കൊട്ടാരക്കര: എൽ.ഡി.എഫിലെ തർക്കങ്ങളിൽപെട്ട് അനിശ്ചിതത്വത്തിലായ നെടുവത്തൂർ ശുദ്ധജല പദ്ധതിയുടെ ഭൂമി വാങ്ങലിന് ഉടൻ നടപടി സ്വീകരിക്കാൻ കൊട്ടാരക്കര നഗരസഭക്ക് ജില്ല ഭരണകൂടത്തിന്റെ നിർദേശം. ഉദ്യോഗസ്ഥരുടെ നിലപാടിനെച്ചൊല്ലി കൊട്ടാരക്കര നഗരസഭ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർ തമ്മിലുള്ള തർക്കമുണ്ട്. കലക്ടർ നഗരസഭ ഉദ്യോഗസ്ഥനെ താക്കീത് ചെയ്തതായാണ് വിവരം.
കൊട്ടാരക്കര - നെടുവത്തൂർ ശുദ്ധജല പദ്ധതിയുടെ ശുചീകരണ പ്ലാന്റിന് ഒരേക്കറിലേറെ സ്ഥലമാണ് വേണ്ടത്. മൂന്ന് വസ്തുക്കൾ പരിഗണനയിലാണ്. വസ്തു വാങ്ങുന്നതിനെച്ചൊല്ലി എൽ.ഡി.എഫ് പലതട്ടിലാണ്. ഇതേ പദ്ധതിയുടെ ഭാഗമായി ടാങ്ക് സ്ഥാപിക്കാൻ സമീപ പഞ്ചായത്തായ നെടുവത്തൂരിൽ സ്ഥലം വാങ്ങി നടപടികൾ പൂർത്തിയാക്കി. ആറു മാസമായി ഒരു നടപടിപോലും കൊട്ടാരക്കര നഗരസഭ പൂർത്തിയാക്കിയിട്ടില്ല.
പദ്ധതി നടത്തിപ്പിനായി റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി 32 കോടി രൂപ മന്ത്രി കെ.എൻ. ബാലഗോപാൽ അനുവദിച്ചിരുന്നു. ഫണ്ട് ലാപ്സാകാൻ സാധ്യത വർധിച്ചു. പദ്ധതിയുടെ ട്രീറ്റ് മെന്റ് പ്ലാന്റിനായി സ്ഥലം നൽകേണ്ടത് കൊട്ടാരക്കര നഗരസഭയാണ്.
ആദ്യം വാങ്ങാൻ നിശ്ചയിച്ച ഭൂമി ജപ്തിയിൽപെട്ടതിനാൽ ഉപേക്ഷിക്കേണ്ടിവന്നതാണ് കാലതാമസത്തിന് ഇടയാക്കിയതെന്നാണ് നഗരസഭയുടെ വാദം. ഉപയോഗക്ഷമത കുറഞ്ഞ ഭൂമി പട്ടികയിൽ ഉൾപ്പെടുത്തിയ ജലവിഭവ വകുപ്പ് നടപടി പദ്ധതി വീണ്ടും വൈകിപ്പിച്ചെന്നും കൊട്ടാരക്കര നഗരസഭ അധികൃതർ പറയുന്നു.
എന്നാൽ, മുൻഗണന പ്രകാരമാണ് പട്ടിക നൽകിയതെന്നും തീരുമാനമെടുക്കേണ്ടത് കൊട്ടാരക്കര നഗരസഭയാണെന്നുമാണ് ജലവിഭവ വകുപ്പ് പ്രോജക്ട് ഡിവിഷന്റെ വിശദീകരണം. പദ്ധതിയുടെ ഭാഗമായതോടെ നെടുവത്തൂർ പഞ്ചായത്തിലും പ്രതിസന്ധി രൂക്ഷമായി. പൈപ്പ് സ്ഥാപിക്കാനായി റോഡുകൾ കുത്തിപ്പൊളിച്ച നിലയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.