കൊട്ടാരക്കര: കൊട്ടാരക്കര ബൈപാസിന് സാദ്ധ്യതയേറി; ഭൂമി ഏറ്റെടുക്കലടക്കം ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് 300 കോടി രൂപ അനുവദിച്ചു. 2.78 കിലോമീറ്റർ നീളത്തിലാണ് ബൈപ്പാസ് നിർമിക്കേണ്ടത്. ഇതിനായി ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങി. എം.സി റോഡിൽ കരിക്കത്തിന് സമീപം പൂർണപ്രകാശ് ഹോട്ടലിന് സമീപത്തുനിന്ന് തുടങ്ങി മൈലം വില്ലേജ് ഓഫിസിന് സമീപം എത്തിച്ചേരും വിധമാണ് ബൈപാസ് നിർമിക്കുക. പുലമൺ പാലത്തിനപ്പുറത്തായി മേൽപാലം നിർമിക്കേണ്ടതുണ്ട്. ഇതടക്കം രൂപരേഖ തയ്യാറാക്കിക്കഴിഞ്ഞു. ഏറ്റെടുക്കേണ്ട ഭൂമിയുടെ ഏകദേശ ധാരണ കൈവന്നിട്ടുണ്ട്. ഇനി നടപടിക്രമങ്ങൾ പൂർത്തിയാക്കി ഭൂമിയുടെ ഉടമകളുമായി ധാരണയെത്തണം. നിയമപ്രകാരമുള്ള നടപടി ക്രമങ്ങൾക്ക് മാസങ്ങളെടുക്കും.
ഈ വർഷം അവസാനത്തോടെ ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളാമെന്നാണ് പ്രതീക്ഷ. ഏറ്റെടുക്കുന്ന ഭൂമിയിലെ കെട്ടിടങ്ങളുടെ പട്ടികയടക്കം തയ്യാറാക്കിയിട്ടുണ്ട്. ഇതിന് വില നിശ്ചയിക്കൽ നടപടികളാണ് ഇനി നടക്കേണ്ടത്. സ്ഥലം ഏറ്റെടുപ്പിന് 110.36 കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു.
എം.സി റോഡും ദേശീയപാതയും സംഗമിക്കുന്ന പ്രധാന പട്ടണമാണ് കൊട്ടാരക്കര. ഇവിടെ റോഡ് വികസനം നടന്നിട്ട് കാലങ്ങളായി. ഇടുങ്ങിയ പട്ടണത്തിലെ ഗതാഗതക്കുരുക്ക് ഗുരുതര പ്രശ്നമാണ്. ഇതേത്തുടർന്ന് പുലമൺ കവലയിൽ മേൽപ്പാലം നിർമിക്കാൻ പദ്ധതി തയ്യാറാക്കിയിരുന്നു. അതെല്ലാം മാറ്റിക്കൊണ്ടാണ് ബൈപാസ് നിർമ്മിക്കാൻ തീരുമാനമെടുത്തത്. കേരള റോഡ് ഫണ്ട് ബോർഡിനാണ് നിർമാണത്തിനുള്ള മേൽനോട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.