കൊല്ലം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ. കൊല്ലം ഇരവിപുരം പുത്തൻനട നഗർ-21, നിള ഭവനിൽ ഷീജ മൈക്കിൾ (55) ആണ് ഡൽഹിയിൽനിന്ന് ശക്തികുളങ്ങര പൊലീസിന്റെ പിടിയിലായത്. കൂട്ടുപ്രതിയായ അഭിലാൽ രാജു ഒളിവിലാണ്. ഇരുവരും ചേർന്ന് ഇസ്രായേലിൽ ജോലി വാഗ്ദ്ദാനം ചെയ്ത് നിരവധി പേരിൽനിന്ന് പണം കൈപ്പറ്റിയിരുന്നു.
വിസ നടപടികൾക്കും മറ്റുമായി ഏഴരലക്ഷം രൂപയാണ് ഒരോരുത്തരിൽനിന്നും ഈടാക്കിയത്. പറഞ്ഞ സമയത്ത് വിസ ലഭിക്കാതായതോടെ ശക്തികുളങ്ങര സ്വദേശികൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ശക്തികുളങ്ങര കൂടാതെ ചവറ, ഇരവിപുരം, അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനുകളിലും തട്ടിപ്പിന് ഇരയായവർ പരാതി നൽകി. ലക്ഷക്കണക്കിന് രൂപ ഇത്തരത്തിൽ ഇവർ തട്ടിയെടുത്തതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കൊല്ലം സിറ്റി പൊലീസ് കമീഷണർ മെറിൻ ജോസഫിന്റെ നിർദേശപ്രകാരം ശക്തികുളങ്ങര എസ്.ഐ ആശ ഐ.വി, ചവറ എസ്.ഐ ഹാരിസ്, ശക്തികുളങ്ങര എസ്.സി.പി.ഒ ജയകുമാരി, ഇരവിപുരം സി.പി.ഒ സുമേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.