ശൂരനാട്: തിരുവോണ ദിവസം പുലർച്ച ശൂരനാട് വടക്ക് പുലിക്കുളത്ത് പട്ടികജാതി കോളനിയിൽ അക്രമം നടത്തിയത് പൊലീസാണെന്ന് ആരോപണം. സംഭവം സംബന്ധിച്ച് മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ഡി.ജി.പി, കലക്ടർ, ഡെപ്യൂട്ടി കലക്ടർ, റൂറൽ എസ്.പി എന്നിവർക്ക് സിവിൽ റൈറ്റ്സ് ആൻഡ് സോഷ്യൽ ജസ്റ്റിസ് സൊസൈറ്റി പരാതി നൽകി.
പുലിക്കുളം പട്ടികജാതി സങ്കേതം കോളനിയിലെ വലിയതറ ക്ഷേത്ര മൈതാനിയിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ മൈക്ക് പ്രവർത്തിപ്പിച്ചതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് അതിക്രമത്തിൽ കലാശിച്ചത്. 29 നു പുലർച്ച 1.15 നും രണ്ടിനും ഇടയിലാണ് സംഭവം. രാത്രിയിൽ മൈക്ക് പ്രവർത്തിപ്പിക്കുന്നതായി പരിസരവാസികൾ കൺട്രോൾ റൂമിൽ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ശൂരനാട് പൊലീസ് കോളനി നിവാസികളെ അകാരണമായി മർദിക്കുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു.
പ്രദേശത്തേക്ക് അമിത വേഗത്തിലെത്തിയ പൊലീസ് വാഹനം ഒരാളെയും കുട്ടിയെയും ഇടിച്ചിട്ടതാണ് സംഘർഷകാരണമായത്. ജീപ്പ് റോഡിലെ ഗട്ടറിൽ വലിയ ശബ്ദത്തോടെ വീഴുകയും ഈ സമയം ഇതുവഴിയെത്തിയ കുട്ടിക്കും പിതാവിനും പരിക്കേൽക്കുകയും ചെയ്തെന്നും പറയുന്നു.
ബഹളം കേട്ട് ജനം കൂടിയപ്പോഴാണ് പൊലീസ് അക്രമാസക്തരായത്. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർക്ക് പൊലീസിന്റെ അതിക്രമത്തിൽ പരിക്കേറ്റു. ഗുരുതര പരിക്കേറ്റ ചലച്ചിത്ര സംവിധായകൻ കൂടിയായ ആർ.എസ്. രാജീവിനെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന് മൂത്ര തടസ്സം ഉൾപ്പെടെ ബുദ്ധിമുട്ടുകൾ നേരിടുന്നതായാണ് പരാതി.
തിരുവോണ ദിവസം പൊലീസ് കോളനിയിലെ വീടുകളിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായും പരാതിയുണ്ട്. പെൺകുട്ടികൾ അടക്കമുള്ളവരുടെ കൈയിൽ കയറി പിടിച്ചതായും കേട്ടാലറയ്ക്കുന്ന തരത്തിൽ അസഭ്യം വിളിച്ചതായും ഫോണുകൾ തട്ടിയെടുക്കാൻ ശ്രമിച്ചതായും പരാതിയിൽ പറയുന്നു.
അറസ്റ്റിലായവർക്ക് ഉടൻതന്നെ കോടതി ജാമ്യം അനുവദിച്ചതും പൊലീസിന്റെ ക്രൂരത വെളിപ്പെട്ടതുകൊണ്ടാണ്. കോളനിക്കാർ പൊലീസിനെ ആക്രമിച്ചുവെന്നത് കെട്ടുകഥയാണെന്നും പൊലീസിനെതിരെ ശക്തമായി നടപടി ഉണ്ടാകണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.