കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവ ചരിത്രത്തിൽ അക്ഷരത്തിലും ചൈതന്യത്തിലും ഏറെ പരിഷ്കൃതമായിരുന്നു കൊല്ലത്ത് അരങ്ങേറിയ 62ാമത് കലോത്സവം. ഘടനയിലും സംഘാടനത്തിലും അതുല്യമായ വ്യത്യസ്തത പുലർത്തിയ ഉത്സവമായിരുന്നു അത്. നിറഞ്ഞൊഴുകിയ ആശ്രാമത്തെ പ്രധാനവേദിയിലെ ഒഴിയാത്ത കസേരകൾ ഇതിന്റെ തെളിവായിരുന്നു. കോഴിക്കോട് അതിരാണിപ്പാടത്തെ വേദിയിൽനിന്ന് കൊല്ലത്തേക്ക് കലോത്സവം എത്തിയപ്പോൾ കൊല്ലത്തിന്റെ പകിട്ടിലും ഉയർച്ചയുണ്ടായി. 2023 ജനുവരിയിൽ കോഴിക്കോട് കലോത്സവത്തിൽ കൊല്ലം ജില്ല 857 പോയന്റുമായി ഏഴാംസ്ഥാനത്തായിരുന്നു.
2024ൽ കലോത്സവം കൊല്ലത്തെത്തിയപ്പോൾ ജില്ലയുടെ പോയന്റിലും പകിട്ടെത്തി. 912 പോയന്റുമായി ജില്ല ഓവറോൾ നേട്ടം ആറാം സ്ഥാനത്തെത്തിക്കാൻ സാധിച്ചു. സംസ്കൃത കലോത്സവത്തിൽ 95 പോയന്റ് നേടി ജില്ല ഒന്നാംസ്ഥാനം നിലനിർത്തുകയും അറബിക് കലോത്സവത്തിൽ അഞ്ചാംസ്ഥാനം സ്വന്തമാക്കുകയും ചെയ്തു. എച്ച്.എസ്.എസ് വിഭാഗത്തിൽ 481 പോയന്റും എച്ച്.എസ് വിഭാഗത്തിൽ 431 പോയന്റുമാണ് ജില്ല കരസ്ഥമാക്കിയത്.
ജില്ല കലോത്സവത്തിൽ ചാമ്പ്യൻപട്ടം നേടിയ കരുനാഗപ്പള്ളി അയണിവേലിക്കുളങ്ങര ജോൺ എഫ്. കെന്നഡി മെമ്മോറിയൽ വി.എച്ച്.എസ്.എസ് സ്കൂൾ സംസ്ഥാനത്തും അഭിമാനമായി. 71 പോയന്റുകൾ നേടി സ്കൂൾതലത്തിൽ സംസ്ഥാനത്തെ മികച്ച സ്കൂളുകളിൽ 12ാം സ്ഥാനമാണ് ജെ.എഫ്.കെ.എം നേടിയത്. പാരിപ്പള്ളി എ.എസ് എച്ച്.എസ്.എസ് സംസ്കൃതോത്സവത്തിൽ മികച്ച രണ്ടാമത്തെ സ്കൂൾ പട്ടവും സ്വന്തമാക്കി. മാപ്പിളകലകൾ, സംഗീത, രചന മത്സരങ്ങൾ, നൃത്തനൃത്യങ്ങൾ, നാടകവേദികൾ എന്നിവയിൽ ജില്ല പകിട്ടുയർത്തുകയും ചെയ്തു.
കലോത്സവത്തിന്റെ വിജയത്തിനായി എല്ലാ പിന്തുണയും നൽകുന്ന പഞ്ചായത്ത്തലം മുതൽ കോർപറേഷൻതലം വരെയുള്ള ജനപ്രതിനിധികൾ, നിയമസഭ സാമാജികൻ മുതൽ പാർലമെന്റ് അംഗങ്ങൾ, മന്ത്രിമാർ തുടങ്ങിയവരുടെ സജീവ ഇടപെടലുകളാൽ സമ്പന്നമായിരുന്നു കലോത്സവ വേദികൾ. മത്സരാർഥികൾ പതിനായിരം കടന്നപ്പോൾ ആസ്വാദകരുടെ എണ്ണം ലക്ഷങ്ങൾ പിന്നിട്ടിരുന്നു. കൃത്യമായ ടൈം മാനേജ്മെന്റ്, നിഷ്പക്ഷമായ വിധി, അപ്പീലുകൾ തീർപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങൾ തുടങ്ങി എല്ലാ മേഖലയിലും പുത്തനായിരുന്നു ഇ‘കൊല്ല’ത്തെ കലോത്സവം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.