കൊട്ടാരക്കര: ലോകകപ്പ് ഫുട്ബാൾ മത്സര പ്രദർശനത്തിനിടെയുണ്ടായ ഏറ്റുമുട്ടലിൽ രണ്ടുപേർക്കെതിരെ കേസെടുത്തു. ഞായറാഴ്ച രാത്രി പൂവറ്റൂർ ജനത വായനശാലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലോകകപ്പ് ഫുട്ബാൾ പ്രദർശനത്തിനിടെ കളി കാണുന്നതിനിടെയായിരുന്നു സംഭവം.
ഡി.വൈ.എഫ്.ഐ, എ.ഐ.എസ്.എഫ് പ്രവർത്തകരാണ് സംഘർഷത്തിൽ ഏർപ്പെട്ടത്. ഇരുകൂട്ടർക്കുമെതിരെ പൊലീസ് കേസെടുത്തു. പൂവറ്റൂർ ഈസ്റ്റ് പുതുവൽ പുത്തൻവീട്ടിൽ രാഹുൽ (35), പൂവറ്റൂർ സ്വദേശി ഹരി എന്നിവർക്കെതിരെയാണ് പുത്തൂർ പൊലീസ് കേസെടുത്തത്.
അർജന്റീനയുടെ കൊടി ഉയർത്തിയതിനെച്ചൊല്ലിയായിരുന്നു തർക്കം. തുടർന്ന് ഇരുവരും തമ്മിൽ തർക്കവും അടിയുമുണ്ടായി. നാട്ടുകാർ ഇരുവരെയും പിടിച്ചുമാറ്റി. കളി കഴിഞ്ഞ് ഹരി സുഹൃത്തിന്റെ കാറിൽ പോകവെ, പെരുംകുളം ഭാഗത്തുവെച്ച് രാഹുൽ ബൈക്കിൽ കൂട്ടുകാർക്കൊപ്പം എത്തി കാർ തടയുകയായിരുന്നു. കാറിന്റെ മുൻ വശത്തെയും പിൻ ഭാഗത്തെയും ഗ്ലാസുകൾ അടിച്ചു തകർത്തു.
നാലുപേർക്ക് ചെറിയ രീതിയിൽ പരിക്കേറ്റു. പരിക്കേറ്റ രാഹുൽ, ഹരി, സുബിൻ, ഇയാളുടെ സുഹൃത്ത് വൈശാഖ് എന്നിവരെ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യക്തിവൈരാഗ്യമാണ് അടിയിൽ കലാശിച്ചതെന്ന് പുത്തൂർ എസ്.ഐ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.