കൊട്ടാരക്കര: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ബൈപാസ് നിർമിക്കാനുള്ള പദ്ധതിക്കെതിരെ വിമർശനവുമായി കെ.ബി. ഗണേഷ് കുമാർ എം.എൽ.എ രംഗത്ത്. ബൈപാസ് കൊട്ടാരക്കരയെ നശിപ്പിക്കുമെന്നും നമ്മുടെ ആയുസ്സ്കാലത്ത് യാഥാർഥ്യമാകുമെന്ന് പ്രതീക്ഷിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.
താഴേകരിക്കത്തുനിന്ന് വയലിലൂടെ എസ്.ജി കോളജ് ഭാഗത്തെത്തി അവിടെനിന്ന് മൈലത്തെത്തുന്ന രീതിയിലാണ് ബൈപാസ്. താഴേകരിക്കം മുതൽ മൈലംവരെയുള്ള സർവ കച്ചവടങ്ങളും നശിപ്പിക്കും. വാഹനവിൽപന ഷോറൂമുകൾ, ഹോട്ടലുകൾ തുടങ്ങിയ പ്രമുഖ കച്ചവട സ്ഥാപനങ്ങളൊക്കെ ഇവിടെയാണ്.
ബൈപാസെത്തിയാൽ ബാറിൽ പോകേണ്ടവർ മാത്രമേ പട്ടണത്തിൽ വരൂ. തിരുവല്ല ബൈപാസ് പോലെ പ്രയോജനമില്ലാതെയാകും. ഇടത്തെ കാലിലെ മന്ത് വലത്തേ കാലിലേക്ക് മാറ്റുന്നതുപോലെയാകും എസ്.ജി കോളജിലെ അവസ്ഥയെന്നും ഗണേഷ്കുമാർ വിമർശിച്ചു.
പുലമണിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ മേൽപാലമെന്ന നിർദേശം ആദ്യം മുന്നോട്ടുവെച്ചത് ഗണേഷ്കുമാർ ആയിരുന്നു. രാമേശ്വരത്തേതു പോലെ ലോഹപ്പാലം നിർമിക്കണമെന്നായിരുന്നു നിർദേശം.
കഴിഞ്ഞ സർക്കാറിന്റ കാലത്ത് ഇതിനായി കൊട്ടാരക്കര എം.എൽ.എ ആയിരുന്ന പി. അയിഷാപോറ്റിയെയും ഉദ്യോഗസ്ഥരെയും കൂട്ടി രാമേശ്വരത്തുപോയി ലോഹമേൽപാലം സന്ദർശിക്കുകയും ചെയ്തു. പാലത്തിന്റെ രൂപരേഖ ഉൾപ്പെടെ തയാറാക്കിയെങ്കിലും പിന്നീട് ലോഹപ്പാലമെന്നത് കോൺക്രീറ്റ് പാലമായി മാറി. പൊതുമരാമത്ത് വകുപ്പ് തയാറാക്കിയ 60 കോടി രൂപയുടെ പദ്ധതിക്ക് സർക്കാർ അനുമതിയും ലഭിച്ചു. മണ്ണു പരിശോധന ഉൾപ്പെടെ പൂർത്തിയാക്കി.
പാലം നിർമാണത്തിനെതിരെ നഗരത്തിലെ വ്യാപാരികളിൽ ഒരുവിഭാഗം രംഗത്തുവന്നിരുന്നു. രവി നഗറിൽനിന്ന് ആരംഭിച്ച് കുന്നക്കര വരെ 700 മീറ്റർ നീളത്തിൽ പാലം നിർമിച്ചാൽ എം.സി റോഡിലൂടെയെത്തുന്ന ദീർഘ ദൂര വാഹനങ്ങൾക്ക് പുലമൺ ജങ്ഷനിൽ ഇറങ്ങാതെ കടന്നുപോകാം.
പാലം നിർമാണത്തിനുള്ള നീക്കങ്ങൾ സജീവമാകുമ്പോൾത്തന്നെയാണ് ബൈപാസ് നിർമാണത്തിനായി മന്ത്രി കെ.എൻ. ബാലഗോപാൽ മുന്നിട്ടിറങ്ങിയത്. സാധ്യത പഠനത്തിനുശേഷം കിഫ്ബിയിൽ ഉൾപ്പെടുത്തി ബൈപാസ് നിർമിക്കാൻ തീരുമാനമെടുക്കുകയും സ്ഥലമേറ്റെടുക്കലിനായി 110.36 കോടി രൂപ അനുവദിക്കുകയും ചെയ്തു.
മൂന്ന് കിലോമീറ്റർ നീളത്തിൽ ബൈപാസ് യാഥാർഥ്യമാക്കാൻ 325 കോടി രൂപയാണ് കണക്കാക്കുന്നത്. 1.2 കിലോമീറ്റർ നീളം മേൽപാലത്തിലുൾപ്പെടെ നാലുവരിപ്പാതയാണ് ലക്ഷ്യമിടുന്നത്.
കൊട്ടാരക്കര വികസന സെമിനാറിലെ പ്രധാന നിർദേശമായി ബൈപാസ് നിർമാണം ഉയർന്നതോടെയാണ് സാമ്പത്തിക പ്രതിസന്ധിക്കിടയിലും കൊട്ടാരക്കര ബൈപാസിന് മന്ത്രിയുടെ പ്രത്യേക താൽപര്യപ്രകാരം അനുമതി ലഭിച്ചത്. അന്തിമ രൂപരേഖ ഉൾപ്പെടെ തയാറാക്കുന്നതിനിടയിലാണ് കേരള കോൺഗ്രസ് (ബി) ചെയർമാൻ കെ.ബി. ഗണേഷ് കുമാർ എം.എൽ.എയുടെ വിമർശനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.