കൊല്ലം: ഇന്ധന, പാചകവാതക വിലവർധനക്ക് പിന്നാലെ മണ്ണെണ്ണ വിലയും കുത്തനെ ഉയർത്തിയത് മത്സ്യത്തൊഴിലാളികൾക്ക് ഇടിത്തീയായി. പരമ്പരാഗത മത്സ്യത്തൊഴിലാളികൾ വറുതിയിൽനിന്ന് വറുതിയിലേക്ക് പോകുകയാണ്. വേണ്ടത്ര മത്സ്യലഭ്യതയില്ലാതെ പ്രതിസന്ധിയിലായിരിക്കുന്ന സമയത്താണ് മണ്ണെണ്ണ വില വർധനയും കടന്നുവന്നത്. 47 രൂപയുണ്ടായിരുന്ന മണ്ണെണ്ണ വില എട്ടു രൂപ വർധിച്ച് 55 ൽ എത്തി. ഓരോ വർഷവും സബ്സിഡി വെട്ടിച്ചുരുക്കുന്ന പതിവിന് പുറമെയാണ് ഒറ്റയടിക്കുള്ള വിലക്കയറ്റം മത്സ്യബന്ധനമേഖലയെ നിലതെറ്റിച്ചത്.
പരമ്പരാഗത മത്സ്യത്തൊഴിലാളികളിൽ പലർക്കും ആദ്യം പണമടയ്ക്കണമെന്ന വ്യവസ്ഥയുള്ളതിനാൽ സബ്സിഡി മണ്ണെണ്ണ വാങ്ങാൻ കഴിയില്ല. സബ്സിഡി പിന്നീടാണ് അക്കൗണ്ടിലെത്തുന്നത്. ഇത്തരം സാഹചര്യത്തിൽ സബ്സിഡി മണ്ണെണ്ണ കരിഞ്ചന്തക്കാർ കൊണ്ടുപോകാറാണ് പതിവ്. ഒരു മാസം ശരാശരി 100 ലിറ്റർ മണ്ണെണ്ണവരെയാണ് സിവിൽ സപ്ലൈസ് വകുപ്പ് വഴി നൽകിയിരുന്നത്. മത്സ്യഫെഡ് വഴി 140 ലിറ്ററും ലഭിക്കും. നിലവിൽ സിവിൽ സപ്ലൈസ് 44.50 രൂപക്കും മത്സ്യഫെഡ് 25 രൂപ സബ്സിഡി അടക്കം 103.8 രൂപക്കുമാണ് മണ്ണെണ്ണ നൽകുന്നത്. വർധന വന്നതോടെ വിലയിൽ മാറ്റംവരും. ചെറിയ വള്ളങ്ങൾക്ക് ദിവസം കടലിൽ പോകാൻ 50-60 ലിറ്റർ മണ്ണെണ്ണ വേണ്ടിവരും.
വിപണിയിൽ മണ്ണെണ്ണ വില കൂടിയിട്ടും സബിസിഡി നിരക്ക് വർധിപ്പിച്ചിട്ടില്ല. സബ്സിഡി വിതരണം ഇടക്കിടക്ക് മുടങ്ങുന്നെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു. മത്സ്യലഭ്യത വളരെ കുറഞ്ഞ സാഹചര്യത്തിൽ മണ്ണെണ്ണ വലിയ വിലയ്ക്ക് പുറത്തുനിന്ന് വാങ്ങി മത്സ്യബന്ധനം നടത്തുന്നവർക്ക് കനത്ത നഷ്ടമാണ് നേരിടേണ്ടിവരുന്നത്. വിലക്കയറ്റത്തിനനുസരിച്ച് സബ്സിഡിയിൽ മാറ്റം വരുത്തണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. കൊല്ലം തീരത്ത് ശരാശരി 600 വള്ളങ്ങളാണ് ദിനംപ്രതി മത്സ്യബന്ധനത്തിന് പോയിവരുന്നത്. പ്രതികൂല സാഹചര്യങ്ങൾ ഓരോന്നായി വരുന്ന സാഹചര്യത്തിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ അടക്കം ആശങ്കയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.