ്മ പരിശോധന നടന്നുവരുകയാണ്.
ഇതു പൂർത്തീകരിച്ചാൽ നിർമാണ പ്രവർത്തനങ്ങളിലേക്ക് കടക്കാനാകും.
കല്ലടയാറ്റിൽ ഞാങ്കടവിൽനിന്നാണ് പദ്ധതിക്ക് ആവശ്യമായ വെള്ളം ശേഖരിക്കുക. കുന്നത്തൂർ പഞ്ചായത്തിലെ അമ്പുവിളയിൽ ഏറ്റെടുത്ത ഒന്നര ഏക്കർ സ്ഥലത്താണ് ശുദ്ധീകരണശാല നിർമിക്കുന്നത്. ഗുണഭോക്താക്കളായ ആറ് പഞ്ചായത്തുകൾ ചേർന്നാണ് സ്ഥലം ഏറ്റെടുക്കുന്നതിന് ആവശ്യമായ തുക നൽകിയത്. കഴിഞ്ഞ മാർച്ച് 30 ന് സ്ഥലത്തിന്റെ രജിസ്ട്രേഷൻ നടപടികളും പൂർത്തിയായി.
44 ദശലക്ഷം ലിറ്റർ വെള്ളം ശുദ്ധീകരിക്കാൻ ശേഷിയുള്ള ശുദ്ധീകരണശാലയാണ് ഇവിടെ നിർമിക്കുന്നത്. കുന്നത്തൂർ മണ്ഡലത്തിലെ കുന്നത്തൂർ, ശൂരനാട് വടക്ക്, പോരുവഴി എന്നീ പഞ്ചായത്തുകളും കരുനാഗപ്പള്ളിയിലെ തൊടിയൂർ, തഴവ, കുലശേഖരപുരം പഞ്ചായത്തുകളിലേക്ക് വെള്ളം എത്തിക്കുന്നതിനായുള്ള പദ്ധതിയാണിത്.
ജലവിതരണ ശൃംഖലയും ഓവർഹെഡ് ടാങ്കുകളും നിർമിക്കുന്നതിനായി ജൽ ജീവൻ മിഷനിൽ 307.50 കോടി രൂപയുടെ പദ്ധതി അനുവദിച്ചിരുന്നു. ഇതിന്റെ ഭരണാനുമതി ലഭിക്കുകയും 267 കോടി രൂപക്ക് സാങ്കേതിക അനുമതി ലഭിക്കുകയും ചെയ്തിരുന്നു. വിതരണശൃംഖലയുടെ വർക്കുകളും ടെൻഡർ ചെയ്തിട്ടുണ്ട്. നിയോജക മണ്ഡലത്തിലെ വിവിധ കുടിവെള്ള പദ്ധതികളുടെ നിർമാണ പുരോഗതി വിലയിരുത്താനും തുടർനടപടികൾ വേഗത്തിലാക്കാനും യോഗം തീരുമാനിച്ചു.
പദ്ധതി സംബന്ധിച്ച് ചേർന്ന അവലോകനയോഗത്തിൽ സി.ആർ. മഹേഷ് എം.എൽ.എ അധ്യക്ഷതവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.