കൊട്ടാരക്കര: ബൈക്കിൽ യാത്ര ചെയ്ത കിഴക്കേ മാറനാട് മനോജ് വിലാസത്തിൽ മനുവിനെ (28) കാറിടിച്ച്് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാല് യുവാക്കളെ എഴുകോൺ പൊലീസ് റിമാൻഡ് ചെയ്തു. കാറും കസ്റ്റഡിയിലെടുത്തു. എഴുകോൺ വാളായിക്കോട് രേവതി ഭവനിൽ അമൽ (26), കാരുവേലിൽ വേങ്കുഴി കല്ലുംമൂട്ടിൽ പടിഞ്ഞാറ്റതിൽ അരുൺ (26), മുളവന മുക്കൂട് തെക്കേ ചരുവിള വീട്ടിൽ സന്ദീപ് (22), സഹോദരൻ സംഗീത് (20) എന്നിവരാണ് റിമാൻഡിലായത്.
അടിപിടി കേസുകളും കഞ്ചാവ് കേസുകളും അടക്കം ഒട്ടേറെ കേസുകളിൽ പ്രതിയായ അമലിനെ ഗുണ്ട പട്ടികയിൽപ്പെടുത്തി കാപ്പ ചുമത്താൻ ശിപാർശ ചെയ്യുമെന്ന് കൊട്ടാരക്കര ഡിവൈ.എസ്.പി ജി.ഡി. വിജയകുമാർ പറഞ്ഞു.
രണ്ടാഴ്ച മുമ്പ് ചീരങ്കാവിൽ സൈനികനെ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതിയായ അമൽ കോയമ്പത്തൂരിലേക്ക് കടന്നിരുന്നു. അവിടെനിന്ന് തിരികെയെത്തിയാണ് മനുവിനെ വകവരുത്താനുള്ള ശ്രമം നടത്തിയത്. സംഭവത്തിലെ രണ്ടാം പ്രതി അരുണിന്റെ വീടിന്റെ വാർപ്പ് കഴിഞ്ഞ് കാറിൽ മദ്യപിച്ച് കറങ്ങിനടക്കുകയായിരുന്നു ഇവർ. ഈ സമയത്താണ് മനു ചീരങ്കാവിൽ നിൽക്കുന്നത് കണ്ടത്.
പ്രതികളായ മൂവരെ മനുവിനെ നിരീക്ഷിക്കാൻ നിർത്തിയശേഷം അമൽ പോയി കാറിന്റെ നമ്പർപ്ലേറ്റ് മറച്ച് തിരികെയെത്തുകയും നാലുപേരും കാറിൽ കയറി മനുവിന്റെ ബൈക്കിന്റെ പിന്നാലെ പോകുകയും ചെയ്തു.
ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ ഇടിച്ചുവീഴ്ത്തുകയായിരുന്നു. പക്ഷേ, മനു റോഡരികിലേക്ക് തെറിച്ചുവീണു. വീണ്ടും ഇടിക്കാനുള്ള ശ്രമവും നടന്നില്ല. മുന്നോട്ടു പോയ കാർ തിരികെയെത്തി വീണ്ടും ഇടിക്കാൻ ശ്രമിച്ചെങ്കിലും മറ്റൊരു കാർ സമീപത്തു നിർത്തിയതോടെ ഇവർ കടന്നുകളഞ്ഞു. സംഘം കരിക്കോട് സ്വദേശിയുടെ കാർ വാടകക്കെടുക്കുകയായിരുന്നു.
കാർ തിരികെ നൽകിയശേഷം കോയമ്പത്തൂരിലേക്കു കടന്ന അമലിനെ അവിടെനിന്നാണ് പൊലീസ് പിടികൂടിയത്. അമൽ വലയിലായതോടെ മറ്റു പ്രതികളെ തിരിച്ചറിയുകയും പിടികൂടുകയും ചെയ്തു. ജി. അരുൺ, എസ്.ഐ എ. അനീസ്, എ.സി.പി.ഒമാരായ ആർ. പ്രദീപ് മാർ, ഗിരീഷ്, സി.പി.ഒമാരായ ശിവപ്രസാദ്, കിരൺ, വിനീത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.