കൊട്ടാരക്കര: ഡോ. വന്ദനദാസിനെ കൊലപ്പെടുത്തിയിട്ട് ഒരാണ്ട് പിന്നിട്ടതിന് പിന്നാലെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അതിക്രമത്തിന്റെ തനിയാവർത്തനം. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും നഗരസഭ കൗൺസിലറുമായ പവിജയും ഡി.വൈ.എഫ്.ഐ ഏരിയ കമ്മിറ്റി മുൻ അംഗവും ഭർത്താവുമായ സുമേഷും ഉൾപ്പെട്ട സംഘം താലൂക്ക് ആശുപത്രി സെക്യൂരിറ്റി ജീവനക്കാർക്കുനേരെ അതിക്രമം അഴിച്ചുവിട്ടത് കഴിഞ്ഞ ദിവസമാണ്. ഇതിൽ ഏഴു സെക്യൂരിറ്റി ജീവനക്കാർക്ക് പരിക്കേറ്റു.
ആറുമാസം മുമ്പ് സെക്യൂരിറ്റി ജീവനക്കാരന്റെ തലയിൽ കല്ലുകൊണ്ട് ഇടിച്ച് പരിക്കേൽപ്പിച്ചത് ഇവിടുത്തെ അതിക്രമത്തിന്റെ മറ്റൊരു ഉദാഹരണം. ഡോ. വന്ദനദാസ് കൊല്ലപ്പെട്ട സംഭവത്തിനുശേഷം കൂടുതൽ സെക്യൂരിറ്റി ജീവനക്കാരെ നിയമിച്ചിരുന്നു. എന്നാൽ, ഇവർക്ക് ജീവന് ഭീഷണിയാകുന്ന സംഭവങ്ങളാണ് പുറത്തുവരുന്നത്. ചുരുങ്ങിയ കാലത്തിനുള്ളിൽ അതിക്രമവുമായി ബന്ധപ്പെട്ട് 70 തവണയാണ് ആശുപത്രി ജീവനക്കാർ പ്രതിഷേധ യോഗം ചേർന്നത്. രാത്രിയിൽ മദ്യലഹരിയിൽ ആശുപത്രിയിൽ എത്തുന്നവരാണ് പ്രശ്നക്കാരിൽ ഭൂരിപക്ഷവും.
സെക്യൂരിറ്റി ജീവനക്കാർക്ക് പലപ്പോഴും ഇവരെ നിയന്ത്രിക്കാനാവുന്നില്ല. ആശുപത്രിയിൽ പൊലീസ് എയ്ഡ് പോസ്റ്റ് ഉണ്ടെങ്കിലും ഒരാൾ മാത്രമാണ് അവിടുള്ളത്. രാത്രിയിൽ കൂടുതൽ പൊലീസുകാരെ നിയമിക്കണമെന്ന ആവശ്യം അധികൃതർ അവഗണിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.