കൊട്ടാരക്കര: കർണാടകയിൽ കിണർ തൊടി നിർമാണത്തിന് പോയി കാണാതാകുകയും പിന്നീട് മരിച്ചെന്ന് വിവരം ലഭിക്കുകയും ചെയ്തയാളുടെ മൃതദേഹം നാട്ടിലെത്തിക്കാതെ സംസ്കരിച്ച സംഭവത്തിൽ കൊട്ടാരക്കര പൊലീസ് അന്വേഷണം ഊർജിതമാക്കി. കർണാടക പൊലീസുമായി ചേർന്ന് വിശദമായ അന്വേഷണം നടത്തുകയാണെന്ന് കൊട്ടാരക്കര സി.ഐ പറഞ്ഞു. വാളകം ഇടയം കോളനി കാവിലഴികത്തുവീട്ടിൽ ഗോപാലന്റെ (58) മൃതദേഹമാണ് നാട്ടിലെത്തിക്കാതെ കർണാടകയിൽ സംസ്കരിച്ചത്. കർണാടകയിലെ അഗുംബെയിലെ പൊലീസുമായി കൊട്ടാരക്കര പൊലീസ് ബന്ധപ്പെട്ടപ്പോൾ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്ന ശേഷമേ മരണകാരണത്തിൽ വ്യക്തത വരൂ എന്ന മറുപടിയാണ് ലഭിച്ചത്.
കഴിഞ്ഞ ആഗസ്റ്റിലാണ് നാട്ടുകാരനായ കരാറുകാരനൊപ്പം ഗോപാലൻ കർണാടക ഷിമോഗയിലെ അഗുംബെയിലേക്ക് പോയത്. തിങ്കളാഴ്ചയാണ് നാട്ടിലുള്ള ബന്ധുക്കളെ കർണാടകയിലെ മലയാളി തൊഴിലാളികൾ മരണവിവരം ഫോണിലൂടെ അറിയിച്ചത്. ഉറക്കഗുളിക അധികം കഴിച്ചതാണ് മരണകാരണമെന്നാണ് കർണാടകയിൽ ഒപ്പമുണ്ടായിരുന്നവർ പറയുന്നത്. ബന്ധുക്കളെന്ന പേരിൽ മൃതദേഹം ആരോ വാങ്ങി സംസ്കരിച്ചതിന് ശേഷമാണ് നാട്ടിൽവിവരമറിഞ്ഞത്. മരണ വിവരം വീട്ടുകാരെ അറിയിക്കാതെ മൃതദേഹം സംസ്കരിച്ചതിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. വീട്ടുകാർ കരാറുകാരനുമായി ബന്ധപ്പെട്ടപ്പോൾ ചിതാഭസ്മം വർക്കലയിൽ ഒഴുക്കാമെന്ന അവ്യക്തമായ മറുപടി പറഞ്ഞ് ഒഴിയുകയായിരുന്നു എന്നും ആരോപണമുണ്ട്.
സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഗോപാലന്റെ മക്കളായ ഗോപൻ, ഗോപിക എന്നിവർ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകാൻ തീരുമാനിച്ചിരിക്കുകയാണ്. മരണവിവരം ബന്ധുക്കളെ അറിയിക്കാതെ മറച്ചുെവച്ച തൊഴിലുടമക്ക് എതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ദുരൂഹത നീക്കണമെന്നും പട്ടികജാതി മോർച്ച ജില്ല പ്രസിഡന്റ് ബി. ബബുൽദേവ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.