കൊട്ടാരക്കര: പുത്തൂർ ജങ്ഷനിൽ സ്പെഷൽ ബ്രാഞ്ച് എസ്.ഐയുടെയും ഭാര്യയുടെയും മുന്നിൽ മകന്‍റെ തല പൊട്ടിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. പുത്തൂർ എസ്.എൻ പുരം ബദേലിൽ ജിബിൻ (24), പുത്തൂർ തെക്കുംപുരം കെ.ജെ ഭവനത്തിൽ ജിനു ജോൺ (24) എന്നിവരാണ് അറസ്റ്റിലായത്.
തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. കുണ്ടറ സ്പെഷൽ ബ്രാഞ്ച് എസ്.ഐ മുളവന അംബികയിൽ വൈഷ്ണവത്തിൽ സുഗണന്‍റെയും ഭാര്യ പ്രീതയുടെയും മുന്നിൽവെച്ചാണ് മകൻ അമൽ പ്രസൂദിനെ (23) ആക്രമിച്ചത്. കാറിൽ വരികയായിരുന്ന എസ്.ഐയെയും കുടുംബത്തെയും തടഞ്ഞുനിർത്തി പ്രതികൾ അസഭ്യം പറഞ്ഞു. പുറത്തിറങ്ങിയ എസ്.ഐയെയും ഭാര്യയെയും പ്രതികൾ മർദിക്കുകയും തള്ളിമാറ്റുകയും ചെയ്തു. അമലിനെ ഹെൽമറ്റ് കൊണ്ട് തലക്കടിച്ചു. ഇയാൾ കൊട്ടാരക്കര താലൂക്കാശുപതിയിൽ ചികിത്സ തേടി.
പുത്തൂർ പൊലീസ് സംഭവം കേസില്ലാതെ ഒതുക്കിത്തീർക്കാൻ ശ്രമിച്ചെങ്കിലും വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ കേസെടുത്ത് പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നടുറോഡിൽ അക്രമം നടത്തിയതിന് എസ്.ഐക്കും മകനുമെതിരെയും കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.