കൊട്ടാരക്കര: കുളക്കട സി.എച്ച്.സിയിൽ ഒമ്പതാം ക്ലാസുകാരന് മരുന്ന് മാറി ലോഷൻ നൽകിയതായി പരാതി. തുടർന്ന്, വിദ്യാർഥിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുളക്കട കുറ്ററ നെടുവേലിക്കുഴി വീട്ടിൽ അനിൽകുമാർ-ശുഭ ദമ്പതികളുടെ മകൻ ആഷിഖിനെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഞായറാഴ്ച രാവിലെ പനിയെ തുടർന്ന് ആഷിഖും അച്ഛൻ അനിൽകുമാറും കുളക്കട സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തി. ഡോക്ടറെ കണ്ട് ആശുപത്രിയിലെ ഡിസ്പെൻസറിയിലെത്തി. പനിക്കുള്ള ഗുളികകൾ നൽകിയ ശേഷം മരുന്നിനായി അധികൃതർ കുപ്പി ആവശ്യപ്പെട്ടു. തുടർന്ന് ആഷിഖും അച്ഛനും ചേർന്ന് സമീപത്തെ കടയിൽ നിന്ന് കാശ് കൊടുത്ത് കുപ്പി വാങ്ങി. ഈ കുപ്പി കഴുകിയാണ് മരുന്നിന് നൽകിയത്.
വീട്ടിലെത്തി മരുന്ന് കുടിച്ചപ്പോൾ തൊണ്ടയും നെഞ്ച് ഭാഗവും പൊള്ളുന്നതായി ആഷിഖ് അമ്മ ശുഭയോട് പറഞ്ഞു. തുടർന്ന് കുപ്പി പരിശോധിച്ചപ്പോൾ ലോഷന്റെ മണം അനുഭവപ്പെട്ടു. ആഷിഖിന് വയറിളക്കവും ഛർദിയുമുണ്ടായി.
വീട്ടുകാർ കുട്ടിയെ മരുന്നുകുപ്പിയുമായി കൊട്ടാരക്ക താലൂക്ക് ആശുപത്രിയിലെത്തിച്ചു. വിവരം അറിഞ്ഞ ഡോക്ടന്മാർ ഉടനെ ട്യൂബിട്ട് വയർ വൃത്തിയാക്കി. മൂക്കിലൂടെ ട്യൂബിട്ടിരിക്കുന്ന കുട്ടിക്ക് ഇപ്പോൾ ഉമിനീര് പോലും ഇറക്കാൻ കഴിയാത്ത അവസ്ഥയാണ്.
താലൂക്ക് ആശുപത്രി അധികൃതർ നടത്തിയ പരിശോധനയിൽ കുപ്പിയിൽ ലോഷൻ ഉള്ളതായി കണ്ടെത്തി. എന്നാൽ, മരുന്ന് മാറി ലോഷൻ നൽകിയിട്ടില്ലെന്നും മറ്റുള്ള രോഗികൾ പരാതിയുമായി വന്നിട്ടില്ലെന്നും കുളക്കട സാമൂഹികാരോഗ്യ കേന്ദ്രം അധികൃതർ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പുത്തൂർ പൊലീസ്, മെഡിക്കൽ ഓഫിസർ എന്നിവർക്ക് പരാതി നൽകുമെന്ന് അഷിഖിന്റെ വീട്ടുകാർ പറഞ്ഞു. കുളക്കട ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ് ആഷിഖ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.