കൊട്ടാരക്കര: മധ്യസ്ഥത പറയാനെത്തിയ, ശാരീരിക വെല്ലുവിളി നേരിടുന്ന മുൻ നഗരസഭ കൗൺസിലറെ ക്രൂരമായി ആക്രമിച്ചതായി പരാതി. തടസ്സം പിടിക്കാനെത്തിയ സ്ഥലവാസിയെയും ഗുണ്ടകൾ തല്ലിച്ചതച്ചു.
ദലിതനായ മുൻ നഗരസഭാ കൗൺസിലർ പുലമൺ സുരഭിനഗർ ചരുവിള പുത്തൻ വീട്ടിൽ സുരേഷ് (54), അതിരാഭവനിൽ അമ്പിളി (46) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുരേഷിെൻറ പല്ലുകൾ നഷ്ടമാകുകയും ശരീരമാസകലം മുറിവേൽക്കുകയും ചെയ്തു. അമ്പിളിയുടെ തലക്കും കൈകാലുകൾക്കുമാണ് പരിക്ക്.
തിരുവനന്തപുരത്ത് താമസിക്കുന്ന പുലമൺ കോളജ് വാർഡിലുള്ള വ്യക്തിയും സംഘവുമാണ് ആക്രമിച്ചതെന്ന് പരാതിയിൽ പറയുന്നു. കോളജ് ജങ്ഷനിലെ വസ്തുവിൽ ഡെപ്പോസിറ്റും വാടകയും നൽകി 35 വർഷമായി കടകൾ നടത്തിവരുന്ന പ്രദേശവാസികളായ ഹനീഫയും കൊച്ചു ചെറുക്കനും ഒഴിയണമെന്ന് ഉടമ ആവശ്യപ്പെട്ടിരുന്നത്രെ.
ഡെപ്പോസിറ്റ് തിരികെ നൽകിയാൽ കടകൾ ഒഴിയാമെന്ന് നടത്തിപ്പുകാർ സമ്മതിച്ചു. എന്നാൽ, കഴിഞ്ഞദിവസം തിരുവനന്തപുരത്തു നിന്ന് സ്ഥലയുടമ ഗുണ്ടകളുമായെത്തി ആക്രമണം നടത്തുകയായിരുന്നത്രെ. ഇത് തടയാൻ ചെന്നപ്പോഴാണ് സുരേഷിനു നേരെ ആക്രമണമുണ്ടായത്. കൊട്ടാരക്കര പോലീസ് പ്രതികൾക്കായി തിരച്ചിലാരംഭിച്ചു. സി.പി.ഐ പ്രവർത്തകനാണ് മർദനമേറ്റ മുൻ കൗൺസിലർ സുരേഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.