കൊട്ടാരക്കര: ആറ്റുവാശ്ശേരി-ഞാങ്കടവ് റോഡിലൂടെ യാത്ര ചെയ്യുന്നവർ കളിത്തട്ട് കഴിഞ്ഞാൽ അറിയാതെ മൂക്കുപൊത്തിപ്പോകും. റോഡിന്റെ ഇരുവശവും തള്ളിയിരിക്കുന്ന മാലിന്യം ചീഞ്ഞുനാറുന്നതാണ് കാരണം. പവിത്രേശ്വരം ഗ്രാമപഞ്ചായത്തും കുളക്കട ഗ്രാമപഞ്ചായത്തും അതിർത്തി പങ്കിടുന്ന ഭാഗങ്ങളിലെ ആളൊഴിഞ്ഞ പ്രദേശങ്ങളാണ് മാലിന്യംതള്ളൽ മാഫിയയുടെ ഇഷ്ടകേന്ദ്രങ്ങൾ.
മാലിന്യം നിറച്ച നൂറുകണക്കിന് പ്ലാസ്റ്റിക് ചാക്കുകളാണ് ഇവിടെ കിടക്കുന്നത്. മദ്യക്കുപ്പികളുടെ വലിയ കൂമ്പാരങ്ങൾ വേറെയും. ഇതിനുപുറമേ രാത്രിയുടെ മറവിൽ മാംസാവശിഷ്ടങ്ങൾ, കച്ചവടകേന്ദ്രങ്ങളിലെ അവശിഷ്ടങ്ങൾ എന്നിവയും തള്ളാറുണ്ട്.
ഇഷ്ടികച്ചൂളക്കായി വർഷങ്ങൾക്ക് മുമ്പ് കൃഷിയിടങ്ങൾ കുഴിച്ചുണ്ടായ വലിയ വെള്ളക്കെട്ടാണ് റോഡിനിരുവശവും. ഇതിലാകെ പ്ലാസ്റ്റിക് കുപ്പികൾ നിറഞ്ഞ നിലയിലാണ്. മാലിന്യച്ചാക്കുകൾ ഇതിൽ ഒഴുകിനടക്കുന്നതും പതിവ് കാഴ്ചയാണ്.
പ്രദേശത്തെ ഏലാകളിലേക്കും മറ്റ് കൃഷിയിടങ്ങളിലേക്കും വെള്ളമെത്തിക്കാൻ സഹായിച്ചിരുന്ന മങ്കാട്ടിൽ തോട്ടിലേക്കും മാലിന്യം തള്ളാറുണ്ട്. ഇതെല്ലാം കല്ലടയാറ്റിലേക്കാണ് ഒഴുകിയിറങ്ങുന്നത്. വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് ഇത് കാരണമാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ. മാംസാവശിഷ്ടങ്ങളും ഭക്ഷ്യവസ്തുക്കളുടെ അവശിഷ്ടങ്ങളും നിറഞ്ഞുകിടക്കുന്നതിനാൽ തെരുവുനായ്ക്കളുടെ ശല്യവുമുണ്ട്. പലയിടത്തുനിന്നും നായ്ക്കുട്ടികളെയും പൂച്ചക്കുട്ടികളെയും ഇവിടെ ഉപേക്ഷിക്കുന്നവരുമുണ്ട്.
മാലിന്യക്കെട്ടുകൾക്കിടയിൽ ഇവ ചത്തുകിടന്ന് ചീഞ്ഞുനാറുന്നതും പതിവാണ്. ആറ്റുവാശ്ശേരിയിലെ മാലിന്യംതള്ളൽ മാഫിയയെ തുരത്താൻ അടിയന്തര നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
നിലവിലെ മാലിന്യം സുരക്ഷിതമായി മറവുചെയ്യാൻ സംവിധാനമൊരുക്കുക, റോഡരികിലെ കാടുകൾ വെട്ടിത്തെളിക്കുക, ബോർഡുകളും കാമറകളും സ്ഥാപിക്കുക, പൊലീസ് നിരീക്ഷണം ശക്തമാക്കുക എന്നിവയാണ് ഗ്രാമവാസികൾ മുന്നോട്ടുവെക്കുന്ന പരിഹാര നിർദേശങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.