കൊട്ടാരക്കര: എം.സി റോഡിന് സമാന്തരമായി നിർമിക്കുന്ന നാലു വരി ബൈപാസിന്റെ ഭൂമി നിർണയിക്കുന്നതിനുള്ള കല്ലിടീൽ നടപടികൾക്ക് വിവാദങ്ങളോടെ തുടക്കം. ആദ്യ അലൈമെന്റിൽ മാറ്റം വരുത്തിയെന്നാരോപിച്ച് വ്യാപാരികൾ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. എന്നാൽ അലൈൻമെന്റിൽ മാറ്റം ഉണ്ടായിട്ടില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. പുലമൺ തോട് പരിസരത്തെ പുറമ്പോക്കിലൂടെയാകും ബൈപാസിന്റെ മിക്ക ഭാഗങ്ങളും കടന്നുപോകുന്നതെന്നായിരുന്നു മന്ത്രി കെ.എൻ ബാലഗോപാലിന്റെ പ്രഖ്യാപനം. രണ്ട് വലിയ കെട്ടിടങ്ങൾ ഉൾപ്പെടെ 12 സ്ഥാപനങ്ങൾ പൊളിച്ചു മാറ്റപ്പെടുമെന്ന രീതിയിലായിരുന്നു പ്രചാരണം. 2.65 കി.മീ ദൂരത്തിലാണ് സമാന്തരപാത നിർമിക്കുന്നത്.
പുലമൺ ജങ്ഷനിലെ ഗതാഗതക്കുരുക്ക് പൂർണമായും ഒഴിവാക്കുകയാണ് ലക്ഷ്യം. 56 കോടി രൂപ ചെലവിൽ മേൽപ്പാലം നിർമിക്കാനുള്ള പദ്ധതി ഉപേക്ഷിച്ചാണ് സമാന്തര പാതയുമായി മുന്നോട്ട് പോയത്. ഒമ്പതുമാസം സർവേ നടത്തി. കഴിഞ്ഞ ആഴ്ച ആരംഭിച്ച അതിർത്തി കല്ലിടീൽ നടപടികൾ അന്തിമ ഘട്ടത്തിലേക്ക് നീങ്ങുകയാണ്. ചില ഉന്നതരെ സഹായിക്കാൻ അലൈൻമെന്റ് മാറ്റിയെന്നാണ് പുലമണിലെ ഒരു വിഭാഗം വ്യാപാരികളുടെ ആരോപണം. ആക്ഷൻ കൗൺസിൽ രൂപീകരിച്ച് സമരം ആരംഭിക്കുമെന്ന് വ്യാപാരികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.